കുട്ടികളില്‍ കൗതുകമുണര്‍ത്തി സൈനിക ക്യാമ്പ് സന്ദര്‍ശനം

കോഴിക്കോട് | കെ ജി എഫ് സിനിമയില്‍ കണ്ട മിനുട്ടില്‍ നൂറുകണക്കിന് വെടിയുണ്ടകള്‍ പായിക്കുന്ന യന്ത്രത്തോക്കും കുഴിബോംബുകളും റോക്കറ്റ് ലോഞ്ചറുകളും നേരില്‍ കണ്ട് കുട്ടികളില്‍ ഇന്ത്യന്‍ സേനയോടുള്ള സ്‌നേഹം ആവേശമായി ഒഴുകി. യുദ്ധോപകരണങ്ങള്‍ തൊട്ടും ചിലതെല്ലാം കൈയിലെടുത്ത് ‘പ്രയോഗിച്ചും’ അവര്‍ ആഗ്രഹം തീര്‍ത്തു. കോഴിക്കോട് പ്രസ്സ് ക്ലബ് അംഗങ്ങളുടെ മക്കള്‍ക്കായി ഒരുക്കിയ സൈനിക ക്യാമ്പ് സന്ദര്‍ശനമാണ് വേറിട്ട അനുഭവം പകര്‍ന്നത്.

മുംബൈ താജ് ഭീകരാക്രമണത്തിന്റെ അനുഭവം സുബേദാര്‍ മനീഷ് പങ്കുവെച്ചപ്പോള്‍ കുട്ടികളുടെ ആവേശം ഇരട്ടിയായി. ടാങ്കിനൊപ്പം സെല്‍ഫി, ‘ഭീകരരെ’ സൈനികര്‍ കീഴ്പ്പെടുത്തുന്നതിന്റെ മോക്ക് ഡ്രില്‍, കാടുകളിലൂടെയുള്ള സാഹസിക യാത്ര, സൈനികരുടെ റാങ്കിങും നേട്ടങ്ങളും അതിര്‍ത്തി കടന്നുള്ള സേവനങ്ങളുടെ വിവരങ്ങളും എല്ലാമറിഞ്ഞ് പകല്‍ മുഴുവന്‍ വെസ്റ്റ്ഹില്‍ ബാരക്‌സിലെ സൈനിക ക്യാമ്പില്‍ ഇവര്‍ ചെലവിട്ടു. ട്രെയിനിങ് ജെ സി ഒ. കെ കെ സുബേദാര്‍ ഗിജില്‍ കുട്ടികള്‍ക്ക് ആയുധങ്ങള്‍ പരിചയപ്പെടുത്തി.

122 ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഡി നവീന്‍ ബെന്‍ജിത്ത്, ലെഫ്. കേണല്‍ എസ് വിശ്വനാഥന്‍, സുബേദാര്‍ മേജര്‍ മധു സുധാകര്‍, മുന്‍ സൈനികോദ്യോഗസ്ഥരായ സുബേദാര്‍ എ റഹ്മാന്‍ മാറായി, ഓണററി ക്യാപ്റ്റന്‍ ഇ കെ രാധാകൃഷ്ണന്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

സുബേദാര്‍ ഉണ്ണി മനേക്, ഡ്യൂട്ടി ജെ സി ഒ. സുബേദാര്‍ വിനോദ് കുമാര്‍, പ്രസ്സ് ക്ലബ് പ്രസിഡന്‍് ഫിറോസ് ഖാന്‍, സെക്രട്ടറി പി എസ് രാകേഷ് എന്നിവരും സന്നിഹിതരായിരുന്നു.

 



source https://www.sirajlive.com/a-visit-to-the-military-camp-made-the-children-curious.html

Post a Comment

Previous Post Next Post