ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യവ്യാപകമായ ചര്‍ച്ചകള്‍ അഴിച്ചു വിട്ടിരിക്കുന്നു. നാലഞ്ചു മാസത്തിനകം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ഒരു സെമി ഫൈനല്‍ എന്ന രൂപത്തില്‍ കാണാന്‍ തയ്യാറാകുന്നതിനെ തെറ്റ് പറയാന്‍ കഴിയില്ല. നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് രീതികള്‍ വ്യത്യസ്തമാണെന്ന വാദത്തില്‍ അല്‍പ്പം കഴമ്പുണ്ടെങ്കിലും ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയ പ്രദേശത്തെ ഫലങ്ങളെ പലരും സൂചനകളായി ഗൗരവത്തോടെ കാണുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം പല സൂചനകളും തെറ്റായിരുന്നു എന്നും കാണാം. വാജ്പയ് സര്‍ക്കാറിന്റെ ഭരണത്തെ തുടര്‍ന്ന് നടന്ന 2004ലെ തിരഞ്ഞെടുപ്പില്‍ നിന്ന് തുടങ്ങാം. അന്ന് ഇന്ത്യ തിളങ്ങുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. തൊട്ടു മുമ്പുള്ള വര്‍ഷത്തിന്റെ (2003) അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പി വലിയ വിജയം നേടി. പക്ഷേ 2004ലെ പൊതു തിരഞ്ഞെടുപ്പില്‍ അവര്‍ തോറ്റുപോയി. യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തി.
കോണ്‍ഗ്രസ്സിന്റെ പങ്ക്
2024ലെ പോരാട്ടത്തിലൂടെ ഇന്ത്യയില്‍ അടിസ്ഥാനപരമായ മാറ്റം വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഫലങ്ങള്‍. ഈ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ഒഴിച്ച് മറ്റൊരിടത്തും ജയിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ്സ് തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതി. അവര്‍ക്ക് ഭരണം ഉണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും നഷ്ടപ്പെട്ടു. മധ്യപ്രദേശില്‍ രണ്ട് പതിറ്റാണ്ടായി ഭരിക്കുന്ന ബി ജെ പിയെ പുറത്താക്കണമെന്ന ലക്ഷ്യം സാധ്യമായില്ല. ഇക്കഴിഞ്ഞ വര്‍ഷം നടന്ന ഏഴ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എടുത്താല്‍ കോണ്‍ഗ്രസ്സിന് ബി ജെ പിയേക്കാള്‍ വോട്ട് ലഭിച്ചിട്ടുണ്ട് എന്നും ഇപ്പോള്‍ തോറ്റ സംസ്ഥാനങ്ങളില്‍ പോലും അവരുടെ വോട്ട് ശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതും ആശ്വാസകരമായെന്ന വാദം അംഗീകരിക്കാന്‍ വിഷമമാണ്. കാരണം തിരഞ്ഞെടുപ്പില്‍ സീറ്റുകളാണ് പ്രധാനം. അത് നേടാനുള്ള അളവില്‍ വോട്ട് കൂട്ടണം, അല്ലങ്കില്‍ ഫലമില്ല. വോട്ടുകള്‍ നിലനിര്‍ത്തി എന്നതിനെ പറ്റി ജയ്റാം രമേശിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞതില്‍ അല്‍പ്പം കാര്യമുണ്ട്. അദ്ദേഹം ഇതിനെ കേവലം ആശ്വാസമായി മാത്രമല്ല കാണുന്നത്. മറിച്ച് ഇപ്പോള്‍ ഉള്ള അടിസ്ഥാന വോട്ടുകള്‍ കുറച്ചു കൂടി വര്‍ധിപ്പിച്ച് അടുത്ത നാലഞ്ച് മാസങ്ങള്‍ക്കകം വിജയത്തിലേക്കെത്താന്‍ സഹായകമാക്കണം എന്ന് കൂടിയാണ് അദ്ദേഹത്തിന്റെ താത്പര്യം.
ആഭ്യന്തര വൈരുധ്യങ്ങള്‍
രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്സിന്റെ പ്രശ്നങ്ങളില്‍ പ്രധാനമായത് അവരുടെ ആഭ്യന്തര വൈരുധ്യങ്ങളാണ്. നേതൃ തര്‍ക്കങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടാനും പരിഹാരം കാണാനും അവരുടെ ദേശീയ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ബി ജെ പിയുടെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നു. വസുന്ധരാ രാജയെ പോലുള്ളവര്‍ ഉയര്‍ത്തിയ വിമത ശ്രമങ്ങളെ അവര്‍ ഒരു പരിധി വരെ പ്രതിരോധിച്ചു. കേന്ദ്ര മന്ത്രിമാരും എം പിമാരുമടക്കം ഉന്നത നേതാക്കളെ മത്സരിപ്പിച്ചു കൊണ്ട് മധ്യപ്രദേശില്‍ സീറ്റുകള്‍ കൂടുതലായി പിടിച്ചെടുത്തു. അവര്‍ മത്സരിക്കുന്ന പ്രദേശങ്ങളിലാകെ അവരുടെ പ്രഭാവം ഗുണം ചെയ്തു.
