ഇന്ത്യ സഖ്യം സീറ്റ് ചര്‍ച്ച; ഡല്‍ഹിയില്‍ സഖ്യം സാധ്യമാകുന്നു

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ത്യ മുന്നണിയില്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലെയും പഞ്ചാബിലെയും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മൂന്ന് സീറ്റുകളും പഞ്ചാബില്‍ ആറ് സീറ്റുകളും കോണ്‍ഗ്രസ്സിന് വാഗ്ദാനം ചെയ്തു. ഇതിന് ബദലായി ഹരിയാനയിലും ഗുജറാത്തിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സ് സീറ്റ് നല്‍കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റും ഹരിയാനയില്‍ മൂന്ന് സീറ്റുമാണ് ആം ആദ് മി പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വവും കോണ്‍ഗ്രസ്സിന്റെ ദേശീയ സഖ്യ സമിതിയും ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ മുകുള്‍ വാസ്‌നിക്, അശോക് ഗെഹ്ലോത്ത് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യസഭാ എം പി സന്ദീപ് പഥക്, ഡല്‍ഹി ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരാണ് എ എ പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. യോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരു പാര്‍ട്ടികളും തയ്യാറായിട്ടില്ല.

ഡല്‍ഹിയിലെ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളിലും നിലവില്‍ ബി ജെ പി പ്രതിനിധികളാണുള്ളത്. കോണ്‍ഗ്രസ്സും ആം ആദിമി പാര്‍ട്ടിയും ചേര്‍ന്ന് മത്സരിച്ചാല്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ആകെയുള്ള ഏഴ് സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ്സ് മത്സരിക്കട്ടെയെന്ന് എ എ പി നിര്‍ദേശം കോണ്‍ഗ്രസ്സ് അംഗീകരിക്കാനാണ് സാധ്യത. ശേഷിക്കുന്ന നാല് സീറ്റുകളിലായിരിക്കും എ എ പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളില്‍ ആറ് സീറ്റുകളും എ എ പി കോണ്‍ഗ്രസ്സിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പകരമായി ഗുജറാത്തില്‍ ഒരു ലോക്‌സഭാ സീറ്റും ഹരിയാനയില്‍ 3 സീറ്റും ഗോവയില്‍ ഒരു സീറ്റുമാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിനെ പഞ്ചാബ് എ എ പി ഘടകം ശക്തമായി എതിര്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ആകെയുള്ള 13 സീറ്റുകളില്‍ ആറ് സീറ്റുകള്‍ എ എ പി കോണ്‍ഗ്രസ്സിന് വെച്ച് നീട്ടിയിരിക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും സഖ്യ സാധ്യതകള്‍ പരിശോധിക്കണമെന്ന നിര്‍ദേശവും എ എ പി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ ഓഫീസ് സ്ഥാപിക്കണമെന്ന നിര്‍ദേശവും എ എ പി കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സും എ എ പിയും ശക്തമായ തയ്യാറെടുപ്പോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ബി ജെ പിയെ പരാജയപ്പെടുത്തുമെന്നും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുകുള്‍ വാസ്നിക് പറഞ്ഞു.

 



source https://www.sirajlive.com/india-alliance-seat-debate-alliance-becomes-possible-in-delhi.html

Post a Comment

أحدث أقدم