യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം| യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.

അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നവ കേരള സദസിനുനേരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിസംബര്‍ 20-ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരെ പോലീസ് എടുത്ത കേസില്‍ പ്രതിപക്ഷേ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എം. വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരുംകന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്.

പോലീസ് അനുമതിയില്ലാതെ ജാഥ നടത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

 

 

 



source https://www.sirajlive.com/youth-congress-state-president-rahul-arrested-in-mangkoot.html

Post a Comment

أحدث أقدم