കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

മലപ്പുറം | കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ തുവ്വൂര്‍ വില്ലേജ് ഓഫീസറായ കെ സുനില്‍ രാജനെയാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടിയത്. പട്ടയം ലഭിക്കുന്നതിനുള്ള റിപോര്‍ട്ട് നല്‍കുന്നതിനാണ് സുനില്‍ രാജന്‍ കൈക്കൂലി ചോദിച്ചു വാങ്ങിയത്.

തുവ്വൂര്‍ വില്ലേജിലെ നീലാഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ 35 സെന്റ് ഭൂമി പട്ടയം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വില്‍ക്കാനാകാതെ വന്നിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി പരാതിക്കാരി കഴിഞ്ഞ വര്‍ഷം നവംബറില്‍ അപേക്ഷ സമര്‍പ്പിച്ചു. പല തവണ വില്ലേജ് ഓഫീസറെ കണ്ടപ്പോഴും പല കാരണങ്ങള്‍ മടക്കിയയച്ചു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് 50,000 രൂപ കൈക്കൂലിയായി തന്നാല്‍ പട്ടയം സംബന്ധിച്ചുള്ള പ്രശ്നം പരിഹരിക്കുന്നതിലേക്ക് റിപോര്‍ട്ട് നല്‍കാമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇന്ന് വീണ്ടും വില്ലേജ് ഓഫീസില്‍ എത്തി സംസാരിച്ചതിനെ തുടര്‍ന്ന് കൈക്കൂലി 20,000 രൂപയാക്കി കുറച്ചു നല്‍കുകയും കൈക്കൂലി തുകയുമായി എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ഈ വിവരം വിജിലന്‍സ് വടക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി. ഫിറോസ് എം ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയ കെണിയില്‍ വില്ലേജ് ഓഫീസര്‍ കുടുങ്ങുകയുമായിരുന്നു.

പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍മാരായ ശശീന്ദ്രന്‍ മേലയില്‍, ജോത്യീന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീനിവാസന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ മോഹനകൃഷ്ണന്‍, മധുസൂദനന്‍, രത്നകുമാരി എന്നിവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ഫ്രീ നമ്പരായ 1064 എന്നതിലോ 8592900900 എന്നതിലോ വാട്സ് ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ്കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 



source https://www.sirajlive.com/bribery-village-officer-arrested.html

Post a Comment

أحدث أقدم