തൊടുപുഴ | മാര്‍ക്ക് ദാനത്തിനെതിരെയും അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും തൊടുപുഴ കോ ഓപറേറ്റീവ് ലോ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ വിദ്യാര്‍ഥികളും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ സമവായം രൂപം കൊണ്ടതിനെ തുടര്‍ന്നാണിത്.
കോളജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരമാണ് വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. കോളജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. സര്‍വകലാശാലാ തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.
മാര്‍ക്ക് ദാനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ ഉള്‍പ്പെടുത്തി സസ്പെന്‍ഡ് ചെയ്തതായി ആരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി സമരം. പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നടപടി പ്രിന്‍സിപ്പല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരുന്നു.
ഒരു വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ പിഴവ് സംഭവിച്ചതായി മാനേജര്‍ സമ്മതിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
source https://www.sirajlive.com/consensus-at-midnight-students-of-thodupuzha-cooperative-law-college-ended-their-strike.html
إرسال تعليق