ദുരിതം നിറഞ്ഞതാണ് ഇന്നത്തെ ട്രെയിന്‍ യാത്രകള്‍. വിശേഷിച്ചും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് യാത്രകള്‍. സൂചി കുത്താനിടമില്ലാത്ത വിധം യാത്രക്കാരെ കുത്തിനിറച്ചാണ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, ട്രെയിനുകള്‍ പരിമിതമായ കേരളം പോലുള്ള പ്രദേശങ്ങളില്‍ വിശേഷിച്ചും റെയില്‍വേ സര്‍വീസ് നടത്തുന്നത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ യാത്രക്കാര്‍ റിസര്‍വേഷന്‍ കോച്ചുകളില്‍ കയറുന്നതായും ഇത് റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷന്‍ അധികൃതര്‍ വെളിപ്പെടുത്തി.
സാധാരണ യാത്രക്കാര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍, റെയില്‍വേയുടെ പരാതി പരിഹാര വിഭാഗമായ “റെയില്‍വേ മദദി’ലേക്ക്, വന്‍തോതില്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. റെയില്‍വേ പ്രൊട്ടക്്ഷന്‍ ഫോഴ്‌സും കമേഴ്‌സ്യല്‍ വിഭാഗവും ചേര്‍ന്ന് പരിശോധന നടത്തിയാണ് പരാതികള്‍ പരിഹരിക്കുന്നത്. സ്ലീപറിലും എ സിയിലും കയറി യാത്ര ചെയ്യുന്ന സാധാരണ ടിക്കറ്റുകാരെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റും. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ അമിത തിരക്കുണ്ടെങ്കില്‍, പിന്നാലെ വരുന്ന ട്രെയിനില്‍ കയറ്റിവിടും. ഇത് പലപ്പോഴും യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും തമ്മിലുള്ള വഴക്കിന് ഇടയാക്കുന്നു. റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനെക്കുറിച്ച് ചോദ്യം ചെയ്ത ടി ടി ഇയെ ഇതര സംസ്ഥാനക്കാരനായ യാത്രക്കാരന്‍ ട്രെയിനിനു പുറത്തേക്ക് തള്ളിയിട്ടു കൊന്നത് അടുത്തിടെയാണ്. കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാത്തതും ജനറല്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതുമാണ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്ക് വര്‍ധനക്കു കാരണം. കൊവിഡിനു മുമ്പ് രാജ്യത്ത് 12,000 ട്രെയിനുകള്‍ ഓടിയിരുന്നെങ്കിൽ കൊവിഡാനന്തരം പതിനായിരത്തില്‍പരം ട്രെയിനുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂവെന്ന് റെയില്‍വേ മന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
ട്രെയിനിലെ വന്‍തിരക്ക് പലപ്പോഴും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നു. ബോഗിക്കുള്ളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ട്രെയിനിന്റെ ഡോറില്‍ തൂങ്ങി യാത്ര ചെയ്യുന്നതും പിടിവിട്ട് യാത്രക്കാര്‍ മരണപ്പെടുന്നതും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ജൂണ്‍ ഏഴിന് കൊല്‍ക്കത്ത-സീല്‍ദാ ട്രെയിൻ ടിറ്റാഗഡ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തിരക്കു കാരണം ഒരു യാത്രക്കാരന്‍ വീണു മരിക്കുകയും ഇത് വന്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 30ന് മുംബൈക്കു സമീപം ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് നാല്‍പ്പത്തൊമ്പതുകാരനായ രാഹുല്‍ പുരുഷോത്തവും ഏപ്രില്‍ 29ന് മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് ഇരുപത്തിയാറുകാരിയായ റിയ രാജ്‌ഗോറും മരണപ്പെട്ടു. കഴിഞ്ഞ നവംബറില്‍ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും പലര്‍ക്കും പരുക്കേല്‍ക്കുകയുമുണ്ടായി. തിരക്കു കാരണം ഡോറിലൂടെ കയറാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബിഹാറില്‍ ഒരു സ്ത്രീ സാഹസപ്പെട്ട് ട്രെയിനിലെ ജനല്‍ വഴി കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സമീപ കാലത്തായി ട്രെയിന്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. റെയില്‍വേ പുറത്തുവിട്ട കണക്കനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ 21 വരെയായി 41.6 കോടി പേരാണ് ട്രെയിന്‍ വഴി യാത്ര ചെയ്തത്. ഏപ്രില്‍ 20, 21 തീയതികളില്‍ മാത്രം 3.38 കോടി പേര്‍ യാത്ര ചെയ്തു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. 2013ല്‍ സമാന കാലയളവില്‍ 37 കോടി പേരും കൊവിഡിനു മുമ്പ് 2019ല്‍ 35 കോടി പേരുമാണ് യാത്ര ചെയ്തത്.
യാത്രക്കാരുടെ വര്‍ധന റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ധന വരുത്തുന്നുണ്ടെങ്കിലും അതിനനുസരിച്ച് യാത്ര സുഖകരവും സുരക്ഷിതവുമാക്കാനുള്ള നടപടികള്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മാത്രമല്ല ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ജനറല്‍ ക്ലാസ്സ് ട്രെയിനുകള്‍ വെട്ടിക്കുറച്ച് വന്ദേഭാരത് പോലുള്ള ആഡംബര ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കുന്ന നിലപാടാണ് റെയില്‍വേ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സുസ്ഥിര നടപടികള്‍
കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്‍പ്പെടെ ജനപ്രതിനിധികള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് നിരന്തരം കത്തയച്ചിരുന്നുവെങ്കിലും അനുകൂല നടപടികളുണ്ടായില്ല.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 800 പുതിയ ട്രെയിനുകള്‍ ഇറക്കാന്‍ തീരുമാനിച്ചതായി 2023 ഡിസംബറില്‍ റെയില്‍വേ മന്ത്രി പ്രസ്താവിച്ചിരുന്നു. പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ചെലവ് വരും. ട്രിപ്പുകളുടെ എണ്ണവും ട്രെയിനുകളുടെ ലഭ്യതയും വര്‍ധിപ്പിക്കാനും വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനുമാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കാന്‍ ട്രിപ്പുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധന ആവശ്യമാണ്. ആറ് മാസം പിന്നിട്ടെങ്കിലും മന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ നടത്തിപ്പിന് തുടര്‍ നടപടികളുണ്ടായില്ല. ട്രെയിനുകളിലെ തിരക്കിനും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് യാത്രക്കാര്‍ റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന പ്രവണതക്കും പരിഹാരം കാണുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ച മുമ്പ് റെയില്‍വേ മന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. തിരക്കേറിയ റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യത്തിലും തുടര്‍ നടപടികളുണ്ടായില്ല. പ്രഖ്യാപനമല്ല ആവശ്യം; അവ പ്രായോഗികവത്കരിക്കുന്നതിനുള്ള ഉത്തരവാദിത്വ ബോധവും നടപടികളുമാണ്.
source https://www.sirajlive.com/a-miserable-train-journey.html
Post a Comment