വഡോദര | ഗുജറാത്തില്‍ വഡോദരയില്‍ 16 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വഡോദര ജില്ലാ മജിസ്‌ട്രേറ്റാണ് ദുരന്തത്തെ കുറിച്ച് അന്വേഷിക്കുക. 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും.
14 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വഡോദര നഗരത്തിലെ ഹാര്‍നി തടാകത്തിലുണ്ടായ ബോട്ട് അപകടത്തില്‍മരിച്ചത്. ന്യൂ സണ്‍റൈസ് സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘമാണ് അപകടത്തില്‍പെട്ടത്. 23 വിദ്യാര്‍ഥികളും നാല് അധ്യാപകരുമടക്കം 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഗ്‌നിശമന സേനയും എന്‍ഡിആര്‍എഫ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.കുട്ടികള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടില്‍ പരമാവധിയില്‍ അധികം ആളുകള്‍ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 15 പേര്‍ക്ക് മാത്രം കയറാന്‍ ശേഷിയുള്ള ബോട്ടിലാണ് 27 പേര്‍ കയറിയത്.
source https://www.sirajlive.com/vadodara-boat-disaster-a-high-level-inquiry-has-been-announced.html
إرسال تعليق