ആറ് മാസം പിന്നിട്ട് ഇസ്റാഈൽ ആക്രമണം; നിലക്കാതെ രക്തം

ഗസ്സ | ഫലസ്തീൻ ജനതക്ക് മേൽ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്റാഈലിന്റെ ഇടവേളയില്ലാത്ത ആക്രമണത്തിന് ഇന്നലെ ആറ് മാസം പൂർത്തിയായി.
ആക്രമണം അവസാനിപ്പിക്കാനുള്ള ഒരു ആലോചനയും ഇസ്റാഈലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

അമേരിക്ക ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങൾ യഥേഷ്ടം നൽകുന്ന ആയുധ- രാഷ്ട്രീയ പിൻബലത്തിൽ അവർ പ്രതിദിനം ആക്രമണം ശക്തമാക്കുകയാണ്. അപ്രതീക്ഷിതമായി യു എൻ രക്ഷാ സമിതി പാസ്സാക്കിയ വെടിനിർത്തൽ പ്രമേയം ഫലപ്രാപ്തിയിലെത്താതെ കിടക്കുന്പോഴാണ്, സമാധാനത്തിനുള്ള വഴികളൊന്നും തെളിയാതെ ഇസ്റാഈൽ ആക്രമണം 185ാം ദിവസത്തിലെത്തി നിൽക്കുന്നത്.
അതേസമയം, ഏതാനും ദിവസങ്ങൾ കൊണ്ട് ഹമാസിനെ തകർത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന ഇസ്റാഈൽ പ്രഖ്യാപനം മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കാനായിട്ടില്ല.
പിന്നെയും ചർച്ച
അതിനിടെ, വെടിനിർത്തൽ, ഗസ്സയിലെ ബന്ദികളെ വിട്ടുകിട്ടൽ ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ ഈജിപ്തിലേക്കയക്കാൻ ഇന്നലെ ചേർന്ന ഇസ്റാഈൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചർച്ചകൾക്ക് യു എസ് രഹസ്യാന്വേഷണ ഏജൻസിയായ സി ഐ എയുടെ ഡയറക്ടർ വില്യം ബേൺസ്, ഖത്വർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്‌മാൻ ബിൻ ജാസിം ആൽ താനി എന്നിവർ നേരത്തേ കൈറോയിലെത്തിയിട്ടുണ്ട്. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കാതെ ഒരു തരത്തിലുള്ള വെടിനിർത്തൽ കരാറിനും സന്നദ്ധമല്ലെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെയും ആവർത്തിച്ചു.
പിന്മാറ്റ നാടകം
തെക്കൻ ഗസ്സയിൽ നിന്ന് കൂടുതൽ കരസേനയെ ഇസ്റാഈൽ സൈന്യം പിൻവലിച്ചു. ഇപ്പോൾ ഒരു ബ്രിഗേഡ് മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂവെന്ന് സേനാ വക്താവ് പറഞ്ഞു. സൈനിക പിന്മാറ്റത്തിനുള്ള കാരണമോ പിന്മാറിയ സൈനികരുടെ എണ്ണമോ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഒന്നും നൽകാതെയാണ് ഇസ്റാഈൽ സൈനിക വക്താവിന്റെ പ്രസ്താവന. അന്താരാഷ്ട്ര സമ്മർദം ലഘൂകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി മാത്രമേ ഈ നീക്കത്തെ കാണാൻ കഴിയൂ. സൈനിക പിന്മാറ്റം തികച്ചും തന്ത്രപരമാണെന്നും യുദ്ധം അവസാനിക്കുന്നുവെന്ന് അതിന് അർഥമില്ലെന്നും ഇസ്റാഈൽ സുരക്ഷാ വിശകലന വിദഗ്ധർ സൂചിപ്പിച്ചു.

184 ദിവസം
• മരണം
ഇതുവരെ കൊല്ലപ്പെട്ടത് 33,137 ഫലസ്തീനികൾ.
13,800ലധികം കുട്ടികൾ.
ആയിരങ്ങളെ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും
കാണാതായി.
ആയിരത്തോളം കുട്ടികൾക്ക് കാലുകൾ നഷ്ടമായി.
പരുക്കേറ്റത് 75,815 പേർക്ക്.
• പട്ടിണി
23 ലക്ഷം ജനങ്ങൾ പട്ടിണി അഭിമുഖീകരിക്കുന്നു.
പോഷകാഹാരക്കുറവ് കാരണം കുഞ്ഞുങ്ങൾ മരിക്കുന്നു.
• അഭയാർഥിത്വം
തെക്കൻ ഗസ്സയിലേക്ക് ആട്ടിയോടിക്കപ്പെട്ട് ഫലസ്തീനികൾ.
19 ലക്ഷം പേർക്ക് വീടും നാടും നഷ്ടമായി.
പലരും യു എൻ അഭയാർഥി ക്യാന്പുകളിലുണ്ട്.
ആർക്കും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.
17,000ത്തിലധികം കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് വേർപെട്ടു.
റഫയിൽ മാത്രം 15 ലക്ഷം അഭയാർഥികൾ.
• തകർച്ച
ഗസ്സയിലെ 62 ശതമാനം (2,90,820) വീടുകളും തകർന്നു.
പത്ത് ലക്ഷത്തിലധികം പേർ ഭവനരഹിതരായി.
പൊതുമേഖലയിൽ 18.5 ബില്യൺ ഡോളറിന്റെ നാശനഷ്ടം.
80 ശതമാനം സ്കൂളുകളും ഇല്ലാതായി.
6.25 ലക്ഷം വിദ്യാർഥികൾക്ക് പഠനം നഷ്ടമായി.
• ആതുര മേഖല
പ്രവർത്തിക്കുന്നത് 36ൽ പത്ത് ആശുപത്രികൾ മാത്രം.
ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ തകർത്തു.
• മാധ്യമങ്ങൾ
140ലധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.
24ലധികം മാധ്യമ പ്രവർത്തകർ അറസ്റ്റിൽ/തടങ്കലിൽ.



source https://www.sirajlive.com/six-months-later-israel-attacked-bleed-non-stop.html

Post a Comment

أحدث أقدم