മൂന്നാം സീറ്റില്ല; ലീഗില്‍ കടുത്ത അമര്‍ഷം

കല്‍പ്പറ്റ | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും മുസ്‌ലിം ലീഗിന് മൂന്നാം സീറ്റില്ലെന്ന് യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ്സ് തീര്‍ത്ത് പറഞ്ഞതോടെ അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. 2019ല്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ടപ്പോള്‍ ലീഗിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നല്‍കാനാകില്ലെന്നുമുള്ള മറുപടിയാണ് കോണ്‍ഗ്രസ്സ് നല്‍കിയിരുന്നത്. ഇത്തവണയും പതിവ് പരിഹാസ്യമായ മറുപടിയാണ് കഴിഞ്ഞ ദിവസത്തെ യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ്സ് നല്‍കിയതെന്നാണ് ലീഗ് അണികള്‍ പറയുന്നത്. മതനിരപേക്ഷ സംരക്ഷണവും മുന്നണിയുടെ കെട്ടുറപ്പുമെല്ലാം പറഞ്ഞ് ലീഗ് മാത്രം കാലാകാലം വിട്ടുവീഴ്ച ചെയ്യണമോ എന്നാണ് അണികള്‍ ചോദിക്കുന്നത്.

കേരളത്തില്‍ പാര്‍ട്ടി മൂന്ന് സീറ്റില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യൂത്ത് ലീഗ് പ്രമേയം പാസ്സാക്കിയിരുന്നു. മറ്റ് പാര്‍ട്ടികളെല്ലാം യുവ നേതാക്കള്‍ക്ക് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ലീഗിന്റെ രണ്ട് സീറ്റിലും മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് അവസരം ലഭിക്കാറുള്ളത്. ഇത്തവണ ഇതിന് മാറ്റം വേണമെന്നും മൂന്നാം സീറ്റ് സമ്മര്‍ദത്തിലൂടെ നേടിയെടുത്ത് യുവനേതാക്കള്‍ക്ക് അവസരം നല്‍കണമെന്നും പാര്‍ട്ടി യോഗങ്ങളില്‍ നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു. അര്‍ഹിച്ചത് നേടിയെടുക്കാന്‍ പറ്റാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് യുവനേതാക്കള്‍ വിമര്‍ശിക്കുന്നു. പൊന്നാനിക്കും മലപ്പുറത്തിനും പുറമെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില മണ്ഡലങ്ങളില്‍ ലീഗ് താഴെക്കിടയില്‍ പ്രാഥമിക ഒരുക്കങ്ങളും നടത്തിയിരുന്നു. കണ്ണൂര്‍, വയനാട്, വടകര സീറ്റുകളിലൊന്ന് ലക്ഷ്യമിട്ടായിരുന്നു ഒരുക്കങ്ങള്‍.

നിലവിലെ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ സ്വാധീനം തങ്ങള്‍ക്കാണെന്ന് ലീഗ് നേതാക്കള്‍ തന്നെ അവകാശം ഉന്നയിക്കാറുണ്ട്. അതിനിടെ, പൊന്നാനി സീറ്റില്‍ നിന്ന് മലപ്പുറത്തേക്ക് മാറാന്‍ അനുവദിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പൊന്നാനി സീറ്റ് സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് ഇ ടിയെ മണ്ഡലം മാറാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇ ടിക്ക് മലപ്പുറം നല്‍കി പൊന്നാനിയില്‍ ഒരു യുവ നേതാവിന് അവസരം നല്‍കി മൂന്നാം സീറ്റ് ലഭിക്കാത്തതിലെ അമര്‍ഷം തണുപ്പിക്കാമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

 



source https://www.sirajlive.com/no-third-seat-there-is-a-lot-of-anger-in-the-league.html

Post a Comment

Previous Post Next Post