ഗ്യാന്‍വാപിയിലെ വുളുഖാന ശുചീകരിക്കാം

ന്യൂഡല്‍ഹി | വാരാണസി ഗ്യാന്‍വാപി മസ്ജിദിലെ വുളുഖാന ശുചീകരിക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. 2022 മെയില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയ വുളുഖാനയിലെ ജലധാര ശിവലിംഗമാണെന്ന് ആരോപിച്ചുള്ള ഹരജി പരിഗണിച്ച സുപ്രീം കോടതി ഇത് സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

മസ്ജിദ് പരിസരത്ത് ആരാധനക്ക് അനുമതി തേടി ഹിന്ദുപക്ഷം സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് വുളുഖാന ശുചീകരിക്കാന്‍ അനുവാദം നല്‍കിയത്.

വുളുഖാനയില്‍ ചത്ത മത്സ്യങ്ങളുണ്ടെന്നും അതിനാല്‍ വൃത്തിയാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. വാരാണസി ജില്ലാ കലക്ടര്‍ മുമ്പാകെ സമാനമായ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റിയും ബഞ്ചിനെ അറിയിച്ചു. മസ്ജിദ് കമ്മിറ്റിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്മദി ഹാജരായി. മുതിര്‍ന്ന അഭിഭാഷക മാധവി ദിവാനാണ് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായത്.

മസ്ജിദില്‍ അഭിഭാഷക കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ വുളുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, വുളുഖാനയിലെ ജലധാര ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ നിലപാട്. ഇതോടെയാണ് 2022 മെയില്‍ ഇത് മുദ്രവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള മുസ്ലിംകളുടെ അവകാശം ഈ ഉത്തരവ് തടസ്സപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മസ്ജിദ് പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ പരിശോധന നടത്താന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അനുവദിച്ചിരുന്നു. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി.

 



source https://www.sirajlive.com/the-vulukhana-in-gyanwapi-can-be-cleaned.html

Post a Comment

Previous Post Next Post