ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ല; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ പുറത്തിറക്കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇഡിയുടെ വിശദീകരണം. അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം ഇഡി പുറത്ത് വിട്ടത്.

ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന സമയത്തും തന്നേക്കുറിച്ചല്ല കെജരിവാള്‍ ചിന്തിക്കുന്നതെന്നും മറിച്ച് ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി അതിഷി പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കെജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി വ്യക്തമാക്കിയിരുന്നു.

കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനും പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയത്.
എല്ലാദിവസവും വൈകിട്ട് 6 മണിക്കും 7 മണിക്കുമിടയില്‍ അരമണിക്കൂറാണ് കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളത്.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ ഈ മാസം 28 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

 

 

 



source https://www.sirajlive.com/kejriwal-not-allowed-computer-or-paper-in-ed-custody-report.html

Post a Comment

أحدث أقدم