ബില്‍ക്കിസ് ബാനു കേസ്: 11 പ്രതികളും കീഴടങ്ങി

ഗോധ്ര | ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ 11 പ്രതികളും കീഴടങ്ങി. ഞായറാഴ്ച അര്‍ധരാത്രിയോടടുത്താണ് ഗോധ്ര ജയില്‍ അധികൃതര്‍ മുമ്പാകെ പ്രതികള്‍ കീഴടങ്ങിയത്. കീഴടങ്ങുന്നതിന്‌ ജനുവരി എട്ടിന് സുപ്രീം കോടതി വിധിച്ച രണ്ടാഴ്ചത്തെ സമയപരിധി അവസാനിച്ചതോടെയാണിത്.

രാധേശ്യാം ഷാ, ജസ്വന്ത് നായി, ഗോവിന്ദ് നായി, കേസര്‍ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, രമേഷ് ചന്ദന, ഷൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, പ്രദീപ് മൊദ്ധിയ, മിതേഷ് ഭട്ട് എന്നീ പ്രതികളാണ് പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്. ദാഹോദിലെ സിങ്വാദില്‍ നിന്ന് രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ എത്തിയത്. 11 പ്രതികളും രാത്രി 11.45ഓടെ എത്തി കീഴടങ്ങിയതായി ഗോധ്ര സബ് ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

കീഴടങ്ങുന്നതിന് കൂടുതല്‍ സമയം ചോദിച്ചുള്ള പ്രതികളുടെ ഹരജി രണ്ട് ദിവസം മുമ്പ് സുപ്രീം കോടതി തള്ളിയിരുന്നു. രക്ഷിതാക്കളുടെ അസുഖം, കുടുംബത്തിലെ വിവാഹം, കാര്‍ഷിക വിളവെടുപ്പ് തുടങ്ങിയ കാരണങ്ങളാണ് കൂടുതല്‍ സമയം ചോദിച്ചുള്ള ഹരജിയില്‍ പ്രതികള്‍ ഉന്നയിച്ചിരുന്നത്.

പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തെ ജനുവരി എട്ടിന് സുപ്രീം കോടതി തള്ളുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികള്‍ക്ക് കോടതി ജീവപര്യന്തം വിധിച്ചിരുന്നു.



source https://www.sirajlive.com/bilkis-banu-case-all-11-accused-surrender.html

Post a Comment

Previous Post Next Post