ഹൈസ്കൂൾ – ഹയർ സെക്കൻഡറി: അധ്യാപകരില്ല; ഉറുദു പഠനം പ്രതിസന്ധിയിൽ

മലപ്പുറം | അധ്യാപകരുടെ കുറവുമൂലം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി മേഖലയിലെ ഉറുദു പഠനം പ്രതിസന്ധിയിൽ. ഹൈസ്‌കൂളിൽ ഉറുദു പഠിപ്പിക്കാൻ വേണ്ട യോഗ്യതയായ ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യുക്കേഷൻ കോഴ്‌സ് നിർത്തലാക്കിയതും ഉറുദു ബി എഡിന് മതിയായ സീറ്റില്ലാത്തതുമാണ് പ്രശനം സങ്കീർണമാക്കുന്നത്.

ഹൈസ്‌കൂളിൽ മാത്രം 30 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പാർട്ട്ടൈം അധ്യാപക ഒഴിവിലേക്ക് ആളെ കിട്ടാനില്ല. അധ്യാപകരില്ലാത്തത് ഹയർ സെക്കൻഡറി മേഖലയിലെ ഉറുദു പഠനത്തെയും ബാധിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 59 ഹയർ സെക്കൻഡറികളിൽ മാത്രമേ ഉപഭാഷയായി ഉറുദു പഠിപ്പിക്കുന്നുള്ളൂ.

പാലക്കാട്, വയനാട് ജില്ലകളിൽ ഒരു ഹയർ സെക്കൻഡറിയിൽ പോലും ഉറുദു പഠിക്കാൻ അവസരമില്ല. മറ്റ് ജില്ലകളിലും നാമമാത്രമായ സീറ്റുകളാണുള്ളത്.
450ൽപ്പരം ഹൈസ്‌കൂളുകളിൽ നിന്ന് ഓരോ വർഷവും 15,000 വിദ്യാർഥികൾ പത്താം തരത്തിൽ നിന്ന് ഉറുദു ഒന്നാം ഭാഷയെടുത്ത് പഠിച്ചിറങ്ങുമ്പോൾ കേവലം 3,000പേർക്ക് മാത്രമാണ് ഉറുദുഭാഷയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നത്. ഹയർ സെക്കൻഡറിയിൽ മതിയായ സീറ്റുകൾ അനുവദിക്കാത്തതും ഉറുദു ഉപരിപഠനം പ്രതിസന്ധിയിലാക്കുന്നുണ്ട്. അധ്യാപകരുടെ കുറവ് വരുമ്പോൾ ആ സ്‌കൂളിൽ ഉറുദു പഠനം നിർത്തലാക്കും. ഇതോടെ ഉറുദു തസ്തിക നഷ്ടപ്പെടും. ഇങ്ങനെ വരുമ്പോൾ സമീപഭാവിയിൽ ഉറുദു ഉപരിപഠനം നാമമാത്രമായി മാറുമെന്നാണ് അധ്യാപകർ പറയുന്നത്.

പ്രൈമറി തലങ്ങളിൽ ഉറുദു ഡി എൽ എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) യോഗ്യതയായതിനാൽ ഓരോ വർഷവും കോഴിക്കോട്, മലപ്പുറം സെന്റുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ കോഴ്സ് പൂർത്തീകരിച്ച് ഇറങ്ങുന്നുണ്ട്. അതുകൊണ്ട് യു പി സ്‌കൂളുകളിൽ യോഗ്യരായ അധ്യാപകരെ ആവശ്യത്തിന് ലഭ്യമാണ്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി മേഖലകളിലാണ് പ്രശ്നം നിലനിൽക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഹൈസ്‌കൂളുകളിൽ നിന്ന് 50 ഉറുദു അധ്യാപകരാണ് വിരമിച്ചത്. എന്നാൽ ഇവർക്ക് പകരമായി നിയമിക്കാൻ അധ്യാപകരെ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരാകാനുള്ള ഏകവർഷ പരിശീലനമായിരുന്നു ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യുക്കേഷൻ. അറബി, ഉറുദു, സംസ്‌കൃതം, ഹിന്ദി ഭാഷകൾക്കുവേണ്ടി തയ്യാറാക്കിയ ഈ കോഴ്‌സ് 2019ലാണ് പരിഷ്‌കരിക്കാനെന്ന പേരിൽ താത്കാലികമായി നിർത്തിയത്. സിലബസ് പരിഷ്‌കരണം പൂർത്തിയായി അഞ്ച് വർഷമായിട്ടും കോഴ്‌സ് പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യുക്കേഷനിൽ വരുന്ന ഉറുദു ഒഴികയുള്ള മറ്റ് ഭാഷകൾക്ക് സംസ്ഥാനത്ത് ബി എഡ് കോഴ്‌സുകൾ നിലവിലുണ്ട്. എന്നാൽ കേരളത്തിൽ സർക്കാർ, എയ്ഡഡ് മേഖലകളിൽ ഉറുദു ബി എഡ് കോഴ്സില്ല.
കാലിക്കറ്റ് യൂനിവേഴ്സിറ്റി മഞ്ചേരി സെന്ററിൽ സ്വാശ്രയ മേഖലയിൽ കേവലം അഞ്ച് സീറ്റുകൾ മാത്രമാണ് ഉറുദുവിന് ബി എഡ് ഉള്ളത്. കോഴിക്കോട് ഗവ. ടീച്ചർ ട്രെയിനിംഗ് സെന്ററിൽ മൂന്ന് സീറ്റ് അനുവദിച്ചിട്ടുണ്ട്. തലശ്ശേരി ബ്രണ്ണൻ കോളജിൽ മൂന്ന് സീറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ സിലബസ് പരിഷ്‌കരിക്കാത്തതിനാൽ ഇതിലേക്കുള്ള പ്രവേശന നടപടികൾ എങ്ങുമെത്തിയിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ഒരു വർഷം എട്ട് പേരാണ് കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുക. എന്നാൽ ഓരോ വർഷവും ഇതിന്റെ ഇരട്ടിയോളം അധ്യാപകരാണ് വിരമിക്കുന്നത്. ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യുക്കേഷൻ കോഴ്‌സ് പുനഃസ്ഥാപിക്കുകയോ ബി എഡിന് കൂടുതൽ സീറ്റ് അനുവദിക്കുകയോ ചെയ്യാതെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.



source https://www.sirajlive.com/high-school-higher-secondary-no-teachers-urdu-learning-in-crisis.html

Post a Comment

Previous Post Next Post