ലക്‌നോ | കൻവാർ യാത്ര കടന്നുപോകുന്ന വഴികളിൽ മുസ്‌ലിംകൾക്കെതിരെയുള്ള അക്രമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ റോഡുകളിൽ വീണ്ടും നിയന്ത്രണം. ഉത്തർ പ്രദേശിൽ ഗാസിയാബാദിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം വർധിപ്പിച്ചു. തങ്ങളെ ഇടിച്ചിട്ടെന്ന് ആരോപിച്ച് യു പിയിലെ മുറാദ്‌നഗറിൽ കൻവാർ തീർഥാടകർ വാഹനം തകർത്ത സംഭവത്തെ തുടർന്നാണ് നടപടി.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിന് പുറമെ യു പിയിലെ മറ്റ് ജില്ലകളിലും സുരക്ഷ ശക്തമാക്കിയതായി പോലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു. നിലവിൽ മോദിനഗറിലെ കദ്രാബാദ് ഗ്രാമത്തിൽ നിന്ന് മീറ്റ് റോഡ് ട്രൈസെക്്ഷൻ, മോഹൻ നഗർ, ലോണി റോഡ്, ലിങ്ക് റോഡ് ഉൾപ്പെടെയുള്ള യു പി- ഡൽഹി അതിർത്തിയിലേക്കുള്ള ഗാസിയാബാദ് ജില്ലയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിണ്ട്.
ഗാസിയാബാദിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
അക്രമികളെ കൈകാര്യം ചെയ്യുന്നതിന് പകരം അവർക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് പോലീസും ഭരണകൂടവും ചെയ്യുന്നതെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ആചാരങ്ങൾ സംരക്ഷിക്കുന്നതിനും നിയമം പരിപാലിക്കുന്നതിനും സർക്കാർ ഒരു സന്തുലിത മാർഗം കണ്ടെത്തണമെന്നും സമൂഹ മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
അതേസമയം യു പിയിലെ മുസഫർനഗർ, സഹാറൻപൂർ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ മുസ്‌ലിംകൾക്ക് നേരെയുള്ള ആക്രമണത്തിൽ ഭീതി വർധിച്ചിട്ടുണ്ട്.
അതിനിടെ, ഉത്തർ പ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിവേചനങ്ങളിൽ സുപ്രീം കോടതി ശക്തമായ താക്കീത് നൽകിയിരുന്നു. യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ ഭക്ഷണശാലകളുടെ പുറത്ത് ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി അടുത്ത മാസം അഞ്ചിലേക്ക് നീട്ടിയതിനെ മുസ്‌ലിം വ്യാപാരികൾ സ്വാഗതം ചെയ്തു.
ഉത്തർ പ്രദേശിലെ മുസഫർനഗർ ജില്ലയിലെ കൻവാർ യാത്രാ വഴിയിലുള്ള ഭക്ഷണശാലകളിലെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട് പോലീസ് നിർദേശം നൽകിയിരുന്നു.
source https://www.sirajlive.com/kanwar-yatra-widespread-protests-against-attacks-on-muslims.html
Post a Comment