മൊബൈല്‍ സിംകാര്‍ഡ് തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം | മൊബൈല്‍ സിംകാര്‍ഡ് തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊണ്ടോട്ടി മായക്കര സ്വദേശി അബ്ദുല്‍ ഷമീറിനെയാണ് ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് 1500ഓളം സിംകാര്‍ഡുകള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ പേരിലുള്ള മൂന്നും നാലും സിമ്മുകള്‍ ഉള്‍പ്പെടുന്നു. സിം എടുക്കാന്‍ വരുന്നവര്‍ അറിയാതെ വേറെയും സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

പിടിയിലായ അബ്ദുല്‍ ഷമീല്‍ സിം കാര്‍ഡ് സെയില്‍സ്മാനാണ്. 2023 നവംബറില്‍ മലപ്പുറം ജില്ലയില്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ ഒന്നിച്ച് ആക്ടീവ് ആവുകയും പിന്നീട് ഒരുമിച്ച് ഡീആക്റ്റീവായി മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്തരത്തില്‍ 180 ഓളം ബി എസ് എന്‍ എല്‍ സിംകാര്‍ഡുകള്‍ ഒന്നിച്ച് മറ്റു സേവന ദാതാക്കളിലേക്ക് മാറിയെന്നും തെളിഞ്ഞത്.

എന്നാല്‍ ഈ കാര്‍ഡുകള്‍ ഉടമസ്ഥര്‍ അറിയാതെ എടുത്തവയാണ്.ഇത്തരത്തില്‍ കൈക്കലാക്കുന്ന സിം കാര്‍ഡുകള്‍ ഉടമസ്ഥര്‍ അറിയാതെ യൂണിഖ് പോര്‍ട്ടിങ് കോഡ് ശേഖരിച്ച് വില്പന നടത്തുകയാണ് പതിവ്. പിടിയിലായ അബ്ദുല്‍ ഷമീറിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 1500 ഓളം സിം കാര്‍ഡുകള്‍ വിവിധ കമ്പനികളുടേതാണ്. 1000ല്‍ പരം സിം കാര്‍ഡ് കവറുകളും 1,72,000 രൂപയും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 



source https://www.sirajlive.com/one-arrested-in-mobile-sim-card-fraud-case.html

Post a Comment

Previous Post Next Post