ദേശീയ കായിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി | 2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ തുടങ്ങിയവര്‍ അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ച കബഡി പരിശീലകന്‍ എടച്ചേരി ഭാസ്‌കരനായിരുന്നു ചടങ്ങിലെ മറ്റൊരു മലയാളി സാന്നിധ്യം.

ഗുസ്തി താരം അന്റിം പംഗല്‍, സ്റ്റീപ്പിള്‍ ചേസര്‍ പാരുള്‍ ചൗധരി, ഷൂട്ടിംഗ് താരം ഐശ്വര്യപ്രതാപ് സിംഗ് തോമര്‍, അമ്പെയ്ത്ത് താരം ശീതള്‍ ദേവി, അടുത്തിടെ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ച ആര്‍ വൈശാലി, ബോക്സിംഗ് താരം മുഹമ്മദ് ഹുസാമുദ്ദീന്‍, ഹോക്കി താരം കൃഷ്ണന്‍ ബഹാദുര്‍ പഥക് എന്നിവര്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ച ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഢി എന്നിവര്‍ ചടങ്ങിനെത്തിയില്ല. നിലവില്‍ മലേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനാലാണ് ഇവര്‍ക്ക് എത്താന്‍ കഴിയാതിരുന്നത്.

ഏകദിന ലോകകപ്പിലെ മാസ്മരിക പ്രകടനമാണ് ഷമിയെ പുരസ്‌കാരത്തിലേക്ക് നയിച്ചത്. ഏഴ് കളികളില്‍ നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു ഷമി. ഖേല്‍രത്ന വിജയികള്‍ക്ക് 25 ലക്ഷം രൂപയും അര്‍ജുന, ദ്രോണാചാര്യ ജേതാക്കള്‍ക്ക് 15 ലക്ഷം രൂപയുമാണ് ലഭിക്കുക.

 



source https://www.sirajlive.com/national-sports-awards-were-distributed.html

Post a Comment

Previous Post Next Post