കെജ്‌രിവാളിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ യുദ്ധസമാന സാഹചര്യം

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ആം ആദ്മി പാര്‍ട്ടി ( എ എ പി) വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നിലവില്‍ ഡല്‍ഹിയില്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷാത്മകമായ സാഹചര്യമാണ് കെജ്‌രിവാളിന്റെ വസതിക്കു മുമ്പില്‍ നിലനില്‍ക്കുന്നത്. രാജ്യവ്യാപക പ്രതിഷേധത്തിന് എ എ പി ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ തുടരും; ജയിലിലിരുന്ന് ഭരിക്കും: എ എ പി
എ എ പി നിയമസംഘം സുപ്രീം കോടതി രജിസ്ട്രാറുടെ വീട്ടിലെത്തി. ഇന്ന് രാത്രി തന്നെ അടിയന്തരവാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തുടരുമെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ബി ജെ പിക്കെതിരായി വരുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കം. ബി ജെ പി ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും പാര്‍ട്ടി പറഞ്ഞു.

എ എ പി എം എല്‍ എ. രാഖി ബിര്‍ളയെയും ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ എ പി പ്രവര്‍ത്തകരെ നിരവധി ബസുകളിലായി അറസ്റ്റ് ചെയ്തു നീക്കുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് ഡല്‍ഹി.

പ്രതിരോധിക്കാന്‍ ഇന്ത്യ മുന്നണി
അറസ്റ്റിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ഇന്ത്യ മുന്നണി വ്യക്തമാക്കി. കോണ്‍ഗ്രസ് വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ശക്തമായ പ്രതിഷേധത്തിന് പി സി സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍
അറസ്റ്റിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ഒരു ഏകാധിപതി രാജ്യത്തെ കൊല്ലുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പരാജയ ഭീതിയില്‍ ബി ജെ പി പ്രതിപക്ഷ വേട്ട നടത്തുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചു. ജനരോഷം നേരിടാന്‍ ബി ജെ പി ഒരുങ്ങിക്കോളൂ. നടപടി ഇന്ത്യ മുന്നണിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതോടെ ബി ജെ പിക്ക് 400 സീറ്റ് കിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗമാണ് നടത്തുന്നതെന്ന് എന്‍ സി പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. ഇന്ത്യയില്‍ എങ്ങനെ സുതാര്യ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു. കേന്ദ്ര ഏജന്‍സികള്‍ ബി ജെ പിയുടെ പാവകളായി പ്രവര്‍ത്തിക്കുന്നുവെന്ന് സി പി എം കുറ്റപ്പെടുത്തി.

അതേസമയം, കെജ്‌രിവാളിന്റെ അറസ്റ്റിനെ ബി ജെ പി സ്വാഗതം ചെയ്തു. സത്യം ജയിച്ചെന്ന് പാര്‍ട്ടി പ്രതികരിച്ചു.



source https://www.sirajlive.com/widespread-protests-over-kejriwal-39-s-arrest-war-like-situation-in-delhi.html

Post a Comment

Previous Post Next Post