കുവൈത്ത് സിറ്റി | കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്ന നടപടികള്‍ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ തന്നെ രാജ്യത്തെ വിവിധ താമസ കാര്യാലയങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത് 1,800 അപേക്ഷകളാണ്. ഇവയില്‍ 1,165 അപേക്ഷകളും നിബന്ധനകള്‍ പാലിക്കാതെയുള്ളാതായതിനാല്‍ പരിഗണിച്ചില്ല.
അപേക്ഷകരില്‍ ഏറ്റവും അധികം പേരും അറബ് വംശജരില്‍ നിന്നുള്ളവരാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് മുതലായ രേഖകള്‍ നാട്ടിലെ കുവൈത്ത് എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. ഗവര്‍ണറേറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടത് ഹവല്ലി, ഫര്‍വാനിയ, ഗവര്‍ണറേറ്റ് കാര്യാലയങ്ങളിലാണ്. അതേ അവസരം പ്രവാസിയുടെ ഭാര്യക്കും 14 വയസ്സിനു താഴെയുള്ള മക്കള്‍ക്കുമല്ലാതെ മറ്റു ബന്ധുക്കള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ ഇന്നലെ സമര്‍പ്പിച്ച അപേക്ഷകളില്‍ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ളതും ഉണ്ടായിരുന്നതായി പറഞ്ഞു.
നിബന്ധനകളില്‍ നിന്ന് 14 വിഭാഗത്തെ ഒഴിവാക്കിയത് യൂണിവേഴ്സിറ്റി യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് ശമ്പളം മാനദണ്ഡമാക്കിയാണെന്നും അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, നീതിന്യായ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് കുടുംബ വിസ പുനരാരംഭിക്കുവാനുള്ള തീരുമാനമുണ്ടായത്. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ കുവൈത്തിലെ ജോലി ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുവാന്‍ കാരണമായതായും അധികൃതര്‍ പറഞ്ഞു.
അതിനിടെ, കുവൈത്തില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള സന്ദര്‍ശന വിസ അനുവദിച്ചു തുടങ്ങിയിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിബന്ധനകളോടെ വാണിജ്യ വിസിറ്റ് വിസകള്‍ നല്‍കുന്നത് തുടരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
source https://www.sirajlive.com/family-visa-applications-open-1800-applications-submitted-on-first-day.html
Post a Comment