ഇറാന്‍ – പാക് സംഘര്‍ഷത്തിന്റെ അടിവേര്

കാലങ്ങളായി നിലനില്‍ക്കുന്ന ഇറാന്‍-പാക് ഭിന്നത സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച പാകിസ്താനിലെ ബലൂചിസ്ഥാനില്‍ വ്യോമാക്രമണം നടത്തി ഇറാന്റെ റവല്യൂഷനറി ഗാര്‍ഡാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ബലൂചിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജയ്‌ശേ അല്‍അദ്‌ലിന്റെ താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് ഇറാന്‍ പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ മേഖലയില്‍ വ്യോമാക്രമണം നടത്തി പാകിസ്താന്‍ തിരിച്ചടിച്ചു. ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്നും ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും പാകിസ്താന്‍ അവകാശപ്പെടുമ്പോള്‍ നാല് കുട്ടികളക്കം ഒമ്പത് പേരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പാകിസ്താനില്‍ നടത്തിയ ആക്രമണത്തിലും രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.

2012ല്‍ രൂപവത്കൃതമായതാണ് ജയ്‌ശേ അല്‍അദ്‌ൽ (ആര്‍മി ഓഫ് ജസ്റ്റിസ്) എന്ന സംഘടന. ഇറാന്റെ തെക്കുകിഴക്കന്‍ കോണിലുള്ള അസ്‌ലി ബലൂചിസ്ഥാന്‍ എന്നറിയപ്പെടുന്ന സിസ്താന്‍-ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന നിരവധി സുന്നി ഗ്രൂപ്പുകളില്‍ ഒന്നാണിത്. ശിയാ ഭരണത്തിലുള്ള ഇറാനില്‍ ന്യൂനപക്ഷമായ സുന്നികള്‍ കാലങ്ങളായി കടുത്ത വിവേചനവും അടിച്ചമര്‍ത്തലും നേരിട്ടു കൊണ്ടിരിക്കുകയാണ.് (സുന്നികളോടുള്ള ശീഇകളുടെ തുടക്കം മുതലുള്ള നിലപാട് ശത്രുതാപരമായിരുന്നല്ലോ). ഇതാണ് സ്വതന്ത്രരാഷ്ട്രവാദവുമായി സുന്നി ഗ്രൂപ്പുകള്‍ രംഗത്തു വരാന്‍ കാരണം. അതിര്‍ത്തിയിലെ ഇറാന്‍ സൈനികര്‍ക്കെതിരെ 2013 മുതല്‍ ആക്രമണം നടത്തിവരുന്നുണ്ട് ജയ്‌ശേ അല്‍അദ്‌ൽ. കഴിഞ്ഞ ഡിസംബര്‍ മധ്യത്തില്‍ സംഘടന ഇറാന്‍ നഗരമായ റാസ്‌കിലെ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും സംഭവത്തില്‍ പതിനൊന്ന് പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജയ്‌ശേ അല്‍അദ്‌ലിന്റെ നിരന്തരമായ ഇത്തരം അക്രമങ്ങള്‍ക്കു പ്രതികാരമാണ് ചൊവ്വാഴ്ചത്തെ ഇറാന്‍ ആക്രമണമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജയ്‌ശേ അല്‍അദ്‌ലിന് പാകിസ്താന്റെ പരോക്ഷവും പ്രത്യക്ഷവുമായ പിന്തുണയുണ്ടെന്നും ഇറാന്‍ കുറ്റപ്പെടുത്തുന്നു.

