വാർത്താ ലേഖകരോട് സംസാരിക്കവെ ദക്ഷണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

സിയോൾ | തുറമുഖ നഗരമായ ബുസാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ പാർട്ടി നേതാവ് ലീ ജേ-മ്യുങ്ങിന്റെ കഴുത്തിന് കുത്തേറ്റു. ഒരു പുതിയ വിമാനത്താവളത്തിന്റെ സൈറ്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച് നടക്കുന്നതിനിടെയാണ് ഒരാൾ അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും കത്തിപോലുള്ള വസ്തുകൊണ്ട് കുത്തുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുത്തേറ്റ ലീ നിലത്ത് വീണു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടുകൊണ്ടാണ് അക്രമി ലീയുടെ അടുത്ത് എത്തിയത്. തുടർന്ന് അദ്ദേഹം കാറിനടുത്തേക്ക് നടക്കാൻ തുടങ്ങവെ കഴുത്തിന് കുത്തുകയായിരുന്നു. പുസാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് രക്തസ്രാവമുണ്ടായിരുന്നുവെങ്കിലും ബോധാവസ്ഥയിലായിരുന്നുവെന്നവ് റിപ്പോർട്ടുകൾ പറയുന്നു. ലീയുടെ കഴുത്തിൽ ഒരു സെന്റീമീറ്റർ നീളത്തിൽ മുറിവേറ്റതായി ബുസാനിലെ പോലീസ് പറഞ്ഞു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത് ലീക്കെതിരായ ഭീകരപ്രവർത്തനമാണെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ എംപി ക്വോൺ ചിൽ-സിയുങ് ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇത് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

2022ൽ ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്നു ലീ. യൂൻ സുക് യോളിനോടാണ് ലീ പരാജയപ്പെട്ടത്.



source https://www.sirajlive.com/dakshana-was-stabbed-by-a-korean-opposition-leader-while-talking-to-reporters.html

Post a Comment

أحدث أقدم