റഫയിൽ കൂട്ടക്കൊല ലക്ഷ്യമിട്ട് ഇസ്റാഈൽ

ഗസ്സ | അഭയാർഥികൾ ഉൾപ്പെടെ ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗസ്സയിലെ റഫ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കാൻ ഇസ്‌റാഈൽ. ലോക രാഷ്ട്രങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് റഫയിൽ കരയാക്രമണത്തിന് ഇസ്‌റാഈൽ ഒരുങ്ങുന്നത്. നാല് മാസത്തിലേറെയായി തുടരുന്ന അധിനിവേശം വിജയിക്കണമെങ്കിൽ റഫയിലെ ഹമാസ് കേന്ദ്രങ്ങൾ പൂർണമായി തകർക്കണമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഹമാസിന്റെ അവശേഷിക്കുന്ന കേന്ദ്രങ്ങളാണ് ഇനി ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പിലാണെന്നും നെതന്യാഹു അഭിമുഖത്തിൽ പറഞ്ഞു. ആക്രമണത്തിന് മുന്നോടിയായി സാധാരണക്കാരെ മേഖലയിൽ നിന്ന് ഒഴിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിരുന്നു.
റഫയിൽ നടത്തുന്ന ആക്രമണം മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സഭ, യൂറോപ്യൻ യൂനിയൻ, യു എസ്, അറബ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. റഫ ആക്രമിച്ചാൽ അപകടകരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ യു എൻ രക്ഷാസമിതി ഇടപെടണമെന്നും സഊദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടക്കുന്നതെന്നും വെടിനിർത്തലിനുള്ള ആഹ്വാനം അംഗീകരിക്കണമെന്നും സഊദി ആവശ്യപ്പെട്ടു.

റഫയിൽ ആക്രമണം നടത്തിയാൽ ഇസ്‌റാഈലുമായുള്ള സമാധാന ഉടമ്പടി റദ്ദാക്കേണ്ടി വരുമെന്ന് ഈജിപ്തും മുന്നറിയിപ്പ് നൽകി. റഫക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും യുദ്ധത്തടവുകാരെ കൈമാറുന്ന അനുരഞ്ജന ചർച്ചകളെ തകർക്കുമെന്ന് മുതിർന്ന ഹമാസ് നേതാവ് വ്യക്തമാക്കി.

ഈജിപ്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് റഫ. വടക്കൻ, മധ്യ ഗസ്സയിൽ ആക്രമണം രൂക്ഷമായതോടെ സുരക്ഷിത പ്രദേശമെന്ന് വിശ്വസിച്ച് നിരവധി പേരാണ് അഭയാർഥികളായി ഇവിടെയെത്തിയത്. ആളുകൾ കൂട്ടത്തോടെ ടെന്റുകളിലാണ് താമസിക്കുന്നത്. ഗസ്സയിലെ ആകെ ജനസംഖ്യയുടെ പകുതിയിലധികവും ഇപ്പോൾ റഫയിലാണ്. ഏകദേശം 13 ലക്ഷത്തോളം പേരാണ് ചെറിയ നഗരത്തിലുള്ളത്.

ഗസ്സയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഈജിപ്ത് നിരവധി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റഫയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.

അതേസമയം, ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തും. അധിനിവേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികളാണ് ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ മരണം 28,176 ആയി.
അതിനിടെ, ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ രണ്ട് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡ് അറിയിച്ചു.



source https://www.sirajlive.com/israel-aims-for-massacre-in-rafale.html

Post a Comment

Previous Post Next Post