മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി| മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സുരേഷ് ഗോപി മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഉടന്‍ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും അദ്ദേഹം തോളില്‍ കൈ വെച്ചു.

തുടര്‍ന്ന് മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടി മാധ്യമ പ്രവര്‍ത്തക പോലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി.സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. സംഭവത്തില്‍ നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപിയെ നേരത്തെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതാണ്.

 

 

 



source https://www.sirajlive.com/a-case-of-indecency-with-a-journalist-suresh-gopi-39-s-anticipatory-bail-plea-will-be-heard-today.html

Post a Comment

أحدث أقدم