വിട ക്ലോപ്പ്; യാത്രയയപ്പില്‍ വിതുമ്പി ലിവര്‍പൂള്‍ ആരാധകവൃന്ദം

ആന്‍ഫീല്‍ഡ് | ഫുട്‌ബോള്‍ ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന ആ അതുല്യ വ്യക്തിത്വത്തിന്റെ ലിവര്‍പൂളിനൊപ്പമുള്ള യാത്രക്ക് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ഒമ്പത് വര്‍ഷക്കാലം ക്ലബിന്റെ അവിഭാജ്യ ഭാഗമായിരുന്ന മുഖ്യ പരിശീലകനുള്ള യാത്രയയപ്പ് വികാരനിര്‍ഭരമാകാതിരിക്കുന്നതെങ്ങനെ. ഇംഗ്ലണ്ടിലെ ആന്‍ഫീല്‍ഡില്‍ വെയില്‍ കത്തിനിന്ന ദിനത്തില്‍ ജര്‍ഗന്‍ ക്ലോപ്പ് യാത്ര പറയുമ്പോള്‍ കളിക്കാരും ജീവനക്കാരും ഉള്‍പ്പെടെ ക്ലബുമായി ബന്ധപ്പെട്ടവരും ആരാധകരുമെല്ലാം വിതുമ്പി.

ഈ സീസണ്‍ തന്റെ അവസാനത്തേതായിരിക്കുമെന്ന് വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്ലോപ്പ് പ്രഖ്യാപിച്ചിരുന്നു. ‘സമയമായിരിക്കുന്നു’ എന്നാണ് ക്ലോപ്പ് പറഞ്ഞത്. അന്ന് മുതല്‍ മനസ്സില്ലാമനസ്സോടെ ഇങ്ങനെയൊരു ദിവസം വരുമെന്ന യാഥാര്‍ഥ്യം സ്വയം അംഗീകരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ക്ലബ് ആരാധകര്‍. ടീം അംഗങ്ങളുടെ ബസ് ആന്‍ഫീല്‍ഡിലേക്ക് നീങ്ങുമ്പോള്‍ തെരുവോരത്ത്  തടിച്ചുകൂടിയ ആയിരങ്ങള്‍ ലിവര്‍പൂളിന്റെ ജഴ്‌സിയുടെ നിറമായ ചുവപ്പ് പതാകകളുമായി ക്ലോപ്പിനെ അഭിവാദ്യം ചെയ്തു.

2015 ഒക്ടോബര്‍ 25ന് ക്ലോപ്പ് പരിശീലകനായി ചുമതലയേറ്റ ശേഷം ഒരു പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്മാരാകാനും എഫ് എ കപ്പ്, രണ്ട് ലീഗ് കപ്പ് തുടങ്ങിയവ സ്വന്തമാക്കാനും ലിവര്‍പൂളിന് സാധിച്ചു.

ആര്‍നെ സോള്‍ട്ടാണ് ക്ലോപ്പിന് പകരക്കാരനായി എത്തുകയെന്ന് ക്ലബ് അറിയിച്ചു. നിലവിലെ ഡച്ച് കോച്ചായ സ്ലോട്ട് ജൂണ്‍ ഒന്നിന് ലിവര്‍പൂളിന്റെ പരിശീലക സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും.



source https://www.sirajlive.com/goodbye-klopp-klopp-greets-liverpool-fans-at-farewell-liverpool-fans-cheered-at-the-send-off.html

Post a Comment

Previous Post Next Post