നമ്മുടെയൊക്കെ കണക്കുകൂട്ടലുകൾക്കും പ്രവചനങ്ങൾക്കും അതീതമാണ് കാലാവസ്ഥാ മാറ്റങ്ങൾ. അടുത്ത ഏതാനും വർഷങ്ങളായി പ്രത്യേകിച്ചും. നാല് ദിവസം മുമ്പ് കൊടിയ വെയിലിൽ അസഹ്യമായ ചൂട് സഹിക്കാനാകാതെ എരിപൊരികൊള്ളുകയായിരുന്ന കേരളീയ ജനത ഇന്നിപ്പോൾ തീവ്രമഴയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ.് മിന്നൽ പ്രളയം, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട് തുടങ്ങി തീവ്രമഴയുടെ ആഘാതത്തിന്റെ ഭീതിയിലാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മിന്നൽ പ്രളയ സാധ്യത കേരളീയ സമൂഹത്തെ ഉണർത്തുകയും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു മാറിത്താമസിക്കാൻ ആളുകളോട് ആവശ്യപ്പെടുകയുമുണ്ടായി.
കനത്ത മഴയെ തുടർന്നു കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളം കുതിച്ചുയരുന്ന അവസ്ഥയാണ് മിന്നൽ പ്രളയം. മേഘവിസ്‌ഫോടനമാണ് ഇന്ത്യയിലെ പ്രളയത്തിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 2019ൽ നിലമ്പൂരിലെ കവളപ്പാറയിലും 2021 ഒക്ടോബറിൽ കോട്ടയം കൂട്ടിക്കലിലും നാശം വിതച്ചത് മേഘവിസ്‌ഫോടനമാണെന്നാണ് കുസാറ്റിന്റെ പഠനം. അസം സ്റ്റേറ്റ് ദുരന്ത നിവാരണ സമിതി നടത്തിയ പഠനമനുസരിച്ചു ബംഗ്ലാദേശ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പ്രളയ ബാധിത രാജ്യമാണ് ഇന്ത്യ. വെള്ളപ്പൊക്കം മൂലമുള്ള ആഗോള മരണ സംഖ്യയുടെ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. യു കെ നാഷനൽ വെതർ സർവീസിന്റെ പഠനമനുസരിച്ചു ഇടുങ്ങിയ നദികളിലും കുത്തനെയുള്ള പ്രദേശങ്ങളിലുമാണ് മിന്നൽ പ്രളയത്തിനു സാധ്യത കൂടുതൽ. ഇത്തരം നദികൾക്ക് സമീപമുള്ള മേഖലകളെയാണ് പ്രളയം കാര്യമായി ബാധിക്കുന്നത്. മിന്നൽ പ്രളയം മണ്ണിനെ ദുർബലമാക്കുകയും വെള്ളത്തിന്റെ ഒഴുക്ക് കുറക്കുകയും ചെയ്യുന്നു. പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ ജലത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് പ്രളയാനന്തരം മണ്ണിനുണ്ടാകില്ല.
കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ചു കാലവർഷത്തിന്റെ ഭാഗമായുള്ള മഴയല്ല ഇപ്പോൾ വർഷിച്ചു കൊണ്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ചക്രവാതച്ചുഴിയുമാണ് നിലവിലെ മഴക്ക് കാരണം. തെക്കൻ കേരളത്തിനു മീതെ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മഴ ഏതാനും ദിവസം കൂടി നീണ്ടുനിൽക്കുമെന്നാണ് വിദഗ്ധ മുന്നറിയിപ്പ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപകമായി നഷ്ടം സംഭവിച്ചു. മരങ്ങൾ കടപുഴകി വീണു. കൃഷിനാശവും സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർക്കേണ്ടി വന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കടൽതീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയുമാണ്.
മഴക്കാല മുന്നൊരുക്കൾ കാര്യക്ഷമമല്ലാത്തതാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനിടയാക്കുന്നത്. നേരത്തേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം മഴക്കാല മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചതാണ്. ഓടകൾ, കൈത്തോടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ ജലമൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കുക. പ്രധാന റഗുലേറ്ററുകൾ, സ്പിൽവേകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുക, ഷട്ടറുകളുടെ പ്രവർത്തനം ഉറപ്പാക്കുക. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച പരിധിക്കു മുകളിലല്ലെന്നു ഉറപ്പ് വരത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും.
എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലവും മറ്റും ഇത്തരം പ്രവർത്തനം മിക്ക പ്രദേശങ്ങളിലും കാര്യക്ഷമമായി നടന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ തീവ്രമഴയെതുടർന്നു തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിനെ ചൊല്ലി സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം നടത്തിയത്. മഴക്കാല പൂർവ പ്രവർത്തനത്തിന്റെ അപര്യാപ്തയാണ് കാരണമെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തെക്കുവടക്കൻ കാലവർഷം സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്നതേയുള്ളു. കാലവർഷം ഇക്കൊല്ലം കൂടുതൽ ശക്തമായിരിക്കുമെന്നാണ് പ്രവചനം. ഇതോടെ വീണ്ടും ഒരു മഹാപ്രളയത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ജനം. 2018ലെ മഹാപ്രളയത്തിന്റെ ആഘാതങ്ങളെ ഇന്നും പൂർണമായി തരണം ചെയ്തിട്ടില്ല കേരളം. കൊച്ചിയിലെ ഫിഷറീസ് സമൂദ്രപഠന സർവകലാശാല (കുഫോസ്) ശാസ്ത്രജ്ഞർ തയ്യാറാക്കി ഈ വർഷമാദ്യം പുറത്തു വിട്ട ഉരുൾപൊട്ടൽ മാപ്പനുസരിച്ചു സംസ്ഥാനത്തെ 13 ശതമാനം പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാധ്യത കൂടിയവയാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിലാണ് ഇതിൽ ഏറെയുമെന്ന് അമേരിക്കയിലെ മിഷിഗൺ ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റിയുടെയും പുണെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റിയോറോളജിയുടെയും സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ പഠന റിപോർട്ടിൽ പറയുന്നു.
2018ലെ അതിതീവ്രമഴക്കും പ്രളയത്തിനും ശേഷം ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ 3.46 ശതമാനം വർധനവുണ്ടായി. കനത്ത മഴയോടൊപ്പം അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിർമാണത്തിനായി മലകൾ നിരപ്പാക്കൽ, വൻ തോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ഉരുൾപൊട്ടലിനു കാരണമെന്നും റിപോർട്ട് വ്യക്തമാക്കുന്നു. അതിശക്തമായ കാലവർഷ പ്രവചനം കണക്കിലെടുത്ത് ഇത്തരം പ്രദേശങ്ങളിലുള്ള വരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്നതിനു ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ദുരന്തങ്ങളുടെ ആഘാതങ്ങളിൽ നിന്നു രക്ഷനേടാൻ ജാഗ്രതയും മുൻകരുതലുകളും ഒരു പരിധി വരെ സാഹായിക്കും.
source https://www.sirajlive.com/caution-against-monsoon-disasters.html
Post a Comment