കൊല്‍ക്കത്ത | ഹൂഗ്ലി നദിക്കരയിലെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ്സ് മുമ്പെങ്ങുമില്ലാത്ത വിധം വലിയ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്. മമതാ ബാനര്‍ജിക്ക് ശേഷം പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന അനന്തരവന്‍ അഭിഷേക് ബാനര്‍ജി മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കടുത്ത ത്രികോണ പോരാട്ടമാണ്. തുടര്‍ച്ചയായി രണ്ട് തവണ എം പിയായ അഭിഷേക് ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്.
1952 മുതല്‍ സ്ഥാപിതമായ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ഇന്ത്യാ മുന്നണിക്കായി സി പി എമ്മിലെ പ്രതികുര്‍റഹ്മാനാണ് മത്സരിക്കുന്നത്. യുവനേതാവായ അഭിഷേകിനെ പിടിച്ചുകെട്ടാന്‍ എസ് എഫ് ഐ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ റഹ്മാന് സാധിക്കുമെന്ന ഉറച്ച വിശ്വാസം സി പി എമ്മിനുണ്ട്. 33കാരനായ റഹ്്മാന്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. റഹ്മാന്റെ പഠനവും യൗവനത്തിലെ സമര പോരാട്ടങ്ങളുടെ തുടക്കവുമെല്ലാം ഡയമണ്ട് ഹാര്‍ബറില്‍ നിന്നാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതികുര്‍റഹ്്മാന്‍ ഡയമണ്ട് ഹാര്‍ബര്‍ നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റഹ്്മാന്‍ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സുപരിചിതനാണ്. യുവ നേതാവ് കൂടിയായ റഹ്മാന്റെ സാന്നിധ്യമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അസ്വസ്ഥമാക്കുന്നത്.
മണ്ഡലം ഉള്‍ക്കൊള്ളുന്ന സൗത്ത് 24 പര്‍ഗാനാസ് മുന്‍ ബി ജെ പി ജില്ലാ അധ്യക്ഷന്‍ അഭിജിത് ദാസിനെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് അഭിഷേകിനെ നേരിടാന്‍ അഭിജിത് ദാസിനെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഡയമണ്ട് ഹാര്‍ബറില്‍ ആരു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. ഡയമണ്ട് ഹാര്‍ബര്‍, ഫാല്‍ത്ത, സത്ഗാച്ചിയ, ബിഷ്ണുപൂര്‍, മഹേഷ്താല, ബജ്ബ്ജ്, മെതിയാബുറുസ് എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലം. ഏഴ് മണ്ഡലങ്ങളെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്.
സി പി എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്നു നേരത്തേ ഡയമണ്ട് ഹാര്‍ബര്‍. 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനായിരുന്നു ജയം. പിന്നീട് സി പി എമ്മും കോണ്‍ഗ്രസ്സും മാറി മാറി മണ്ഡലത്തില്‍ ജയിച്ചു. 1967 മുതല്‍ 2009 വരെ സി പി എമ്മിന്റെ കുത്തകയായിരുന്നു മണ്ഡലത്തില്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ജയിച്ച മണ്ഡലം പിന്നീട് സോമന്‍ മിത്രയിലൂടെ തൃണമൂല്‍ പിടിച്ചെടുത്തു. ഇതിന് ശേഷം കഴിഞ്ഞ രണ്ട് തവണയായി അഭിഷേക് ബാനര്‍ജിയെയാണ് മണ്ഡലം പിന്തുണച്ചത്. 14 തവണ തങ്ങള്‍ വിജയിച്ച ഡയമണ്ട് ഹാര്‍ബറില്‍ ഇത്തവണ യുവരക്തമായ പ്രതികുര്‍റഹ്മാനിലൂടെ ചെങ്കൊടി പാറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം.
ഏഴാം ഘട്ടമായ അടുത്ത മാസം ഒന്നിനാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്.
source https://www.sirajlive.com/diamond-ordnance-along-the-hooghly-river.html
Post a Comment