കേരളത്തിന് ജലം നൽകി തമിഴ്നാട് ഷോളയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 11.514 ടി എം സി വെള്ളം

പാലക്കാട് | അന്തർസംസ്ഥാന കരാർ പ്രകാരം തമിഴ്നാട് കേരളത്തിന് വെള്ളം നൽകുന്നില്ലെന്ന വിവാദത്തിനിടെ ഷോളയാർ അണക്കെട്ടിൽ നിന്ന് ജലം നൽകി ചരിത്രം തിരുത്തി. 1970 ൽ പറമ്പിക്കുളം ആളിയാർ പദ്ധതി ( എ പി പി) കരാർ നിലവിൽ വന്നുവെങ്കിലും ഇതുവരെ തമിഴ്നാട് പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ അന്തർ സംസ്ഥാന കരാർ പ്രകാരം കേരളത്തിന് അർഹതപ്പെട്ട ജലം നൽകിയിട്ടില്ല.

പലപ്പോഴും വെള്ളത്തിനായി തമിഴ്നാടുമായി കൊമ്പുകോർക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇത്തവണ ഷോളയാർ അണക്കെട്ടിൽ നിന്ന് വാർഷിക വിഹിതമായി കരാർ പ്രകാരം 12.3 ടി എം സി ജലമാണ് നൽകേണ്ടത്. എന്നാൽ ഈ മാസം മെയ് ഒന്പത് വരെ 11.514 ടി എം സി വെള്ളം തമിഴ്നാട് നൽകിയതായി കെ എസ് ഇ ബിയും ജലസേചന വകുപ്പും വ്യക്തമാക്കി.

ഇനി കരാർ പ്രകാരം 0.786 ടി എം സി ജലം മാത്രം നൽകിയാൽ മതി. അത് നൽകുന്നതിന് ഒരു മാസവും 20 ദിവസവും സമയമുണ്ട്. ജൂലൈ ഒന്നിന് തുടങ്ങി ജൂൺ 30നുള്ളിൽ ജലവർഷം കണക്കിലെടുത്താണ് പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളത്തിന് ജലം നൽകേണ്ടത്. തമിഴ്നാട് ഷോളയാർ അണക്കെട്ടിൽ വെള്ളം തുറന്നുവിട്ടാൽ പറമ്പിക്കുളം അണക്കെട്ടിലേക്കും കേരള ഷോളയാർ അണക്കെട്ടിലുമാണ് എത്തിച്ചേരുക.

കേരള ഷോളയാറിൽ വെള്ളമെത്തിയാൽ തൃശൂർ, ചാലക്കുടി ഭാഗത്തേക്ക് ജലം ലഭ്യമാക്കുന്നതിന് പുറമെ വൈദ്യുതി ഉത്പാദനവും നടത്തുന്നുണ്ട്. തമിഴ്നാട് ഇത്തവണ വേനൽക്കാലത്ത് വെള്ളം തന്നതിനാൽ കേരള ഷോളയാർ പദ്ധതിയിൽ നിന്ന് 216.5 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനായി. രാത്രി സമയത്ത് ഉപഭോഗം കൂടിയ സമയത്ത് വൈദ്യുതി ഉത്പാദിപ്പിച്ച് പ്രതിസന്ധി മറികടക്കാനും സാധിച്ചു.
ഷോളയാർ ജല വൈദ്യുത പദ്ധതിയിൽ 18 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണുള്ളത്. ഇതിന് പുറമെ പെരിങ്ങൽകുത്ത് പദ്ധതിയിലും വൈദ്യുതി ഉത്പാദിപ്പിക്കാനും തമിഴ്നാട്ടിൽ നിന്ന് ലഭിച്ച വെള്ളം സഹായിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ അധിക ജലം ഉപയോഗിച്ച് ഷോളയാറിൽ 40.98 മെഗാ യൂനിറ്റും പെരിങ്ങൽകുത്തിൽ 21.57 മെഗാ യൂനിറ്റും വൈദ്യുതി ഉത്പാദിപ്പിച്ചതായി കെ എസ് ഇ ബി അധികൃതർ പറഞ്ഞു. ചാലക്കുടി ജലസേചന പദ്ധതികളിലും വെള്ളമെത്തിയതിനാൽ ഇത്തവണ ചാലക്കുടിപ്രദേശത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെട്ടില്ല.

കരാർപ്രകാരം വെള്ളം നൽകിയിട്ടില്ലെങ്കിലും തമിഴ്നാട് പറമ്പിക്കുളം അണക്കെട്ടിൽ നിന്ന് കേരളത്തിന് വേനൽക്കാലത്തും അധിക ജലം ഒഴുക്കി വിട്ടിരുന്നു. ഇതുമൂലം ചിറ്റൂർ മേഖലകളുൾപ്പെടെ കുടിവെള്ളത്തിന്റെ അതിരൂക്ഷത ഇത്തവണ അനുഭവപ്പെട്ടില്ലെന്നാണ് ജലസേചന വകുപ്പ് പറയുന്നത്.

ചരിത്രത്തിലാദ്യമായാണ് കരാർ പ്രകാരം ഷോളയാറിൽ നിന്ന് ജലം നൽകുന്നതെന്നും ഇതിന് തമിഴ്നാടിനോട് കടപ്പെട്ടിരിക്കുന്നതായും ജലസേചന വകുപ്പ് വ്യക്തമാക്കി.



source https://www.sirajlive.com/11-514-tmc-of-water-has-been-received-from-sholayar-in-tamilnadu-till-now-by-providing-water-to-kerala.html

Post a Comment

Previous Post Next Post