ഭാരതീയ ന്യായ സംഹിത പരിഷ്‌കരിക്കും; വ്യാജ നോട്ട് നിര്‍മാണം ഭീകരവാദ പ്രവര്‍ത്തനമാകും

ന്യൂഡല്‍ഹി | വ്യാജ കറന്‍സി കേസുകള്‍ ഉള്‍പ്പെടുത്തി ‘ഭീകരവാദ പ്രവര്‍ത്തനം’ പുനര്‍നിര്‍വചിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐ പി സി നിയമങ്ങള്‍ക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) യിലാണ് പുതിയ നിര്‍വചനം ചേര്‍ത്തിരിക്കുന്നത്.

വ്യാജ നോട്ട് പ്രചരിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പരുക്കേല്‍പ്പിക്കല്‍, പൊതുപ്രവര്‍ത്തകന്റെ മരണത്തിന് കാരണമാകല്‍ തുടങ്ങിയ നടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തികവും പണപരവുമായ സുരക്ഷക്ക് ഭീഷണി ഉള്‍പ്പെടെയുള്ളവ ഭീകരപ്രവര്‍ത്തനമാണെന്ന് നിര്‍വചനത്തില്‍ പറയുന്നു.

ബില്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും സൂക്ഷ്മപരിശോധനക്ക് വേണ്ടി പാര്‍ലിമെന്ററി സമിതിക്ക് വിട്ടിരുന്നു. സമിതിയുടെ ശിപാര്‍ശകള്‍ ചേര്‍ക്കുന്നതിനായി കഴിഞ്ഞ ദിവസം ബില്‍ പിന്‍വലിക്കുകയും ചെയ്തു.

ഐ പി സി, സി ആര്‍ പി സി, തെളിവ് നിയമം എന്നിവക്ക് പകരമായി കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളുടെയും പരിഷ്‌കരിച്ച പതിപ്പുകള്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിതയുടെ 113ാം വകുപ്പ് പ്രകാരം, വ്യാജ ഇന്ത്യന്‍ പേപ്പര്‍ കറന്‍സി നിര്‍മാണം, കള്ളക്കടത്ത്, പ്രചാരം എന്നിവ വഴി രാജ്യത്തിന്റെ പണസ്ഥിരതക്ക് കോട്ടംവരുത്തി ഭീഷണി സൃഷ്ടിക്കുന്നതും ഭീഷണിയാകാന്‍ സാധ്യതയുള്ളതും ഭീകര പ്രവര്‍ത്തനമായി കണക്കാക്കും. ഭീകര പ്രവര്‍ത്തനം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം ശിക്ഷകളാണ് ശിപാര്‍ശ ചെയ്യുന്നത്. ഭീകര പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തുകയോ പ്രേരിപ്പിക്കുകയോ ബോധപൂര്‍വം സൗകര്യം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവിതകാലം മുഴുവന്‍ വരെയുള്ള തടവ് ശിക്ഷയും ശിപാര്‍ശ ചെയ്യുന്നു.

സ്ത്രീപീഡന നിര്‍വചനം മാറും
സ്ത്രീകളോടുള്ള ക്രൂരത എന്നതിന്റെ നിര്‍വചനത്തില്‍ ‘മാനസികാരോഗ്യത്തിന് ദോഷം വരുത്തല്‍’ എന്നതും പരിഷ്‌കരിച്ച പതിപ്പില്‍ ഉള്‍പ്പെടുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 85 പ്രകാരം, ഭാര്യയോട് ക്രൂരമായി പെരുമാറുന്ന ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ശിപാര്‍ശ ചെയ്യുന്നു. സ്ത്രീകളോടുള്ള ക്രൂരമായ പെരുമാറ്റം എന്നത് ‘സ്ത്രീയുടെ മാനസികാരോഗ്യത്തെയും ശാരീരിക ക്ഷേമത്തെയും ദോഷകരമായി ബാധിക്കുന്നത്’ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.

 



source https://www.sirajlive.com/indian-code-of-law-will-be-revised-making-counterfeit-notes-will-be-an-act-of-terrorism.html

Post a Comment

أحدث أقدم