ഏകദേശം 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പാകിസ്താനും ഇറാനും സൗഹൃദത്തിലായിരുന്നു ആദ്യകാലങ്ങളില്‍. 1947ല്‍ പാകിസ്താനെ ഒരു രാഷ്ട്രമായി ആദ്യം അംഗീകരിച്ചത് ഇറാനാണ്. ശീതയുദ്ധ കാലത്ത് ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചു. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇറാന്‍ പാകിസ്താനെ പിന്തുണച്ചിരുന്നു. 1967ലെ ഇറാന്‍ വിപ്ലവത്തോടെയും അഫ്ഗാന്‍ പ്രശ്‌നത്തോടെയുമാണ് ഈ സൗഹൃദത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറിന് പാകിസ്താന്‍ പിന്തുണ നല്‍കുന്നതും പാകിസ്താന്റെ അമേരിക്കയുമായുള്ള അടുപ്പവും ഇറാന് ദഹിച്ചില്ല. 2018ല്‍ ഇറാന്‍ തങ്ങളുടെ തന്ത്രപ്രധാന തുറമുഖമായ ചബഹാറിന്റെ ഒരു ഭാഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് നല്‍കിയത് പാകിസ്താനെയും ചൊടിപ്പിച്ചു. ഇത് തങ്ങളുടെ തന്ത്രപ്രധാനമായ ഗവാദര്‍ തുറമുഖത്തിന്റെ പ്രാധാന്യം കുറക്കുമെന്നതാണ് പാകിസ്താന്റെ അനിഷ്ടത്തിനു കാരണം. ഈ ഭിന്നതകള്‍ക്കിടയിലും വ്യാപാരം, ഊര്‍ജം തുടങ്ങിയ കാര്യങ്ങളില്‍ സഹകരണം നിലനിര്‍ത്തുകയും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും എത്താതിരിക്കാന്‍ ഇരു രാഷ്ട്രങ്ങളും ശ്രമിക്കുകയും ചെയ്തിരുന്നു.
മുസ്‌ലിം വിരുദ്ധര്‍ക്ക് സന്തോഷം പകരുന്നതാണ് ഇപ്പോഴത്തെ പാക്-ഇറാന്‍ സംഘര്‍ഷം. ഗസ്സയില്‍ മൂന്നര മാസം മുമ്പ് തുടങ്ങിയ ഇസ്‌റാഈലിന്റെ വംശഹത്യ ശമനമില്ലാതെ തുടരുകയും പാശ്ചാത്യ ലോകത്തുള്‍പ്പെടെ പൊതുസമൂഹം ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇറാന്‍-പാക് ഏറ്റുമുട്ടല്‍ ആഗോളശ്രദ്ധ ഫലസ്തീനില്‍ നിന്ന് വഴിമാറാനിടയാക്കും. ഇസ്‌റാഈലിനും അമേരിക്കക്കും സയണിസത്തിനുമാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. മാത്രമല്ല മുസ്‌ലിം വിരുദ്ധരുടെ “ഭീകരത= മുസ്‌ലിം’ എന്ന പ്രചാരണത്തിനും ഇത് ശക്തിപകരും. യഥാര്‍ഥത്തില്‍ പാകിസ്താനും ഇറാനും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. എന്നിട്ടും ഭീകരത വഴി മരുന്നിട്ട ഇറാന്‍-പാക് സംഘര്‍ഷം എന്നാണ് ആഗോള മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
സാമ്പത്തികമായി ദുര്‍ബലവും രാഷ്ട്രീയമായി അസ്ഥിരവുമാണ് പാകിസ്താന്‍ നിലവില്‍. എന്നിട്ടും ഇറാന്റെ അവിവേകത്തിന് റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്താന്‍ ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നില്‍ അമേരിക്കയുടെ കരങ്ങളുണ്ടോ എന്ന് സന്ദേഹിക്കുന്നുമുണ്ട്. ഈ ആഴ്ച ആദ്യത്തില്‍ പാക് വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജീലാനി അഫ്ഗാനിസ്ഥാന്‍ കാര്യങ്ങള്‍ക്കുള്ള ഇറാന്റെ പ്രത്യേക പ്രതിനിധി ഹസന്‍ ഖൗമിയുമായി ഇസ്‌ലാമാബാദില്‍ സൗഹൃദ ചര്‍ച്ച നടത്തുകയും ഗള്‍ഫില്‍ ഇരു രാജ്യങ്ങളുടെയും നാവിക സേന സംയുക്താഭ്യാസം നടത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് പാകിസ്താന്റെ തിരിച്ചടിയെന്നത് ശ്രദ്ധേയമാണ്. പാകിസ്താന് അമേരിക്കയുടെ ആയുധ, സാമ്പത്തിക വാഗ്ദാനം ലഭിച്ചിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നുണ്ട്.

രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ സാധാരണമാണ്. പാക്-ചൈന സൈന്യങ്ങളുടെ അതിര്‍ത്തി ലംഘിച്ചുള്ള കടന്നു കയറ്റവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയും പതിവു സംഭവമാണ്. തായ്‌വാന്റെ അതിര്‍ത്തി കടന്ന് ചൈനീസ് യുദ്ധ വിമാനങ്ങള്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സിറിയ, ലിബിയ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങള്‍ അമേരിക്കയുടെ അന്യായമായ കടന്നാക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി ലംഘനം, സൈനികാധിനിവേശം, മിന്നലാക്രമണം തുടങ്ങിയ വിശേഷണങ്ങളിലൊതുങ്ങുന്നു ഈ സൈനിക നടപടികളത്രയും. അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെയും ചൈനയുടെയും സൈനിക നടപടികളെ ഭീകരാക്രമണമായി ആരും കാണാറില്ല. ശ്രീലങ്കയില്‍ നരനായാട്ട് നടത്തിയ “പുലി’കളെക്കുറിച്ചുള്ള വിശേഷണം പോലും തീവ്രാദികള്‍ എന്ന പ്രയോഗത്തിലൊതുങ്ങി. രണ്ട് പക്ഷത്തോ ഏതെങ്കിലും ഒരു പക്ഷത്തോ മുസ്‌ലിം രാഷ്ട്രമോ സംഘടനകളോ വരുമ്പോഴാണ് അതിന് ഭീകരതയുടെ മുദ്ര ചാര്‍ത്തപ്പെടുന്നത്!



source https://www.sirajlive.com/roots-of-iran-pak-conflict.html

Post a Comment

أحدث أقدم