മണ്ണടിഞ്ഞ അമ്മയെ തിരിച്ചറിയാന്‍ മകള്‍ തന്നെ വേണ്ടിവന്നു

നിലമ്പൂര്‍ | അമ്മ ചിന്നയെ ഉരുല്‍പൊട്ടല്‍ എടുത്തുപോയതായി കേട്ടാണ് പെരിന്തല്‍മണ്ണയില്‍ താമസിക്കുന്ന പ്രസന്നയും മക്കളും മറ്റു ബന്ധുക്കളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്്. പ്രസന്നക്ക് മണ്ണടിഞ്ഞ അമ്മയുടെ ദേഹം കാണാന്‍ കരുത്തില്ലായിരുന്നു.

ബന്ധുക്കള്‍ മൃതദേഹം നോക്കിയെങ്കിലും അവര്‍ക്ക് ഉറപ്പ് പറയാനായില്ല. വെള്ളത്തില്‍ കിടന്ന് ജീര്‍ണ്ണിക്കുകയും വണ്ണം വെക്കുകയും ചെയ്ത മൃതദേഹം പെട്ടന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു. ബന്ധുക്കള്‍ക്ക് ഉറപ്പ് പറയാനാകാതെ വന്നതോടെയാണ് മകള്‍ പ്രസന്ന നേരിട്ട് വന്ന് കണ്ടത്. അമ്മയാണെന്ന് ഉറപ്പായതോടെ പ്രസന്നയുടെ മനസ്സും നിയന്ത്രണം വിട്ടു.

മരിച്ച ചൂരല്‍മല മുരളീഭവനിലെ ചിന്ന വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. അല്‍പ്പം മാറി സഹോദരി ചന്ദ്രികയുടെ വീട്ടിലായിരുന്നു തിങ്കളാഴ്ച പകല്‍ മുഴുവന്‍. തുടര്‍ന്ന് വൈകുന്നേരത്തോടെ സ്വന്തം വീട്ടിലെത്തി വിളക്ക് വെച്ച് സമീപത്തുള്ള സഹോദരന്റെ വീട്ടില്‍ കിടക്കാനായി പോയതായിരുന്നു. കുടുംബത്തിലെ മൂന്നുപേര്‍ക്കൊപ്പം ദുരന്തം അവരേയും എടുത്തു. ചിന്നയുടെ മൃതദേഹം മുണ്ടേരിയില്‍ ചാലിയാറില്‍ നിന്നാണ് ചൊവ്വാഴ്ച കണ്ടെടുത്തത്.

ഇവര്‍ തൊഴിലുറപ്പ് തൊഴിലാളിയാണ്. മകള്‍ പ്രസന്നയെ പെരിന്തല്‍മണ്ണയിലേക്ക് വിവാഹം ചെയ്തയച്ചതാണ്. ചിന്നയുടെ സഹോദരന്‍ ദാമോദരന്‍, ഭാര്യ അമ്മാളു, മകന്‍ ഹരിദാസന്‍ എന്നിവരും ഉരുള്‍പൊട്ടില്‍ അകപെട്ടിട്ടുണ്ട്. ഇതില്‍ ദാമോദരന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

 

 

 



source https://www.sirajlive.com/it-took-the-daughter-herself-to-recognize-her-downtrodden-mother.html

Post a Comment

Previous Post Next Post