നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പ്രതിഷേധം അവസാനിപ്പിച്ചു

തിരുവനന്തപുരം| നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ആശുപത്രിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സാമ്പത്തിക സഹായം, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാമെന്ന് എഡിഎം അറിയിച്ചു.

ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. യുവതിയെ ചികിത്സിച്ച കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം, ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണം, കുട്ടിയുടെ പഠന ചെലവ് ഉള്‍പ്പടെ ഉറപ്പ് വരുത്തണം എന്നിവയാണ് കുടുംബത്തിന്റെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം പോര രേഖാമൂലം എഴുതി നല്‍കണം. എന്നാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് ബന്ധുക്കളുടെ നിലപാട്. സംഭവസ്ഥലത്ത് എത്തിയ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി പ്രേം ജിയുമായി ചര്‍ച്ച പുരോഗമിക്കുന്നു.

കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി ഇന്നലെ രാവിലെയോടെയാണ് മരിച്ചത്. കിഡ്നി സ്റ്റോണ്‍ ചികിത്സക്കൈത്തിയ യുവതിക്ക് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെയ്‌പ്പെടുത്തിരുന്നു. തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു.

യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ബിനുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

 

 



source https://www.sirajlive.com/an-incident-where-a-woman-died-after-an-injection-at-neyyatinkara-taluk-hospital-the-protest-ended.html

Post a Comment

Previous Post Next Post