നൂറുദിന കർമ പരിപാടികൾക്ക് തുടക്കം; 1,070 പദ്ധതികൾ, 2.59 ലക്ഷം തൊഴിലവസരം

തിരുവനന്തപുരം | രണ്ടാം പിണറായി സർക്കാറിന്റെ നാലാം നൂറുദിന കർമ പരിപാടികൾക്ക് തുടക്കം. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് കർമ പരിപാടി ഊർജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഒക്ടോബർ 22 വരെയാണ് നൂറുദിന കർമ പരിപാടികൾ നടത്തുന്നത്.
നൂറ് ദിവസം കൊണ്ട് 47 വകുപ്പുകളിലായി 13,013.40 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാകും. 1,070 പദ്ധതികളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.

364 പദ്ധതികളുടെ നിർമാണ ഉദ്ഘാടനമോ പ്രഖ്യാപനമോ നടക്കും. നൂറ് ദിവസം കൊണ്ട് 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
761.93 കോടി ചെലവിൽ നിർമിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11 കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒമ്പത് പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും.
437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവ് വരുന്ന ഒമ്പത് പാലങ്ങൾ എന്നിവയുടെ നിർമാണ ഉദ്ഘാടനവും നടക്കും.

പ്രധാന പദ്ധതികൾ
എല്ലാ ജില്ലകളിലുമായി മുപ്പതിനായിരം പട്ടയങ്ങൾ കൂടി വിതരണം ചെയ്യും.
37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ ഉദ്ഘാടനവും.

പുതുതായി 456 റേഷൻ കടകൾ കൂടി കെ- സ്റ്റോറുകളായി നവീകരിച്ച് ആയിരം കെ സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും.
അർബുദ ചികിത്സക്കുള്ള മരുന്നുകൾ, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ മുതലായ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി വഴി രോഗികൾക്ക് നൽകുന്ന പദ്ധതി ആരംഭിക്കും.
ലൈഫ് മിഷനിലൂടെ പുതിയ പതിനായിരം വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും.
അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ടൂറിസം ഹബ്ബായി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് – ധർമടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എം പി ഐ ഫ്രാഞ്ചൈസി ഔട്‌ലെറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും.
പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളും പുരോഗതിയും പ്രത്യേകം തയാറാക്കിയ വെബ്സൈറ്റിൽ (https://ift.tt/4wvVBoa) ലഭ്യമാണ്.



source https://www.sirajlive.com/start-of-hundred-day-karma-program-1070-projects-2-59-lakh-employment-opportunities.html

Post a Comment

Previous Post Next Post