ദൗത്യം വിജയകരം; തണ്ണീര്‍ക്കൊമ്പനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയി

വയനാട് |  മാനന്തവാടി ടൗണിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വച്ച് ശേഷം എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോയി. മയക്ക് വെടിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി പത്തരയോടെയാണ് എലിഫന്റ് ആംബുലന്‍സ് ആനയുമായി പുറപ്പെട്ടത്.

ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയത്. കര്‍ണാടകയിലെ രാമപുരയിലെ ക്യാംപിലേക്കാണു തണ്ണീര്‍ക്കൊമ്പനെ കൊണ്ടുപോയത്. മയക്ക് വെടിവെച്ചെങ്കിലും മയങ്ങാന്‍ സമയമെടുത്തതോടെ ആനയെ വാഹനത്തിലേക്കു മാറ്റുന്നത് പ്രതിസന്ധിയിലാവുകയായിരുന്നു. ആനയുടെ ഇടതുകാലില്‍ പരുക്കുണ്ടെന്നാണു വിവരം.

കുങ്കിയാനകളെ ഉപയോഗിച്ചാണ് തണ്ണീര്‍ക്കൊമ്പനെ എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയത്. കുങ്കിയാനകളായ വിക്രം, സൂര്യ, സുരേന്ദ്രന്‍ എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ആന നഗരത്തിലിറങ്ങി ഭീതി പരത്തി 13ാം മണിക്കൂറിലാണ് മയക്കുവെടി വച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിറങ്ങിയത് .അഞ്ചരയോടെയാണ് ആനയെ വെടിവയ്ക്കാനായത്. മൂന്ന് ഭാഗങ്ങളിലായി മൂന്ന് കുങ്കിയാനകളെ നിര്‍ത്തി. വെടിയേറ്റ് ആന ഓടിയാല്‍ തടയാനാണു കുങ്കിയാനകളെ വിന്യസിച്ചത്. എന്നാല്‍ ആനയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല. ആനയെ മാറ്റിയതോടെ പ്രദേശവാസികള്‍ ഏറെ സന്തോഷത്തിലാണ്

 



source https://www.sirajlive.com/mission-successful-thanneerkompan-was-taken-to-karnataka.html

Post a Comment

Previous Post Next Post