മേവാത്തിൽ ബി ജെ പിക്ക് മുസ്‌ലിം വോട്ട് വേണം

ന്യൂഡൽഹി| ഹരിയാനയിലെ നൂഹ് ജില്ലയിൽ ബി ജെ പിയുടെ പ്രചാരണം പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ മുസ്‌ലിം പ്രശ്‌നങ്ങളും മുസ്‌ലിം രാജക്കൻമാരും ബി ജെ പിയുടെ പ്രചാരണ വിഷയങ്ങളാണ്. ദേശീയ തലസ്ഥാന മേഖലയിൽ ( എൻ സി ആർ) സ്ഥിതിചെയ്യുന്ന ഗുരുഗ്രാം മണ്ഡലത്തിലാണ് നൂഹ് ജില്ലയും ഉൾപ്പെടുന്നത്.

ഹരിയാനയിലെ ആകെ മുസ്‌ലിം ജനസംഖ്യ ഏഴ് ശതമാനമാണെങ്കിൽ നൂഹ് ജില്ലയിൽ അത് 79 ശതമാനമാണ്. ഇതാണ് നൂഹ് ജില്ലയിലെ മുസ്‌ലിംകൾ ബി ജെ പിക്ക് അന്യരല്ലാതാക്കുന്നത്. ഖൻസദ രാജവംശ അംഗമായിരുന്ന ഹസൻ ഖാൻ മേവാത്തിയെ അനുസ്മരിച്ച് മേവാത്തി മേഖലയെന്നാണ് നൂഹ് ഉൾക്കൊള്ളുന്ന പ്രദേശം അറിയപ്പെടുന്നത്. 2009 മുതൽ റാവു ഇന്ദ്രജിത്ത് സിംഗാണ് ഈ മേഖല ഉൾക്കൊള്ളൂന്ന ഗുരുഗ്രാം സീറ്റിനെ പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ ഒരു തവണ കോൺഗ്രസ്സ് പ്രതിനിധിയായും ശേഷിക്കുന്നവ ബി ജെ പിക്കും വേണ്ടിയാണ് ജയിച്ചത്. ഇത്തവണയും ബി ജെ പിക്കു വേണ്ടിയാണ് ഇന്ദ്രജിത്ത് മത്സരിക്കുന്നത്. മണ്ഡലത്തിലെ ഫിറോസ്പൂർ ജിർക്കയിൽ നടന്ന റാലിയിൽ മേവാത്തിൽ തങ്ങൾ പിന്തുടരുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജാതിയോ സമുദായമോ പരിഗണിക്കാറില്ലെന്നും റാവു ഇന്ദ്രജിത്ത് സിംഗ് പറഞ്ഞിരുന്നു.

മേവാത്തിലെ തലമുറകളുമായി തന്റെ കുടുംബത്തിന് വലിയ ചരിത്ര ബന്ധമുണ്ട്. തങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആരോടും അവരുടെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബി ജെ പിയുടെ പ്രമുഖ നേതാക്കളായ നയാബ് സിംഗ് സൈനി, മനോഹർ ലാൽ ഖട്ടാർ എന്നിവരും പ്രദേശത്തെത്തുമ്പോൾ മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കും. അടുത്തിടെ മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പ് മനോഹർ ലാൽ ഖട്ടാർ, ഹസൻ ഖാൻ മേവത്തിയുടെ പ്രതിമ നുഹിലെ ബദ്കലി ചൗക്കിൽ അനാച്ഛാദനം ചെയ്തിരുന്നു. ആ ദിവസം ശഹീദ് ദിവസായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു സർക്കാറും ശഹീദ് ഹസൻ ഖാൻ മേവാത്തിയെ അനുസ്മരിച്ചിട്ടില്ലെന്നും ശഹീദ് ഹസൻ ഖാൻ മേവാത്തി മെഡിക്കൽ കോളജിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ഗവേഷണ ചെയർ സ്ഥാപിക്കുമെന്നും ഖട്ടാർ പറഞ്ഞിരുന്നു.

കോൺഗ്രസ്സ് ഭരണത്തേക്കാൾ മുസ്‌ലിംകൾ നരേന്ദ്ര മോദി സർക്കാറിന് കീഴിൽ സുരക്ഷിതരാണെന്നും ഖട്ടർ അവകാശപ്പെട്ടിരുന്നു. നേരത്തേ മീററ്റ്, അലിഗഢ്, ഡൽഹി, കാൺപൂർ തുടങ്ങിയ സ്ഥലങ്ങളിലെ കലാപങ്ങളെക്കുറിച്ച് വാർത്തകൾ കിട്ടാക്കനിയാകുന്നുണ്ട്. എന്നാൽ, ഇപ്പോൾ രാജ്യത്ത് ഹിന്ദു-മുസ്‌ലിം ഏറ്റുമുട്ടലുകളൊന്നുമില്ലെന്നും ഖട്ടാർ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയും ഹസൻ ഖാൻ മേവാത്തിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഭാരതത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വിപ്ലവകാരിയായ ഹസൻ ഖാൻ മേവാത്തിയെ നമിക്കുന്നുവെന്നാണ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി അടുത്തിടെ നൂഹിലെ പുൻഹാനയിൽ നടന്ന ബി ജെ പി റാലിക്കിടെ പറഞ്ഞത്. കഴിഞ്ഞ വർഷം ജൂലൈയിൽ നൂഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷം ഇതാദ്യമായാണ് ബി ജെ പി നേതാക്കൾ മുസ്‌ലിംകളെ തേടി വരുന്നത്. ഗുരുഗ്രാം മണ്ഡലത്തിൽ എ എ പി- കോൺഗ്രസ്സ് സഖ്യത്തിനായി കോൺഗ്രസ്സിന്റെ രാജ് ബബ്ബാറാണ് മത്സരിക്കുന്നത്.

ഈ മാസം 25 ന് ആറാം ഘട്ടത്തിലാണ് ഹരിയാനയിലെ പത്ത് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി സംസ്ഥാനം തൂത്തുവാരിയിരുന്നുവെങ്കിലും ഇക്കുറി കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ളവ കാരണം സ്ഥിതി അൽപ്പം വ്യത്യസ്തമാണ്.

 



source https://www.sirajlive.com/bjp-wants-muslim-vote-in-mewat.html

Post a Comment

أحدث أقدم