നാല് പതിറ്റാണ്ടായി തെലുഗു ദേശം പാർട്ടി (ടി ഡി പി) കൈവശംവെച്ചുപോരുന്ന ഗ്രാമീണ നിയമസഭാ മണ്ഡലമാണ് ആന്ധ്രാ പ്രദേശിലെ കുപ്പം. 1983ൽ പാർട്ടിയുടെ പ്രഥമ തിരഞ്ഞെടുപ്പ് പോരാട്ടം മുതൽ കൂടെക്കൂടിയ കുപ്പത്ത് ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ്സ് നാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്. 1989 മുതൽ തുടർച്ചയായി ഏഴ് തവണ ടി ഡി പി മേധാവി എൻ ചന്ദ്രബാബു നായിഡു ജയിച്ചു വരുന്ന ഇവിടെ ഇക്കുറി തീപാറും പോരാട്ടമാണ്.
മണ്ണൊലിപ്പ്
ആന്ധ്രയിൽ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, പാർട്ടികളെല്ലാം വലിയ പ്രചാരണത്തിലാണ്. കുപ്പത്തും സമാന സ്ഥിതി തന്നെ. ജഗൻ മോഹൻ റെഡ്ഢിയുടെ വൈ എസ് ആർ കോൺഗ്രസ്സ് ആവിർഭാവത്തിന് ശേഷം കുപ്പത്ത് ടി ഡി പിയുടെ അടിത്തറയിൽ വിള്ളലുണ്ടാകുന്നുണ്ട്. ഇപ്രാവശ്യം 33കാരനായ കൃഷ്ണ രാഘവ ജയേന്ദ്ര ഭരതിനെയാണ് നായിഡുവിനെതിരെ വൈ എസ് ആർ കോൺഗ്രസ്സ് നിർത്തിയത്. ആന്ധ്രാ വിഭജനമുണ്ടായതിന് ശേഷമുള്ള 2014ലെ ആദ്യ തിരഞ്ഞെടുപ്പിൽ നായിഡുവിന് ഇവിടെ 47,217 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന് രണ്ട് ലക്ഷം വോട്ടുകളാണ് പോൾ ചെയ്തത്. 175 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി ആ വർഷം ടി ഡി പി അധികാരത്തിലേറി.
അഞ്ച് വർഷം പിന്നിട്ടപ്പോഴേക്കും 151 സീറ്റുകൾ നേടി വൈ എസ് ആർ കോൺഗ്രസ്സ് തരംഗമുണ്ടായപ്പോഴും കുപ്പം നായിഡുവിനെ കൈവിട്ടില്ല. അന്ന് ടി ഡി പിക്ക് ലഭിച്ചത് വെറും 23 സീറ്റുകളാണെന്ന് ഓർക്കണം. എന്നാൽ, നായിഡുവിന്റെ ഭൂരിപക്ഷം 30,772 ആയി കുറഞ്ഞിരുന്നു. അന്ന് 1.83 ലക്ഷം വോട്ടുകളാണ് മണ്ഡലത്തിൽ പോൾ ചെയ്തത്.
നന്നായി വിയർക്കും
ഇത്തവണ നായിഡുവിന് കുപ്പത്ത് എളുപ്പമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 2022ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കുപ്പത്തെ 25 വാർഡുകളിൽ 19ഉം 89 പഞ്ചായത്തുകളിൽ 75ഉം 65 ബ്ലോക്ക് പരിഷത്തുകളിൽ 62ഉം നാല് ജില്ലാ പരിഷത്തുകളും വൈ എസ് ആർ കോൺഗ്രസ്സ് പിടിച്ചെടുത്തിരുന്നു. അപകടം മണത്ത് പതിവിന് വിപരീതമായി മണ്ഡലത്തിൽ പ്രചാരണത്തിൽ വ്യാപൃതനാണ് നായിഡു. വർഷങ്ങളായി പാർട്ടിയുടെ പ്രാദേശിക നേതാക്കളായിരുന്നു കുപ്പത്ത് പ്രചാരണം നടത്തിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇടക്കിടെ മണ്ഡലം സന്ദർശിക്കുകയും റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുകയുമാണ് നായിഡു.
വെള്ളത്തിൽ വോട്ട്
സ്വന്തം മണ്ഡലമായ കഡപ്പയിലെ പുലിവേണ്ടുലക്ക് സമാനമായി കുപ്പത്ത് വികസന പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട് ജഗൻ. കൃഷ്ണ നദിയിൽ നിന്ന് പ്രദേശത്തെ കനാലിലേക്ക് വെള്ളം തിരിച്ചുവിടുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഫെബ്രുവരിയിൽ ജഗൻ കുപ്പത്ത് എത്തിയിരുന്നു. മേഖലയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഇത്. 6,300 ഹെക്്ടർ കൃഷി ഭൂമിക്കും നാല് ലക്ഷം പേരുടെ കുടിവെള്ളത്തിനും ഈ പദ്ധതി ഉപകരിക്കും.
വൈ എസ് ആർ കോൺഗ്രസ്സ് സ്ഥാനാർഥി ഭരത് ഒ ബി സി വിഭാഗമായ വണ്ണെകുല ക്ഷത്രിയ സമുദായത്തിൽ പെട്ടയാളാണ്. മണ്ഡലത്തിലെ 40 ശതമാനം വോട്ടർമാർ ഈ വിഭാഗക്കാരാണ്. നായിഡുവാകട്ടെ ഉയർന്ന ജാതി അംഗമാണ്. ഇക്കാര്യവും ജഗൻ വലിയ പ്രചാരണ വിഷയമാക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന തന്നെ ജനങ്ങൾ കൈവിടില്ലെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആത്മവിശ്വാസം. കുപ്പം ബ്രാഞ്ച് കനാലിന്റെ 80 ശതമാനം പ്രവൃത്തിയും ടി ഡി പി സർക്കാറിന്റെ കാലത്ത് പൂർത്തിയാക്കിയതായി അദ്ദേഹം അവകാശപ്പെടുന്നു. ജഗന്റെത് നാടകമായിരുന്നെന്നും മോശം രാഷ്ട്രീയം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രിയെന്നും നായിഡു ആരോപിക്കുന്നു. വ്യാജരേഖ ചമക്കൽ, കൈക്കൂലി അടക്കമുള്ള കേസുകളിൽ നായിഡുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു ജഗൻ സർക്കാർ. ഈയടുത്താണ് പുറത്തിറങ്ങിയത്. അതിന് ശേഷം ബി ജെ പിയുമായി സഖ്യമുണ്ടാക്കി വൈ എസ് ആർ കോൺഗ്രസ്സിനെ നേരിടുകയാണ് നായിഡു. ആ പരീക്ഷണം ടി ഡി പിയെ രക്ഷിക്കുമോ അതല്ല, കൈയിലുള്ളതും പോകുമോയെന്ന് കണ്ടറിയാം.
source https://www.sirajlive.com/strapped-to-avoid-losing-the-camp.html
Post a Comment