ഐ സി ജെ വിധി കൂട്ടക്കുരുതി അവസാനിപ്പിക്കില്ല, എങ്കിലും

അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ) ഗസ്സയിലെ ഇസ്‌റാഈല്‍ അധിനിവേശ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഫലസ്തീനെ കുറിച്ച് ഹൃദയവേദന കൊള്ളുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ആശ്വാസം പകരുന്നതാണ്. ആര് പറഞ്ഞാലും വംശഹത്യയില്‍ നിന്ന് പിറകോട്ടില്ലെന്ന് ശഠിച്ച് സര്‍വ അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിക്കുന്ന ഇസ്‌റാഈലിനെ നിലക്കുനിര്‍ത്താന്‍ ഈ ഉത്തരവിന് കെല്‍പ്പുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. റൂളിംഗ് നടപ്പാക്കാന്‍ പോലീസോ സൈന്യമോ ഇല്ലാത്ത ഈ അന്താരാഷ്ട്ര കോടതി നിലനില്‍ക്കുന്നത് യു എന്നിന്റെ തുടര്‍ച്ച എന്ന നിലയിലാണ്. യു എന്‍ രക്ഷാ സമിതിയാണ് ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിക്ക് മുന്‍കൈയെടുക്കേണ്ടത്. ഇസ്‌റാഈലിന്റെ ഏത് ക്രൂരതക്കും കൂട്ടുനില്‍ക്കാന്‍ അമേരിക്കയുള്ളപ്പോള്‍ രക്ഷാ സമിതിയില്‍ നിന്ന് എങ്ങനെ ഫലസ്തീന്‍ അനുകൂല തീരുമാനമുണ്ടാകാനാണ്? മറ്റ് അംഗങ്ങള്‍ ഐ സി ജെ ഉത്തരവ് നടപ്പാക്കാന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും അമേരിക്കന്‍ വീറ്റോ അതിനെയെല്ലാം നിഷ്ഫലമാക്കും. യു എന്നിലെ 194ാം അംഗരാജ്യമായി ഫലസ്തീനെ അംഗീകരിക്കാനുള്ള പ്രമേയം ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണയോടെയാണല്ലോ കഴിഞ്ഞ മാസം വന്നത്. അമേരിക്കയുടെ വീറ്റോയില്‍ ആ പ്രമേയം അസ്തമിക്കുകയായിരുന്നു.

റഫയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കാനാണ് ഐ സി ജെ ഉത്തരവിട്ടിരിക്കുന്നത്. ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലാണ് സുപ്രധാന ഉത്തരവ്. ആക്രമണം ഫലസ്തീന്‍ ജനതക്ക് “വിവരണാതീതമായ ദുരന്ത’മുണ്ടാക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ സി ജെയിലെ 15 ജഡ്ജിമാരുടെ പാനല്‍ ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലും കോടതി പുറപ്പെടുവിച്ച ഉത്തരവ് വര്‍ത്തമാനകാല പ്രതിസന്ധിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതായിരുന്നില്ലെന്നും സ്ഥിതി കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് പുതിയ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ഐ സി ജെ പ്രസിഡന്റ് നവാഫ് സലാം വ്യക്തമാക്കിയിട്ടുണ്ട്. റഫാ ഗവര്‍ണറേറ്റില്‍ സൈനികമോ അല്ലാത്തതോ ആയ എല്ലാ ബലപ്രയോഗങ്ങളും ഇസ്‌റാഈല്‍ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ഗസ്സ പൂര്‍ണമായി നശിക്കും. റഫയിലെ മാനുഷിക സാഹചര്യം അത്യന്തം ഗുരുതരമാണെന്നും നവാഫ് പറഞ്ഞു. 15 ഐ സി ജെ ജഡ്ജിമാരില്‍ 13 പേരും റഫയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന നിലപാടിനെ പിന്തുണക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഹരജിയില്‍ നേരത്തേ ഐ സി ജെ പുറപ്പെടുവിച്ച നിരീക്ഷണവും ഫലസ്തീന്‍ ജനതയുടെ പരിതാപകരമായ അവസ്ഥ കണക്കിലെടുക്കുന്നതായിരുന്നു. വംശഹത്യ തടയാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും ദീര്‍ഘകാല പരിഹാരത്തിന് ഇടപെടണമെന്നുമാണ് ഐ സി ജെയോട് കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഭാഗികമായെങ്കിലും അന്താരാഷ്ട്ര കോടതി ഫലസ്തീന്‍ വികാരത്തിനൊപ്പം നിന്നു. 1948ലെ ജെനോസൈഡ് കണ്‍വെന്‍ഷന്‍ ഇസ്റാഈല്‍ ലംഘിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഈ നിയമത്തിന്റെ അടിസ്ഥാനം നാസികളുടെ ജൂതവേട്ടയായിരുന്നു. ജൂതവേട്ടയുടെ പേര് പറഞ്ഞ് രൂപവത്കരിക്കപ്പെട്ട രാഷ്ട്രത്തെ അതേ നിയമമുപയോഗിച്ച് ഒരു അന്താരാഷ്ട്ര കോടതിക്ക് ശാസിക്കേണ്ടി വന്നിരിക്കുന്നു. യു എന്‍ പൊതുസഭയുടെ നിര്‍ദേശ പ്രകാരം മറ്റൊരു നിയമ പരിശോധനയും ഐ സി ജെ നടത്തുന്നുണ്ട്. ഫലസ്തീന്‍ മണ്ണില്‍ ഇസ്റാഈല്‍ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്ത ഫലമെന്തൊക്കെയെന്നാണ് അന്താരാഷ്ട്ര കോടതി പരിശോധിക്കുന്നത്. ഈ രണ്ട് വിഷയങ്ങളും ഒരു വ്യക്തിക്കെതിരെയുള്ളതല്ല. മറിച്ച് ഇസ്റാഈല്‍ എന്ന രാഷ്ട്രമാണ് പ്രതിസ്ഥാനത്ത്. രാഷ്ട്രങ്ങള്‍ വാദിസ്ഥാനത്തും പ്രതിസ്ഥാനത്തും നില്‍ക്കുന്ന വിഷയങ്ങള്‍ മാത്രമാണ് ഐ സി ജെയുടെ മുമ്പില്‍ വരിക. വ്യക്തികളാണ് പ്രതിസ്ഥാനത്തെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി)യാണ് കൈകാര്യം ചെയ്യുക. ഈ രണ്ട് കോടതികള്‍ക്കും യു എന്‍ അംഗരാജ്യങ്ങളുടെ പിന്തുണയുണ്ട്. ഈ കോടതികള്‍ രൂപവത്കരിക്കുന്നതിലേക്ക് നയിച്ച ചാര്‍ട്ടറില്‍ ഒപ്പുവെച്ച രാജ്യങ്ങളുടെ പിന്‍ബലവുമുണ്ട്. ഇസ്റാഈല്‍ ഈ ചാര്‍ട്ടറില്‍ ഒപ്പുവെച്ച രാജ്യമാണ്. അങ്ങനെയൊക്കെയാണെങ്കിലും വീറ്റോ അധികാരം ഈ കോടതികളെ കടലാസ്പുലി മാത്രമായി അധഃപതിപ്പിച്ചിരിക്കുന്നു.
ഐ സി ജെ വിധി തള്ളിക്കളയുന്നുവെന്നും ഹമാസില്‍ നിന്ന് തങ്ങളുടെ ജനതയെ രക്ഷിക്കാനുള്ള പ്രതിരോധമാണ് നടക്കുന്നതെന്നും ഇസ്‌റാഈല്‍ ആക്രോശിക്കുന്നത് അമേരിക്കയുടെ വീറ്റോ അധികാരം മാത്രം കണ്ടാണ്. കോടതി വിധി വന്നതിന് പിറകെ കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്ത് നിന്നും ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സയിലേക്കുള്ള സഹായം തടയാന്‍ സര്‍വ ക്രോസ്സിംഗുകളും അടച്ചിരിക്കുന്നു. ബോംബിട്ട് കൊന്നിട്ട് മതിയാകാതെ പട്ടിണിക്കിട്ട് കൊല്ലുകയാണ് സയണിസ്റ്റ് രാഷ്ട്രം. ഐ സി ജെ വിധി കൊണ്ട് ഈ മനുഷ്യക്കുരുതി അവസാനിക്കുമെന്ന് കരുതാനാകില്ല. എന്നാല്‍ ലോകത്താകെയുയരുന്ന ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് ഈ വിധി ഊര്‍ജം പകരും. കൂടുതല്‍ രാജ്യങ്ങളും സംഘടനകളും ഏജന്‍സികളും ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വരും. ഐ സി ജെയിലെ ഹിയറിംഗ് തുടങ്ങിയതിന് ശേഷം യൂറോപ്പിലെ മൂന്ന് രാജ്യങ്ങള്‍ കൂടി – നോര്‍വേ, അയര്‍ലാന്‍ഡ്, സ്‌പെയിന്‍- ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തെ പിന്തുണച്ച് രംഗത്ത് വന്നുവെന്നത് ചെറിയ കാര്യമല്ല. അക്രമി രാജ്യവും ഇര ജനതയും തമ്മിലുള്ള വിഷയത്തില്‍ ലോക രാജ്യങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് ഐ സി ജെയിലെ കോടതി മുറിയില്‍ കണ്ടു. കാനഡയടക്കം നേരത്തേ ഇസ്‌റാഈലിനെ താങ്ങിയിരുന്ന രാജ്യങ്ങള്‍ ഐ സി ജെയില്‍ നിലപാട് മയപ്പെടുത്തി.

ഇപ്പോള്‍ വന്നത് പ്രാഥമിക ഉത്തരവ് മാത്രമാണ്. വരും ദിവസങ്ങളില്‍ നിയമപ്രക്രിയ ഹേഗില്‍ തുടരും. നടപ്പാകുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഉത്തരവിനെപ്പോലും ഇസ്റാഈലിന്റെ സംരക്ഷകര്‍ വല്ലാതെ ഭയക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പ്രതികരണങ്ങള്‍. ഏകപക്ഷീയ ഇടപെടലെന്ന് അവര്‍ പരാതിപ്പെടുന്നു. ലോക ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നതെന്ന് ആധികാരികമായി വിളിച്ചു പറയുന്നുണ്ട് ഈ വിധിയും അനുബന്ധ നടപടിക്രമങ്ങളും.



source https://www.sirajlive.com/the-icj-ruling-will-not-end-the-conflict-however.html

Post a Comment

أحدث أقدم