സ്വർണം വാങ്ങിക്കൂട്ടി ആർ ബി ഐ

തിരുവനന്തപുരം | ആഗോള സമ്പദ് മേഖലയിൽ മാന്ദ്യഭീഷണി നിലനിൽക്കെ കരുതൽധനമായി സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബേങ്ക് ഓഫ് ഇന്ത്യയും (ആർ ബി ഐ). ആഗോള സാമ്പത്തികരംഗത്ത് പണപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളിക്കും ഉയർന്നതലത്തിൽ തുടരുന്ന പലിശഭാരത്തിനും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആശങ്കക്കുമിടയിലാണ് ആർ ബി ഐ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബേങ്കുകൾ കരുതൽ ധനമായി സ്വർണം വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിൽ ആർ ബി ഐ ഉൾപ്പെടെ പത്ത് രാജ്യങ്ങളുടെ കേന്ദ്ര ബേങ്കുകളാണ് കൂടുതൽ സ്വർണം വാങ്ങിക്കൂട്ടി കരുതൽ സ്വർണശേഖരം ഉയർത്തിയത്. കൂടുതൽ സ്വർണം സംഭരിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബേങ്കുകളിൽ മൂന്നാം സ്ഥാനത്താണ് ആർ ബി ഐ.

കരുതൽ സ്വർണം 2,262 ടൺ
വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2023- 2024 സാമ്പത്തിക വർഷ അവലോകന റിപോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (2024 ജനുവരി- മാർച്ച്) ആഗോളതലത്തിൽ രേഖപ്പെടുത്തിയ ആകെ സ്വർണ ഡിമാൻഡായ 1,238 ടണ്ണിൽ 23 ശതമാനവും വാങ്ങിക്കൂട്ടിയത് കേന്ദ്ര ബേങ്കുകളാണ്. ഇതിൽ 30 ടൺ സ്വർണം വാങ്ങിയ സെൻട്രൽ ബേങ്ക് ഓഫ് തുർക്കിയയാണ് മുന്നിൽ. ചൈനയുടെ പീപ്പിൾസ് ബേങ്ക് ഓഫ് ചൈന, ആർ ബി ഐ എന്നിവയാണ് തൊട്ടുപിന്നിൽ.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ തുടർച്ചയായി 17ാം മാസമാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബേങ്കുകൾ കരുതൽ സ്വർണശേഖരം ഉയർത്താൻ നീക്കം നടത്തുന്നത്. ഇതോടെ കേന്ദ്ര ബേങ്കുകളുടെ മൊത്തം കരുതൽ സ്വർണശേഖരം 2,262 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസങ്ങളിൽ രാജ്യാന്തര തലത്തിൽ സ്വർണവില ക്രമാതീതമായി കുതിച്ചുയരാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടത് കേന്ദ്ര ബേങ്കുകൾ വൻതോതിൽ കരുതൽ സ്വർണശേഖരം ഉയർത്തിയതാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 2023ൽ ട്രോയ് ഔൺസിന് രണ്ടായിരം ഡോളർ നിലവാരത്തിന് താഴെയായിരുന്ന രാജ്യാന്തര സ്വർണവില കഴിഞ്ഞ ജനുവരിക്കും മാർച്ചിനുമിടയിൽ 2,400 ഡോളർ ഭേദിച്ച് റെക്കോർഡിട്ടിരുന്നു. ആഗോള സാമ്പത്തികരംഗം വിവിധ വെല്ലുവിളികൾ നേരിടുന്നു എന്നതിനോടൊപ്പം പണപ്പെരുപ്പം, യുദ്ധം തുടങ്ങിയ പ്രതിസന്ധികൾ കൂടിയാണ് സ്വർണവിലയെ സ്വാധീനിച്ചത്.

കേന്ദ്ര ബേങ്കുകളുടെ കരുതൽ വിദേശ നാണയശേഖരത്തിലേക്ക് കേന്ദ്ര ബേങ്കുകൾ സാധാരണഗതിയിൽ കൂടുതലായും വിദേശ കറൻസികളാണ് ചേർക്കാറുള്ളത്. പ്രധാനമായും ഡോളറിനെയാണ് ഇതിനായി ആശ്രയിക്കുക.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ കറൻസികൾ വാങ്ങിക്കൂട്ടുന്നത് ഭദ്രമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതിസന്ധികാലത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കേന്ദ്ര ബേങ്കുകൾ സ്വർണത്തെ ആശ്രയിക്കുന്നത്.

സ്വർണശേഖരം ഉയർത്തുന്നതിൽ ആർ ബി ഐ താത്പര്യം കാണിച്ചിരുന്നില്ല. എന്നാൽ, ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലങ്ങളിൽ ആർ ബി ഐയും സ്വർണം വാങ്ങിക്കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് പിന്നാലെ 2009ൽ ആർ ബി ഐ ഒറ്റത്തവണയായി ഇരുനൂറ് ടൺ സ്വർണമായിരുന്നു കരുതൽ ശേഖരത്തിലേക്ക് വാങ്ങിയിരുന്നത്.



source https://www.sirajlive.com/rbi-bought-gold.html

Post a Comment

Previous Post Next Post