സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി സി എ ജി; മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ പരാജയം

തിരുവനന്തപുരം | സംസ്ഥാനത്ത് വനാതിർത്തിയിലെ മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി) കണ്ടെത്തൽ. വനം വകുപ്പിനെതിരെ രൂക്ഷവിമർശങ്ങളാണ് സി എ ജി റിപോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്.
വനം, വനേതര ഭൂമി വേർതിരിക്കുന്നതിലും വനമേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും ആനത്താരകൾ സംരക്ഷിക്കുന്നതിലും സർക്കാർ പൂർണ പരാജയമാണ്. മൃഗങ്ങൾക്ക് വെള്ളവും ആഹാരവും ഉൾക്കാട്ടിൽ ഉറപ്പുവരുത്താൻ വനം വകുപ്പിന് കഴിഞ്ഞില്ല. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാത്തത് കൊണ്ടാണ് വന്യജീവികൾ നാട്ടിലിറങ്ങിയതെന്നും ഇതാണ് മനുഷ്യ-മൃഗ സംഘർഷത്തിലേക്ക് നയിച്ചതെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

വന്യജീവി സെൻസസ് കൃത്യമായി നടപ്പാക്കിയില്ല. കെ എസ് ഇ ബി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് വിട്ടുനൽകി. വനമേഖലയിലെ കൈയേറ്റങ്ങൾ യഥാസമയം ഒഴിപ്പിക്കുന്നതിൽ വനം വകുപ്പിന് ഗുരുതര പിഴവാണ് സംഭവിച്ചത്.
കൈയേറ്റം തടയാതിരുന്നത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കി. മാത്രമല്ല, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിനും കാരണമായി. ഇതുമൂലം വയനാട്ടിലെ വന വിസ്തൃതി കുറഞ്ഞു. വയനാട്ടിൽ 1950ൽ 1,811.35 സ്‌ക്വയർ കിലോമീറ്റർ വനം ഉണ്ടായിരുന്നു. ഇത് 2021ൽ 863.86 സ്‌ക്വയർ കിലോമീറ്റർ ആയി കുറഞ്ഞു. ആകെ 947.49 സ്‌ക്വയർ കിലോമീറ്റർ വന വിസ്തൃതിയാണ് കുറഞ്ഞത്. തോട്ടങ്ങൾക്കും കൃഷിക്കുമായി വനഭൂമി ഏറ്റെടുത്തതോടെയാണ് വിസ്തൃതി കുറഞ്ഞത്. നിർമാണ പ്രവർത്തനങ്ങളും മനുഷ്യന്റെ കടന്നുകയറ്റവുമാണ് വനത്തിലെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചത്.

സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ 2017 മുതൽ 2021 വരെ 29,798 കേസുകൾ റിപോർട്ട് ചെയ്തു. വന്യജീവി ആക്രമണത്തിൽ 445 പേരുടെ ജീവൻ നഷ്ടമായി. വയനാട്ടിൽ മാത്രം ഇത് 6,161 കേസുകളാണ്. മുഴുവൻ കേസുകളിൽ 12.48 ശതമാനം കേസുകളും വയനാട്ടിൽ നിന്നാണ്. ആനത്താരകളുടെ നിർമാണം മന്ദഗതിയിലാണ്. ഒമ്പത് ആനത്താരകളിൽ പൂർത്തിയായത് ഒന്ന് മാത്രമാണ്.

തിരുനെല്ലി കുദ്രകോട്ട് ആനത്താര പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. മൂന്നിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. മറ്റിടങ്ങളിൽ പ്രാഥമിക നടപടികൾ പോലും ആയിട്ടില്ല. ഇതിന് പഠനം മാത്രം നടക്കുകയാണെന്നും റിപോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ 63 പൊതുമേഖലലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്നും 55 പൊതുമേഖല സ്ഥാപനങ്ങൾ ലാഭം നേടിയെന്നും റിപോർട്ടിൽ പരാമർശിക്കുന്നുണ്ട്.



source https://www.sirajlive.com/cag-strongly-criticized-the-government-failure-to-prevent-human-animal-conflict.html

Post a Comment

أحدث أقدم