വിദ്യാഭ്യാസ ബന്ദ്; പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം|സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കെ എസ് യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം കെ.എസ്.യു വിദ്യാഭ്യാസ ബന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും ഇതിനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാന്‍ പോലിസ് സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, സര്‍വകലാശാല പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയതായും കെ.എസ്.യു അറിയിച്ചു. സിദ്ധാര്‍ഥിന്റെ മരണത്തിനെതുടര്‍ന്ന് കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ അലോഷ്യസ് സേവ്യര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ജെബി മേത്തര്‍ എംപി എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

 

 

 



source https://www.sirajlive.com/education-bandh-minister-v-sivankutty-said-that-the-students-are-being-severely-harmed-during-the-examination.html

Post a Comment

Previous Post Next Post