ഗസ്സ വംശഹത്യ; ഖാൻ യൂനുസിലേക്ക് മടങ്ങി ഫലസ്തീനികൾ

ഗസ്സാ മുനന്പ് | ഒരാഴ്ച നീണ്ടുനിന്ന ആക്രമണത്തിനു ശേഷം ഇസ്റാഈൽ സേന പിൻവാങ്ങിയ ഖാൻ യൂനുസിലേക്ക് മടങ്ങിയെത്തി ഫലസ്തീനികൾ. കിഴക്കൻ മേഖലയിലെ ആക്രമണത്തിൽ 255 ഫലസ്തീനികൾ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗസ്സ മാധ്യമ ഓഫീസ് റിപോർട്ട് ചെയ്തു. 30 പേരെ കാണാതായി. 300ലധികം വീടുകൾ വെടിവെപ്പിൽ തകർന്നു. ബാനി സുഹൈലയിലെ പ്രധാന ഖബറിടവും സമീപത്തെ വീടുകളും റോഡുകളും സൈന്യം നിലംപരിശാക്കിയെന്ന് സാക്ഷികൾ പറഞ്ഞു.
‘ഞാൻ തിരിച്ചുവന്നു, എനിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ട്. നമ്മൾ ജീവിക്കുമോ മരിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇതെല്ലാം മാതൃരാജ്യത്തിന് വേണ്ടിയാണ്,’ കുറഞ്ഞത് അഞ്ച് കിലോമീറ്ററെങ്കിലും നടന്നു വന്ന ഇത്തിമാദ് അൽ-മസ്‌രി പറഞ്ഞു. ‘കഷ്ടതകൾക്കിടയിലും ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുന്നു, ദൈവം ഇച്ഛിച്ചാൽ നമ്മൾ വിജയിക്കുമെന്നും അവർ പറഞ്ഞു.
ഇതിനിടെ വീടുകളിൽ നിന്ന് നിരവധി തവണ പലായനം ചെയ്തതായും വീണ്ടും തിരിച്ചു വന്നതായും വാലിദ് അബു അൻസൈറ പറഞ്ഞു. ‘വെടിനിർത്തലും ശാന്തതയും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവർ വെടിനിർത്തലിനായി പരിശ്രമിക്കുമെന്ന് ഞങ്ങൾ കരുതുന്നു, തുടർന്ന് ഞങ്ങൾക്ക് സുരക്ഷിതത്വത്തോടെ ജീവിക്കാൻ കഴിയും- വീട്ടിലേക്ക് മടങ്ങുമ്പോൾ വാലിദ് അബു അൻസൈറ പറഞ്ഞു.
പ്രദേശത്ത് ഹമാസ് വീണ്ടും നുഴഞ്ഞുകയറുന്നതിന് തടയിടാനായിരുന്നു അധിനിവേശ സേന പ്രദേശം വളഞ്ഞത്. ഒരാഴ്ച നീണ്ടുനിന്ന ഓപറേഷനിൽ 150ലധികം ഫലസ്തീൻ തോക്കുധാരികളെ വധിക്കുകയും തീവ്രവാദ തുരങ്കങ്ങൾ നശിപ്പിക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. അതേസമയം, മധ്യ ഗസ്സാ മുനമ്പിലെ അൽ-ബുറൈജിൽ ആക്രമണത്തിന് മുന്നോടിയായി ആയിരക്കണക്കിന് ആളുകളോട് വീടുകൾ ഒഴിയാൻ ഇസ്റാഈൽ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ ബുറൈജിൽ നിന്ന് പലായനം ചെയ്ത പത്ത് ഫലസ്തീനികൾ അൽ-നുസ്വീറാത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും ബുറൈജിനുള്ളിൽ നടന്ന മറ്റൊരു ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഒക്‌ടോബർ ഏഴിനു ശേഷം ഇസ്‌റാഈൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39,400 ആയി. 90,996 പേർക്ക് പരുക്കേറ്റു.
സംഘർഷം ആരംഭിച്ച് പത്ത് മാസമായെങ്കിലും മധ്യസ്ഥർ മുഖേനയുള്ള വെടിനിർത്തൽ ചർച്ചകൾ പല തവണ പാതിവഴിയിൽ മുടങ്ങിയതായും പുരോഗതിയില്ലെന്നും ഇസ്റാഈലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഹമാസിനെ പരാജയപ്പെടുത്തിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നാണ് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.



source https://www.sirajlive.com/gaza-genocide-the-palestinians-returned-to-khan-yunus.html

Post a Comment

أحدث أقدم