രാജ്യത്ത് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ (ഏക് ദേശ് ഏക് ഭോട്ട്) സാധ്യതയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നത സമിതി രാഷ്ട്രപതിക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയ ശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദേശം. ഭരണഘടനാ ഭേദഗതിയിലൂടെ ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉപദേശപ്രകാരം പ്രത്യേക വോട്ടര്‍ പട്ടികയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടന നല്‍കുന്ന ഫെഡറല്‍ ഘടനക്കും അടിസ്ഥാന തിരഞ്ഞെടുപ്പ് തത്ത്വങ്ങള്‍ക്കും എതിരാണ്. ഇത് ജനാധിപത്യത്തെ പരിമിതപ്പെടുത്തുകയും സംസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഒരു രാജ്യം ഒരു പാര്‍ട്ടിയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായും ഈ ആശയത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതി 191 ദിവസം കൊണ്ട് തയ്യാറാക്കിയ 18,626 പേജുകളുള്ള റിപോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. സമിതിക്കു മുമ്പില്‍ 47 രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. 32 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയെ പിന്തുണച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഈ രീതിയെ എതിര്‍ക്കുന്നവരുടെ ആശങ്കയും റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആശയം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണ്, ജനാധിപത്യ വിരുദ്ധമാണ്, ഫെഡറല്‍ സമ്പ്രദായത്തിന് വിരുദ്ധമാണ്, പ്രാദേശിക പാര്‍ട്ടികളെയും ദേശീയ പാര്‍ട്ടികളെയും വേര്‍തിരിക്കും, ഒരു പാര്‍ട്ടിയുടെ ആധിപത്യം വര്‍ധിപ്പിക്കും, ഈ സംവിധാനം രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കും എന്നീ ആശങ്കകളാണ് ആശയത്തെ എതിര്‍ക്കുന്നവര്‍ സമിതിയെ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഇതിനു പുറമെ കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, ഡോ. നിതേന്‍ ചന്ദ്ര എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമിതിയുടെ ശിപാര്‍ശ പ്രകാരം അടുത്ത സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം പാസ്സാക്കിയാല്‍ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇത് ചില സംസ്ഥാന സര്‍ക്കാറുകളെ നേരത്തേ പിരിച്ചുവിടുന്നതിലേക്ക് നയിക്കും. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2026ലാണ്. നിയമം പുതുക്കിയാല്‍ ഈ സംസ്ഥാനങ്ങളുടെ ഭരണ കാലാവധി മൂന്ന് വര്‍ഷമോ അതില്‍ കുറവോ ആയി ചുരുങ്ങും. കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കാലാവധിക്ക് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. മുന്‍ രാഷ്ട്രപതി അധ്യക്ഷനായ സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കിയാല്‍ അത് ഭരണഘടനാ ലംഘനമായി മാറും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അംഗീകരിച്ച ദേശീയ പാര്‍ട്ടികള്‍ രണ്ടെണ്ണം മാത്രമാണ്. അതിലൊന്ന് ബി ജെ പിയാണ്. രണ്ടാമത്തേത് ബി ജെ പിയുടെ സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി). കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, സി പി എം എന്നീ ദേശീയ പാര്‍ട്ടികള്‍ ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി സമിതി രാജ്യത്തെ 62 രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുകയുണ്ടായി. ഇവയില്‍ 18 പാര്‍ട്ടികളുമായി നേരിട്ട് കൂടിയാലോചിക്കുകയും ചെയ്തിരുന്നു. അഭിപ്രായം അറിയിച്ചത് 42 പാര്‍ട്ടികളാണ്.
ബി ജെ പി, എന്‍ പി പി, ബി ജെ പിയുടെ മറ്റു സഖ്യകക്ഷികളായ ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന്‍ (എ ജെ എസ് യു), അപ്‌നാദള്‍, അസം ഗണ പരിഷത്ത്, ലോക് ജനശക്തി പാര്‍ട്ടി (ആര്‍), എന്‍ ഡി പി-നാഗാലാന്‍ഡ് (ആര്‍), സിക്കിം ക്രാന്തികരി മോര്‍ച്ച, മിസോ നാഷനല്‍ ഫ്രണ്ട്, യുനൈറ്റഡ് ജനതാദള്‍, യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ ഓഫ് അസം, ബിജു ജനതാദള്‍, ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം), കൂടാതെ എ ഐ ഡി എം കെ, അകാലിദള്‍ എന്നീ 32 പാര്‍ട്ടികള്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ എ ഐ യു ഡി എഫ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, എ ഐ എം ഐ എം, സി പി ഐ, ഡി എം കെ, നാഗാ പീപ്പിള്‍സ് ഫ്രണ്ട്(എന്‍ പി എഫ്), സമാജ് വാദി പാര്‍ട്ടി, സി പി ഐ (എം എല്‍), എസ് ഡി പി തുടങ്ങി 15 പാര്‍ട്ടികള്‍ എതിര്‍ത്തു.
ഭാരത് രാഷ്ട്ര സമിതി, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ്, സെക്യുലര്‍ ജനതാദള്‍, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ്സ് (എം), നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍ എസ് പി) തെലുങ്ക് ദേശം പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, എന്‍ സി പി (പവാര്‍), വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടത്തുമ്പോള്‍ ചില മെച്ചങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ചെലവും മനുഷ്യാധ്വാനവും കുറയും. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും പാര്‍ട്ടികളും (സര്‍ക്കാറിന്റേതുമടക്കം) 60,000 കോടി രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. 1952ല്‍ നടന്ന ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ചെലവായ മൊത്തം സംഖ്യ 11 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഒരു സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നത് അഞ്ച് കൊല്ലം ഭരിക്കാനാണ്. 1994ലെ സുപ്രീം കോടതി വിധിയനുസരിച്ച് കാലാവധിക്കു മുമ്പേ സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടുന്നതിന് പരിമിതിയുണ്ട്. മാത്രമല്ല എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ അവിടെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഓരോ പാര്‍ട്ടിയോടും വോട്ടര്‍മാര്‍ പുലര്‍ത്തുന്ന നിലപാട് വ്യത്യസ്തമായിരിക്കും. 2014, 2019ലെ ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ എല്ലാ ലോക്സഭാ സീറ്റുകളും ബി ജെ പി തൂത്തുവാരിയപ്പോള്‍ 2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എ എ പിയുടെ വിജയം ഏതാണ്ട് ഏകപക്ഷീയമായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ രണ്ട് ദശകങ്ങളില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്നത് ഒരേസമയത്താണ്. 1957ല്‍ കേരളത്തില്‍ നിലവില്‍ വന്ന ഇ എം എസ് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചു വിട്ടതിനെ തുടര്‍ന്ന് 1960ല്‍ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഇതിന് അപവാദമാണ്. മുമ്പ് അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് രാജ്യം തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ നിലവില്‍ എല്ലാ വര്‍ഷവും എവിടെയെങ്കിലുമായി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമാണ്. ഇത് സമ്പത്തിനെയും മനുഷ്യപ്രയത്‌നത്തെയും സാരമായി ബാധിക്കുന്നു എന്നവാദം അംഗീകരിക്കുമ്പോള്‍ തന്നെ രാജ്യം പരമ പ്രധാനമായി കാണേണ്ടത് ഭരണഘടനയെയാണെന്ന വസ്തുത വിസ്മരിച്ചുകൂടാ. സമിതിയുടെ നിര്‍ദേശം ഭരണഘടനക്കെതിരെയുള്ള തീക്കളിയാണ്.
source https://www.sirajlive.com/single-choice-this-firefight-is-over-the-constitution.html
إرسال تعليق