ഗസ്സ | ഒമ്പത് മാസത്തെ ഗസ്സ അധിനിവേശത്തിലെ അവസാന ഘട്ടമെന്ന് ഇസ്‌റാഈൽ അവകാശപ്പെടുന്ന മാരകമായ ആക്രമണത്തിൽ തെക്കൻ ഗസ്സാ മുനമ്പിൽ നിന്ന് കൂട്ടപ്പലായനം. കുടിയിറക്കപ്പെട്ടവർ അഭയം തേടിയിരുന്ന ഖാൻ യൂനുസിലെ താത്കാലിക കൂടാരത്തിൽ നിന്നും യൂറോപ്യൻ ഹോസ്പിറ്റലിലെ താത്കാലിക കേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിന് ഫലസ്തീനികളെ സൈന്യം നിർബന്ധിച്ച് ഒഴിപ്പിച്ചു. കിഴക്കൻ ഖാൻ യൂനുസിലെ ഗ്രാമവാസികളോട് താമസയിടങ്ങൾ വിട്ടുപോകാൻ തിങ്കളാഴ്ച സൈന്യം ഉത്തരവിട്ടിരുന്നു. ഒറ്റ രാത്രി കൊണ്ട് ആയിരക്കണക്കിനാളുകളാണ് വീടുകൾ വിട്ടൊഴിഞ്ഞത്.
ഇനി തങ്ങൾ എവിടെപ്പോകുമെന്ന് 55കാരനായ കച്ചവടക്കാരൻ തമർ പറഞ്ഞു. ഒക്‌ടോബർ ഏഴ് മുതൽ ആറാം തവണയാണ് തമറും കുടുംബവും താമസസ്ഥലങ്ങൾ വിട്ടോടുന്നത്.
ഗസ്സാ മുനമ്പിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 19 ലക്ഷമാണെന്ന് ഗസ്സയിലെ യു എൻ ഹ്യൂമാനിറ്റേറിയൻ കോ-ഓർഡിനേറ്റർ സിഗ്‌രിദ് കാഗ് പറഞ്ഞു.
ഖാൻ യൂനുസിലുള്ളവരോട് ദാർ അൽ ബലാഹ് വരെ നീണ്ടുകിടക്കുന്ന വടക്കൻ മേഖലയായ അൽ മവാസിയിലേക്ക് പോകാനാണ് സൈന്യം അറിയിച്ചത്. ഇവിടം ‘മാനുഷിക അഭയ മേഖല’യാണെന്ന് ഇസ്‌റാഈൽ പറയുമ്പോഴും അൽ മവാസിക്കു നേരെയും ഷെൽ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം 21ന് അൽ മവാസിയിൽ നടത്തിയ ആക്രമണത്തിൽ 25 പേരും മെയ് 18ന് നടത്തിയ മറ്റൊരാക്രമണത്തിൽ 21 പേരും കൊല്ലപ്പെട്ടിരുന്നു.
ഗസ്സയിലെ ശുജയയിൽ ശക്തമായ ബോംബ് ആക്രമണമാണ് തുടരുന്നത്. എട്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഗസ്സയുടെ സമീപ നഗരമായ സൈതൂനിൽ ഇസ്‌റാഈൽ ടാങ്ക് ആക്രമണത്തിൽ 17 പേരും കൊല്ലപ്പെട്ടു.
ഹമാസിനെതിരായ പോരാട്ടത്തിന്റെ തീവ്രഘട്ടം അവസാനിക്കാറായെന്നും വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ ലക്ഷ്യം വെക്കുമെന്നും സൈന്യം അറിയിച്ചു.
source https://www.sirajlive.com/non-stop-flight-thousands-left-khan-yunus-overnight.html
إرسال تعليق