എൻ സി ഇ ആർ ടി പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദ് പുറത്ത്

ന്യൂഡല്‍ഹി | പത്രണ്ടാം ക്ലാസ്സിലെ എൻ സി ഇ ആർ ടി രാഷ്ട്രതന്ത്ര പുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദ് എന്ന പേരു നീക്കം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. എൻ സി ഇ ആർ ടി പുറത്തിറക്കിയ പുതിയ പാഠപുസ്തകത്തില്‍ ബാബരി മസ്ജിദിനെ “മൂന്ന് താഴികക്കുടങ്ങളുള്ള ഘടന’ എന്ന് മാത്രമാണ് പരാമര്‍ശിക്കുന്നത്. ബാബരി മസ്ജിദ് ധ്വംസനം വിശദീകരിക്കുന്ന ഭാഗം നാലില്‍ നിന്ന് രണ്ട് പേജുകളായി കുറക്കുകയും വിശദാംശങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തു.
ബാബരി മസ്ദജിദിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ പൊളിച്ചെഴുതി രാമജന്മഭൂമി പ്രക്ഷോഭത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പുസ്തകം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ബി ജെ പി രഥയാത്രയും അതിലെ കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണവും അയോധ്യയില്‍ നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന ബിജെപിയുടെ നിലപാടും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജനറല്‍ മിര്‍ ബാഖി പണികഴിപ്പിച്ച മസ്ജിദെന്നാണ് ബാബരി മസ്ജിദിനെ പഴയ പാഠപുസ്തകം പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ പുസ്തകത്തില്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528-ല്‍ പണിത മൂന്ന് താഴികക്കുടങ്ങളുള്ള നിർമിതി എന്നാണ് പരാമര്‍ശിക്കുന്നത്. ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും ഈ ഘടനയുടെ അകത്തളങ്ങളിലും ബാഹ്യ ഭാഗങ്ങളിലും ഉണ്ടായിരുന്നുവെന്നും പുതിയ പാഠഭാഗത്തിലുണ്ട്.
ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ഒരു ഉപവിഭാഗം “നിയമ നടപടികളില്‍ നിന്ന് സൗഹാർദപരമായ സ്വീകാര്യതയിലേക്ക്’ എന്ന തലക്കെട്ടില്‍ പാഠപുസ്തകത്തിന്റെ പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. പഴയ പാഠപുസ്തകത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തു, കല്യാണ്‍ സിംഗ് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ടു എന്ന തലക്കെട്ടുള്ള 1992 ഡിസംബര്‍ ഏഴ് മുതലുള്ള പത്ര ലേഖനങ്ങളുടെ കട്ടിങ്ങുകള്‍ ഉണ്ടായിരുന്നു. 1992 ഡിസംബര്‍ 13ലെ മറ്റൊരു പത്ര തലക്കെട്ട്, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ഉദ്ധരിച്ച് അയോധ്യ ബി ജെ പിയുടെ ഏറ്റവും മോശം കണക്കുകൂട്ടല്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ പത്ര കട്ടിംഗുകള്‍ എല്ലാം പുതിയ പതിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മസ്ജിദ് പൊളിക്കുന്ന ദിവസം യു പി മുഖ്യമന്ത്രി നിയമത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യയുടെയും സുപ്രീം കോടതിയിലെ ജസ്റ്റിസ് ജി എന്‍ റേയുടെയും വിധിന്യായത്തിലെ നിരീക്ഷണങ്ങളും പഴയ പതിപ്പിലുണ്ടായിരുന്നു. ഇതും പുതിയ പതിപ്പില്‍ നിന്ന് നീക്കം ചെയ്തു. ഈ ഭാഗം 2019 നവംബര്‍ ഒന്പതിലെ സുപ്രീം കോടതി വിധിയില്‍ നിന്നുള്ള ഒരു ഭാഗം ഉൾപ്പെടുത്തിയാണ് മാറ്റിയിരിക്കുന്നത്.
അതേസമയം, എൻ സി ഇ ആർ ടിയുടെ പാഠപുസ്തകത്തില്‍ നിന്ന് ബാബരി ധ്വംസനത്തെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതില്‍ വിശദീകരണവുമായി എൻ സി ഇ ആർ ടി രംഗത്തെത്തി. പാഠ്യപദ്ധതിയെ കാവിവത്്കരിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെന്നും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് സിലബസ് പരിഷ്‌കരണമെന്നും എൻ സി ഇ ആർ ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പറഞ്ഞു. എന്തിനാണ് കലാപത്തെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. അക്രമാസക്തരും വിഷാദരോഗികളുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതല്ല പാഠപുസ്തകത്തിന്റെ ലക്ഷ്യം. സ്‌കൂളുകളില്‍ ചരിത്രം പഠിപ്പിച്ചത് വസ്തുതകള്‍ പുറത്തുവിടാനാണ്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ലെന്നും ദിനേശ് പ്രസാദ് കൂട്ടിച്ചേര്‍ത്തു.



source https://www.sirajlive.com/babri-masjid-out-of-ncert-textbook.html

Post a Comment

Previous Post Next Post