സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ തട്ടിപ്പിലൂടെ 10,319 കോടി രൂപയാണ് രാജ്യത്ത് നഷ്ടമായത.് 2021 ഏപ്രിൽ മുതൽ 2023 ഡിസംബർ വരെയുള്ള കണക്കാണിത്. ഇന്ത്യൻ സൈബർ ക്രൈം- കോ-ഓർഡിനേഷൻ സെന്റർ സി ഇ ഒ രാജേഷ്‌കുമാറാണ് രണ്ട് ദിവസം മുമ്പ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സൈബർ തട്ടിപ്പുകാരിൽ നിന്ന് 1,127 കോടി രൂപ തിരിച്ചുപിടിച്ചതായും ഇതുമായി ബന്ധപ്പെട്ട് ദിനംപ്രതി ശരാശരി അയ്യായിരത്തിലേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സൈബർ ക്രൈം പോർട്ടലിലെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഒരു ലക്ഷം പേരിൽ ശരാശരി 129 പേർ പരാതി നൽകുന്നുണ്ട്. 2019ൽ ആരംഭിച്ച ദേശീയ സൈബർ ക്രൈം പോർട്ടലിൽ ഇതിനകം 31 ലക്ഷത്തിലേറെ പരാതികൾ ലഭിച്ചുകഴിഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നാണ്, ഇന്റർനെറ്റ് ഉപയോഗത്തിൽ സുരക്ഷ നൽകുന്ന പ്രമുഖ കമ്പനിയായ സൈമൻടെക്കിന്റെ റിപോർട്ടിൽ പറയുന്നത്.
മുൻകാലങ്ങളിൽ ബേങ്കുകളും വീടുകളും കൊള്ളയടിച്ചും തട്ടിപ്പറിയിലൂടെയും പണം കവർന്നിരുന്ന കൊള്ളക്കാരും തട്ടിപ്പുകാരും സൈബർ വഴിയാണ് ഇപ്പോൾ പണം തട്ടിയെടുക്കുന്നത്. സാഹസികമാണ് ബേങ്ക് കൊള്ള. ചിലപ്പോൾ ലക്ഷ്യം കാണാനാകാതെ പിടിക്കപ്പെട്ടുവെന്നും വരാം. വീട് കൊള്ളയടിക്കുന്നതും ശ്രമകരമാണ്. സുരക്ഷിതമായ തട്ടിപ്പു മാർഗമല്ല. പിടിക്കപ്പെട്ടാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മർദനത്തിനിരയാകുകയും അവസാനം ജയിലിൽ കിടക്കേണ്ടി വരികയും ചെയ്യും.

അതേസമയം, ഒരു സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ തട്ടിപ്പ് നടത്തുകയും പണം സമ്പാദിക്കുകയും ചെയ്യാം. ഇതാണ് സൈബർ തട്ടിപ്പ് മാർഗത്തിലേക്ക് ക്രിമിനലുകളെ ആകർഷിക്കുന്നത്. ജനങ്ങളിൽ മിക്കപേരും സൈബർ പ്ലാറ്റ്ഫോമുകളിൽ സജീവമാണെന്നത് ഇവരുടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. ബേങ്ക് ഇടപാടുകൾ ഡിജിറ്റലായി മാറിയതും അവർക്ക് സൗകര്യപ്രദമാണ്. തട്ടിപ്പുകാർ ഇത് മുതലെടുക്കുകയും അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാനും ക്ലിയർ ചെയ്യാനുമെന്ന പേരിൽ ബേങ്ക് ഉപഭോക്താക്കൾക്ക് ലിങ്കുകൾ അയച്ച് അതിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ തരം നിരവധി തട്ടിപ്പുകളാണ് റിപോർട്ട് ചെയ്യപ്പെടുന്നത്.

