ഗസ്സ | ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 12,100 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീനിലെ കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര പ്രതിരോധ സമിതി. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 8,000 പേരോളം കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും സമിതി സൂചിപ്പിച്ചു.
‘2023 ഒക്ടോബര്‍ ഏഴിനു ശേഷം ഇസ്‌റാഈല്‍ നടത്തിയ തുടര്‍ച്ചയായ ബോംബാക്രമണങ്ങളില്‍ ദിനംപ്രതി ഏകദേശം 250 കുട്ടികള്‍ വീതം കൊല്ലപ്പെട്ടു. യുദ്ധവുമായി ബന്ധപ്പെട്ട് ഇത്രയും കുട്ടികള്‍ ഇതുവരെ ലോകത്തൊരിടത്തും കൊല്ലപ്പെട്ടിട്ടില്ല.’ സമിതി ജനറല്‍ ഡയരക്ടര്‍ ഖാലിദ് ഖുസ്മര്‍ പറഞ്ഞു.
യു എന്‍ ആര്‍ ഡബ്ല്യു എക്കെതിരായ ഇസ്‌റാഈല്‍ ആരോപണം അന്വേഷിക്കാന്‍ സ്വതന്ത്ര ആഗോളതല സമിതി
ഗസ്സ | ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ദുരിതാശ്വാസ ഏജന്‍സി (യു എന്‍ ആര്‍ ഡബ്ല്യു എ) ക്കെതിരായ ഇസ്‌റാഈല്‍ ആരോപണം അന്വേഷിക്കാന്‍ സ്വതന്ത്ര ആഗോളതല സമിതി. യു എന്‍ സെക്രട്ടറി ജനറലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ യു എന്‍ ആര്‍ ഡബ്ല്യു എ ജീവനക്കാര്‍ പങ്കെടുത്തുവെന്നാണ് ആരോപണം. ഇസ്‌റാഈലിന്റെ ആരോപണത്തിനു പിന്നാലെ അമേരിക്ക ഉള്‍പ്പെടെ നിരവധി പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏജന്‍സിക്കുള്ള ഫണ്ട് തടഞ്ഞിരുന്നു.
എന്നാല്‍, ഗസ്സയില്‍ നിലവിലുള്ള മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്നതിനാണ് ഇസ്‌റാഈല്‍ യു എന്‍ ആര്‍ ഡബ്ല്യു എയെ ലക്ഷ്യം വെക്കുന്നതെന്നാണ് ഫലസ്തീന്‍ അഭിഭാഷകരുടെ ആരോപണം.
അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയോഗിച്ചതിനെ യു എന്‍ ആര്‍ ഡബ്ല്യു എ മേധാവി ഫിലിപ്പെ ലസ്സാരിനി സ്വാഗതം ചെയ്തു. അന്വേഷണത്തിന്റെ പൂര്‍ണ റിപോര്‍ട്ടും ശിപാര്‍ശകളും പരസ്യപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/israel-killed-12100-children-in-gaza.html
إرسال تعليق