എല്ലാ കക്ഷികളിലും പ്രത്യേകിച്ചും കോണ്‍ഗ്രസ്സില്‍ വിഭാഗീയത എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ ഇടപെട്ടു കൊണ്ട് ശരിയായ തീരുമാനത്തിലേക്കെത്താന്‍ വേണ്ട ശേഷി ഇന്നത്തെ ദേശീയ നേതൃത്വത്തിനില്ല. അവര്‍ കേവലം കാഴ്ചക്കാര്‍ മാത്രമാകുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിലവിലുള്ള മുഖ്യമന്ത്രിമാരെ മുന്നില്‍ നിര്‍ത്തിയതും മധ്യപ്രദേശില്‍ എല്ലാ ചുമതലയും കമല്‍ നാഥിനെ ഏല്‍പ്പിച്ചതും ഉദാഹരണങ്ങള്‍. സംസ്ഥാന നേതാക്കളെ മറികടന്നു കൊണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയണമെങ്കില്‍ തിരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയണം. കര്‍ണാടകയില്‍ സംസ്ഥാന നേതൃത്വത്തെ ഏല്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് ജയിക്കാനായി എന്നതിനാല്‍, അതേ രീതി മറ്റു സംസ്ഥാനങ്ങളിലും തുടര്‍ന്നു.
കോണ്‍ഗ്രസ്സിന് പുറത്തുള്ളവരുടെ വീക്ഷണത്തില്‍ കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം ഇപ്പോഴും നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ കൈയിലാണ്. അത് കുടുംബാധിപത്യമാണെന്നും വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ മറുവശത്ത് സംസ്ഥാന നേതൃത്വങ്ങളെ അവര്‍ നിയന്ത്രിക്കുന്നില്ല എന്ന വിമര്‍ശനവും ശക്തമാകുന്നു. നെഹ്‌റു കുടുംബത്തിന് പാര്‍ട്ടിക്ക് മേല്‍ നിയന്ത്രണം ഉണ്ട് എന്നത് ശരി. പക്ഷേ ഒരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ വേണ്ട സംഘടനാ ബലമോ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ശേഷിയോ മുമ്പെന്ന പോലെ ഇന്നവര്‍ക്കില്ല. രാഹുല്‍ ഗാന്ധി വന്നതിനു ശേഷം അതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് വിജയിപ്പിക്കാന്‍ വേണ്ട സംഘടനാ സംവിധാനം അവര്‍ക്കില്ല.
നരേന്ദ്ര മോദി എന്ന വിഗ്രഹം, അഥവാ മോദി ഗ്യാരണ്ടി
മോദി ഗ്യാരണ്ടി എന്ന മുദ്രാവാക്യം കോണ്‍ഗ്രസ്സിന് എങ്ങനെ നേരിടാന്‍ കഴിയും? മോദി പ്രവര്‍ത്തിക്കുന്നു എന്നതാണ് ബി ജെ പിയുടെ പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. അതിനെ നേരിടുക എന്നതാണ് പ്രശ്നം. എതിര്‍ക്കുന്നവര്‍ക്ക് മോദി ഒരു ഏകാധിപത്യ രൂപമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ മോദി പലതിനെയും പ്രതിനിധാനം ചെയ്യുന്നു. അവയിലെ വൈരുധ്യങ്ങളെ ജനങ്ങള്‍ കാണുന്നില്ല. ഒരേ സമയം ബ്രഹ്മണികതയുടെ വക്താവായും പിന്നാക്ക ജാതിക്കാരനായും മോദി അവതരിപ്പിക്കപ്പെടുന്നു. ഓരോരുത്തരിലേക്കും അവര്‍ക്കിഷ്ടപ്പെടുന്ന രൂപത്തിലുള്ള മോദിയെ എത്തിക്കാനുള്ള സംവിധാനം ബി ജെ പിക്കുണ്ട്. ഇവരുടെ ഹിന്ദുത്വ എന്നതിലെ ആന്തരിക വൈരുധ്യങ്ങള്‍ പുറത്തു കാണിക്കാതെ വ്യത്യസ്ത വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ മോദിക്ക് കഴിയുന്നു. അതാണ് മോദി എന്ന പ്രതിരൂപത്തിന്റെ വിജയമാകുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എല്ലാ കാലാവസ്ഥക്കും അനുയോജ്യനായി മോദി മാറുന്നു. ഉദാഹരണത്തിന് ഒരു വശത്ത് ഒരു കേവല ദരിദ്രനായി, ലളിത ജീവിതം നയിക്കുന്നവനായി, നിസ്വനായി, കേദാര്‍ നാഥിലേക്ക് പോകുന്നവനായി ഒക്കെ കാണിക്കുന്നു. മറുവശത്ത് ഇന്ത്യയിലെ സമ്പത്തിന്റെ നല്ലൊരു പങ്ക് സ്വന്തം ചങ്ങാത്ത മുതലാളിമാര്‍ക്ക് സമാഹരിക്കാന്‍ കഴിയുന്നതില്‍ ഒരു ഖേദവുമില്ലാത്ത വികസന വാദിയായും അവതരിക്കുന്നു. താന്‍ ദരിദ്രനാണെന്നു പറഞ്ഞു കൊണ്ട് പത്ത് ലക്ഷത്തിന്റെ കോട്ടും പതിനായിരങ്ങള്‍ വില വരുന്ന ഷാളും ധരിച്ച് നമ്മുടെ മുന്നില്‍ വരുന്നു. ഈ വൈരുധ്യം സമര്‍ഥമായി മറച്ചു വെക്കപ്പെടുന്നു. മോദി എന്നതൊരു വ്യക്തി മാത്രമല്ല, പുതിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചുരുക്കെഴുത്താണത്. ഇതിനുള്ള പ്രതിപക്ഷത്തിന്റെ മറുപടി ഫലപ്രദമാണോ? ഹിന്ദുത്വക്കു പകരം സാമ്പത്തിക പ്രശ്നങ്ങളാണവര്‍ ഉന്നയിക്കുന്നത്. പക്ഷേ അതില്‍ അവര്‍ക്കെത്ര മാത്രം സ്ഥിരതയുണ്ടെന്നതാണ് പ്രശ്നം.
തന്ത്രങ്ങള്‍ പാളിയോ?
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരില്‍ കൂടുതല്‍ പേരും മോദിയെയാണ് പിന്തുണച്ചത് എന്ന് സര്‍വേകളില്‍ കാണുന്നു. കോണ്‍ഗ്രസ്സ് അതിന്റെ വാഗ്ദാനങ്ങളില്‍ സ്ത്രീകള്‍ക്ക് കാര്യമായ പലതും ഉള്‍പ്പെടുത്തിയിരുന്നു. വീട്ടമ്മമാര്‍ക്ക് ശമ്പളം അടക്കം. എന്നിട്ടും മോദിയുടെ ഗ്യാരണ്ടിയില്‍ അവര്‍ വിശ്വസിച്ചു. അദ്ദേഹം ഉന്നതനായ നേതാവാണ്, പ്രവര്‍ത്തിക്കുന്നവനാണ് തുടങ്ങിയ പ്രതിച്ഛായകള്‍ മൂലമാണിത്. ഇന്ന് ഒരു തരം രക്ഷാകര്‍തൃ സ്വഭാവമുള്ള രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ ഒരു ഭരണാധികാരിയുടെ ഔദാര്യമായി അവതരിപ്പിക്കപ്പെടുന്നു, ഉദാഹരണത്തിന് മോദിയുടെ ലാഡ്‌ലി ബഹന്‍. 2019ല്‍ കോണ്‍ഗ്രസ്സ് തന്നെ മുന്നോട്ടു വെച്ച ന്യായ പദ്ധതി, ഇപ്പോള്‍ മറന്നു എങ്കിലും അത് ഏറെ യുക്തിഭദ്രമാണ്, താത്വികമാണ്, ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ മോദിയുടെ ഗാരണ്ടിയും മറ്റും രക്ഷാകര്‍ത്താവിന്റെ ഔദാര്യമാണ്. ജനങ്ങള്‍ അവകാശത്തേക്കാള്‍ ഔദാര്യത്തെ ഇഷ്ടപ്പെടുന്നു. ഒരു മതേതര ജനാധിപത്യ സര്‍ക്കാറിനേക്കാള്‍ രക്ഷാകര്‍തൃ സര്‍ക്കാറാണ് വേണ്ടതെന്ന ബോധ്യം ജനങ്ങളില്‍ സൃഷ്ടിക്കുന്നതില്‍ ബി ജെ പി നിരന്തരം വിജയിക്കുന്നു.
ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഹിന്ദുത്വ ബിംബങ്ങള്‍ കോണ്‍ഗ്രസ്സും ധാരാളമായി ഉപയോഗിച്ചു. പക്ഷേ ജനങ്ങള്‍ക്ക് സ്വീകാര്യമായത് മോദിയുടെ ഹിന്ദുത്വമാണ്. ഹിന്ദുത്വ അവരുടെ ഒരു കുത്തക പോലെ ആയി. കാരണം മധ്യപ്രദേശില്‍ കുറെ വര്‍ഷങ്ങളായി ഭരിക്കുന്ന കക്ഷി ഉയര്‍ത്തുന്ന ബിംബങ്ങള്‍ തന്നെയാണ് പെട്ടെന്നൊരു ദിവസം കമല്‍നാഥും ഉയര്‍ത്തിയത്. അതെങ്ങനെ ജനങ്ങളെ സ്വാധീനിക്കും?
source https://www.sirajlive.com/future-of-39-india-39.html
Post a Comment