അന്താരാഷ്ട്ര ക്രിമിനലുകൾ വരെ വിഹരിക്കുന്ന മേഖലയായി മാറിയിട്ടുണ്ട് സൈബർ ഇടം. ഇന്ത്യക്കാർ അകപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങളിൽ പകുതിയിലേറെയും ചൈന, വിയറ്റ്‌നാം, കംബോഡിയ, മ്യാന്മർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നവയാണെന്നാണ് ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ അധികൃതർ കണ്ടെത്തിയത്. ലോൺആപ്പ്, ഓൺ ലൈൻ ജോബ്, ബേങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതലും. പ്രമുഖരുടെ പേരും ചിത്രവും ഉപയോഗിച്ചും സി ബി ഐയുടെയും കസ്റ്റംസിന്റെയും ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ചുമെല്ലാം നടക്കുന്നു തട്ടിപ്പുകൾ. കഴിഞ്ഞ നവംബറിൽ തിരുവനന്തപുരം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് 2.85 കോടി രൂപയും വ്യാപാരിയിൽ നിന്ന് 60 ലക്ഷവുമാണ് കസ്റ്റംസ് ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ച് തട്ടിപ്പുകാർ കൈക്കലാക്കിയത്.
ഡൽഹി, ഛത്തീസ്ഗഢ്, ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതലും വരുന്നത്. കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും സമീപ കാലത്തായി തട്ടിപ്പിനിരയാകുന്ന കേരളീയരുടെ എണ്ണവും കൂടി വരുന്നുണ്ട്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, 2022ൽ 815 ആയി വർധിച്ചു. 2023 ആഗസ്റ്റ് ആയപ്പോഴേക്കും 960 കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടു. ശതകോടികളാണ് അവർ നിഷ്പ്രയാസം കൈക്കലാക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ രാജേഷും ബെംഗളൂരു കുറുമ്പനഹള്ളിയിലെ ചക്രധാറും ചേർന്ന് 250 കോടിയോളം രൂപയാണ് ഓൺലൈൻ പാർട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് കൈക്കലാക്കിയത്. കേരളീയരാണ് ഇവരുടെ വലയിൽ അകപ്പെട്ടവരിൽ ബഹുഭൂരിഭാഗവും. മൂന്നാഴ്ച മുമ്പ് എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് ബെംഗളൂരുവിൽ നിന്ന് ഇവരെ പിടികൂടി.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നും ഫോണിലേക്ക് വരുന്ന അജ്ഞാത നമ്പറുകൾ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാനെന്നും പോലീസും സൈബർ വിദഗ്ധരും അടിക്കടി ഉണർത്തുന്നുണ്ടെങ്കിലും പലരും അതേക്കുറിച്ച് അശ്രദ്ധരാകുകയും പിന്നെയും കെണിയിൽ അകപ്പെടുകയും ചെയ്യുന്നു.

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പോലീസ് കഴിഞ്ഞയാഴ്ച പുതിയ ഡിവിഷൻ രൂപവത്കരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഐ ജി, രണ്ട് എസ് പിമാർ, രണ്ട് ഡിവൈ എസ് പിമാർ, എട്ട് സി ഐമാർ എന്നിവരടങ്ങുന്ന ഈ ഡിവിഷനായിരിക്കും ഇനി സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുക. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതി നൽകിയിട്ടും നടപടികളുണ്ടാകുന്നില്ലെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് പുതിയ ഡിവിഷൻ രൂപവത്കരിച്ചത്.

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിയമങ്ങളും പോലീസിൽ പ്രത്യേക സെല്ലുമുണ്ടെങ്കിലും ജനങ്ങൾ സൈബർ ഇടങ്ങളിൽ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തുകയാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, അവ കാണാൻ ശ്രമിക്കരുത്. അപരിചിതരുടെ കോളുകൾ ഒഴിവാക്കുക, ഫോണിൽവരുന്ന ഒ ടി പി അപരിചിതർക്ക് പറഞ്ഞുകൊടുക്കാതിരിക്കുക. അഥവാ സൈബർ തട്ടിപ്പിനിരയായാൽ 1930 നമ്പറിൽ വിവരമറിയിക്കണം. രാജ്യത്തെ മിക്ക ബേങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുകയും 24 മണിക്കൂറും ഉണർന്നിരിക്കുകയും ചെയ്യുന്നതാണ് ഈ സൈബർ ക്രൈം റിപോർട്ടിംഗ് ടോൾ ഫ്രീ നമ്പർ. കുറ്റകൃത്യങ്ങൾ എത്രയും വേഗത്തിൽ റിപോർട്ട് ചെയ്യുന്നത് തെളിവുകളും മറ്റും നശിപ്പിക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് കണ്ടെത്താനും തുക വീണ്ടെടുക്കാനും സഹായകമാകും.



source https://www.sirajlive.com/beware-of-cyber-scams.html

Post a Comment

Previous Post Next Post