മതേതര വോട്ടുകള്‍ ഏകീകരിക്കണം

ഭരണവും അധികാരവുമെന്ന പോലെ ഒറ്റുകൊടുക്കലും ചാക്കിട്ട് പിടിത്തവും അകത്താക്കലും കൊലയും കൊള്ളയുമൊക്കെ ഇപ്പോഴത്തെ രാഷ്ട്രീയ ഉപോത്പന്നമാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനയും നിലനിര്‍ത്തല്‍ കക്ഷി, ലിംഗ ഭേദമന്യേ മുഴുവന്‍ പൗരന്മാരുടെയും ബാധ്യതയാണ്. നവരാഷ്ട്ര സൃഷ്ടിക്കായി പൊതു തിരഞ്ഞെടുപ്പിന്റെ ആരവമുയരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കണം. അധികാര കൊതിക്കും അഴിമതിക്കുമപ്പുറം വര്‍ഗീയവത്കരണവും വംശീയ ഉന്മൂലനവും രാജ്യം നേരിടുന്ന ഭീഷണിയാണ്. പരിവാരങ്ങളൊത്ത് വോട്ട് ചോദിച്ചും അനുഗ്രഹം തേടിയും നാടും ഊരും താണ്ടുന്ന സ്ഥാനാര്‍ഥിയുടെ വശ്യമായ പുഞ്ചിരിയിലും വാചാലതയിലും വീണ് വോട്ടും പിന്തുണയും സമര്‍പ്പിക്കുന്നവര്‍ രാജ്യത്തിന്റെ വരും വരായ്കകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ബാബരിക്കും ഗ്യാന്‍വ്യാപിക്കും ശേഷം വരാണസിയും താജ് മഹലും ഏക സിവില്‍ കോഡും പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്‌നിപര്‍വതങ്ങളാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ആചാരവും നിലനില്‍പ്പ് പോലും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതേതര വികാരം ജ്വലിച്ചു നില്‍ക്കേണ്ടത് രാംലീല മൈതാനിയിലും പൊതുറോഡുകളിലുമല്ല, പോളിംഗിലാണ്.

പാരമ്പര്യ ചിഹ്നങ്ങള്‍ക്കും ഇടതു, വലതു പക്ഷത്തിനുമപ്പുറം ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും അറുതി വരുത്താനാകണം സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. അഴിമതി ബോണ്ടുകള്‍ ഒഴുക്കി എം എല്‍ എമാരെ ചാക്കിടുന്ന നെറികേട് ഇല്ലാതാക്കാന്‍ പൗരന്മാര്‍ക്ക് കഴിയണം. അധികാരദണ്ഡുപയോഗിച്ച് നീതിന്യായ വ്യവസ്ഥകളെ തകിടം മറിച്ച് ദുര്‍ബലര്‍ക്ക് നീതി നിഷേധിക്കുന്ന സ്വേച്ഛാധിപത്യം കുഴിച്ചുമൂടണം. ബുള്‍ഡോസര്‍ രാജിലൂടെ ന്യൂനപക്ഷത്തെ പാര്‍ശ്വവത്കരിച്ചും ബലാത്സംഗ വീരന്‍മാര്‍ക്ക് പൂമാലയിട്ടും ഇരകളെ ചുട്ടുകൊന്നും ഭീകര രാഷ്ട്രം പണിയുന്ന ദുര്‍ഭൂതങ്ങളെ അധികാരത്തില്‍ നിന്ന് ആട്ടിയിറക്കണം. ജനാധിപത്യ മതേതരത്വ ശാക്തീകരണത്തിനായി പൗരന്മാര്‍ ഒന്നിക്കണം. ഇടതു വലതു കക്ഷികള്‍ നാളിതുവരെ പറഞ്ഞും പയറ്റിയും പോന്ന തന്‍പോരിമകളും മേല്‍ക്കോയ്മകളും മാറ്റി ക്ഷയിക്കുന്ന ജനാധിപത്യത്തിന് പുതുജീവന്‍ നല്‍കാനാകണം ഇനിയുള്ള വീറും വാശിയും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. തങ്ങള്‍ക്ക് ഭരിക്കണമെന്നതിനപ്പുറം ഇന്ദ്രപ്രസ്ഥത്തില്‍ അടയിരിക്കുന്ന രാജ്യദ്രോഹികളെ തടയിടണമെന്ന പ്രതിജ്ഞ നടപ്പാക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. അത് ഏതറ്റം വരെയും ആകാം. ഇന്ത്യ മുന്നണി ഇക്കാര്യത്തില്‍ മതേതര മനസ്സുകള്‍ക്ക് ആശ്വാസം പകരുന്നതാണ്. തേരാളി വീരനാണെങ്കിലും സമര്‍ഥനാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പശ്ചിമ ബംഗാളും മഹാരാഷ്ട്രയും ഗുജറാത്തും ഒക്കെ ഇനിയും വീണ്ടുവിചാരത്തിന് തയ്യാറാകണം.

പീഡിത മര്‍ദിത ജനസാമാന്യത്തിന്റെ വികാരമാണിത്. തങ്ങള്‍ക്ക് മേല്‍ക്കൈ എന്നതല്ല പൊതുശത്രുവിന്റെ പതനമാകണം ലക്ഷ്യം. മതേതര വോട്ടുകളുടെ ഏകീകരണമാണ് ഇന്ത്യ മുന്നണിയുടെ സ്ഥാപിത ലക്ഷ്യം. മണ്ഡലമേതായാലും തമ്മില്‍ തല്ലി സ്വന്തം ചിതയൊരുക്കുന്നത് ഒഴിവാക്കണം. ആവശ്യമായ നീക്കുപോക്കുകള്‍ അതിനുണ്ടാകണം. ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ മതേതരത്വ വീണ്ടെടുപ്പിനും ജീവത്യാഗം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍ തമ്മില്‍ത്തല്ലിയാല്‍ രാഷ്ട്രീയ ഭൂപടം തങ്ങളെ തമസ്‌കരിക്കുമെന്ന് തിരിച്ചറിയാന്‍ മുന്നണിക്ക് കഴിയണം. സ്വാര്‍ഥതയും ശാഠ്യവും മാറ്റി തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച ജനകോടികളുടെ താത്പര്യം മുന്നണി മാനിക്കണം. ബൂത്ത് പിടുത്തവും കള്ളവോട്ടും കണ്ടെത്തല്‍ അല്ല അത് ഇല്ലായ്മ ചെയ്യലാണ് ഇന്ത്യ മുന്നണിയുടെ ദൗത്യം. ഹിന്ദി പോക്കറ്റിലെ നഗ്‌നമായ തിരഞ്ഞെടുപ്പ് ലംഘനങ്ങള്‍ക്ക് തടയിടാനും കമ്മീഷന്റെ നീതിബോധവും സത്യസന്ധതയും ഉറപ്പുവരുത്തി വോട്ടര്‍മാരില്‍ ആത്മവിശ്വാസമുണ്ടാക്കാനും മുന്നണിക്ക് കഴിയേണ്ടതാണ്. പാര്‍ട്ടിക്കാരന്റെ ഭാഗ്യപരീക്ഷണമല്ല, മതേതരത്വത്തിന്റെ വീണ്ടെടുപ്പും ദേശത്തിന്റെ നിലനില്‍പ്പുമാണ് രാജ്യസ്‌നേഹികള്‍ക്ക് പ്രധാനം.



source https://www.sirajlive.com/secular-votes-should-be-consolidated.html

Post a Comment

Previous Post Next Post