ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കാന്‍ ഇസ്‌റാഈലിനാവില്ലെന്ന് അമേരിക്ക

ഗസ്സ | ഫലസ്തീനെ പരിമിതപ്പെടുത്താനല്ലാതെ ഹമാസിന്റെ സൈനിക ശേഷി മുഴുവനായും ഇല്ലാതാക്കാന്‍ ഇസ്‌റാ ഈലിന് അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് അമേരിക്ക. ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റത്തിനുള്ള പദ്ധതിയെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് ഫലസ്തീന്റെ കരുത്തിനെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ പുതുതായി 3,000 ഭവന യൂനിറ്റുകള്‍ നിര്‍മിക്കാനുള്ള ഇസ്‌റാഈല്‍ നീക്കത്തേയും അമേരിക്ക കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെ തന്നെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണു റിപ്പോര്‍ട്ട്.

റഫയില്‍ അഭയാര്‍ഥി ക്യാമ്പുകളിലും ആശുപത്രികളിലുമാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നത്. സെന്‍ട്രല്‍ ഗസ്സയിലെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 40 പേരും കൊല്ലപ്പെട്ടു.റഫയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഫയാസ് അസദ് മുഹമ്മദ് മുഅമ്മര്‍ എന്ന ഫലസ്തീന്‍ റെഡ് ക്രസന്റ് ജീവനക്കാരന്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ ഗസ്സയുടെ നിയന്ത്രണം ഉദ്യോഗസഥര്‍ക്ക് നല്‍കുന്ന പദ്ധതി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ചു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് പാരീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് അമേരിക്ക അറിയിച്ചു.

 



source https://www.sirajlive.com/us-says-israel-will-not-be-able-to-destroy-hamas-39-military-capabilities.html

Post a Comment

أحدث أقدم