തിരുവനന്തപുരം | വേനല്‍ച്ചൂടില്‍ വെന്തെരിയുന്ന സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആശ്വാസമായി ഇന്ന് വേനല്‍ മഴ പെയ്‌തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മെയ് അഞ്ച് വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളില്‍ സാധ്യത നില്‍നില്‍ക്കുന്നുണ്ട്. ഇടമിന്നല്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കുകയും വേണം.
പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളില്‍ മഞ്ഞ അലെര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളില്‍ ജനങ്ങള്‍ക്ക് സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
source https://www.sirajlive.com/summer-rain-is-likely-to-bring-relief-in-the-state-today.html
Post a Comment