ശക്തിയാര്‍ജിക്കുന്ന മുസ്‌ലിം വിരുദ്ധത

രാജ്യത്ത് മുസ്‌ലിംകള്‍ക്കും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കുമെതിരായ സംഘ്പരിവാര്‍ ആക്രമണം പൂര്‍വോപരി വര്‍ധിച്ചു വരികയാണ്. രണ്ട് ദിവസം മുമ്പാണ് ബി ജെ പി ഭരണത്തിലുള്ള മഹാരാഷ്ട്രയിലെ കോലാലംപൂര്‍ ഗജാപൂര്‍ ഗ്രാമത്തിലെ മസ്ജിദിനു നേരെ ആക്രമണം നടന്നത്. കാവിഷാള്‍ ധരിച്ച് ജയ്ശ്രീറാം വിളിയുമായെത്തിയ ഹിന്ദുത്വ ഫാസിസ്റ്റ് സംഘം ബാബരി മസ്ജിദ് ധ്വംസനത്തെ അനുസ്മരിപ്പിക്കുന്ന വിധം മസ്ജിദിനു മുകളില്‍ കയറി കോടാലി, ചുറ്റിക തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് പള്ളി തകര്‍ക്കുകയായിരുന്നു. ഖുര്‍ആന്റെ കോപ്പികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അക്രമി സംഘം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

പിന്നാലെ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ തിരിഞ്ഞു അക്രമികള്‍. അയ്യായിരത്തിലധികം മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷമാണ് തകര്‍ത്തത്. ജീവഹാനി ഭയന്ന് വീടുകളിലെ താമസക്കാര്‍ ഇറങ്ങിയോടി വനങ്ങളില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. ഹിന്ദുത്വര്‍ മണിക്കൂറുകളോളം താണ്ഡവമാടിയിട്ടും പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.

നാല് ദിവസം മുമ്പാണ് ബി ജെ പി ഭരണത്തിലുള്ള അസമിലെ മെറിഗാവ് ജില്ലയിലെ സില്‍ബംഗ ഗ്രാമത്തില്‍ അധികൃതര്‍ ആയിരക്കണക്കിന് മുസ്‌ലിം വീടുകളും മദ്‌റസയും പൊളിച്ചു നീക്കിയത്. റെയില്‍വേ ഭൂമി അനധികൃതമായി കൈയേറിയാണ് വീടുകള്‍ നിര്‍മിച്ചതെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഇതേസ്ഥലത്ത് താമസിക്കുന്ന ഇതര മതസ്ഥരുടെ ഒരൊറ്റ വീടും അധികൃതര്‍ തൊട്ടില്ല. പൊളിച്ചു മാറ്റിയ മുസ്‌ലിം വീടുകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും ഹിന്ദുത്വര്‍ നടത്തുന്ന സ്‌കൂളുമെല്ലാം സുരക്ഷിതമായി നിലനില്‍ക്കുന്നു.

പൊളിച്ചു നീക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഗുവാഹത്തി കോടതി ഉത്തരവിട്ടിരുന്നെങ്കിലും അത് അവഗണിച്ചായിരുന്നു വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഈ ഭരണകൂട ഭീകരത. അസമില്‍ കനത്തെ മഴ തുടര്‍ന്നു കൊണ്ടിരിക്കെ വീട് നഷ്ടപ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കാനിടമില്ലാതെ കടുത്ത ദുരിതത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ചെയ്യാത്തതിന് ഹിമന്ത ബിശ്വ സര്‍ക്കാറിന്റെ പ്രതികാര നടപടിയാണിതെന്നാണ് കോണ്‍ഗ്രസ്സ് എം പി പ്രദ്യുത് ബൊര്‍ദൊലോയിയുടെ പ്രതികരണം.

രാജ്യത്ത് സംഘ്പരിവാര്‍ ആധിപത്യമുള്ളയിടങ്ങളില്‍ ബീഫിന്റെ പേരിലും മറ്റും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദിയും അമിത് ഷായും നടത്തിയ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളുടെ പ്രതിഫലനമായാണ് ഈ ആക്രമണങ്ങൾ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് രാജ്യത്ത് നീതിയും സമത്വവും നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഈ നേതാക്കള്‍. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ കടുത്ത വിദ്വേഷ പരമാര്‍ശങ്ങളാണ് അമിത് ഷാ നടത്തിയത്. ഹരിയാനയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലേറിയാല്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കില്ല. ദളിത് വിഭാഗങ്ങളുടെ അവകാശങ്ങളായിരിക്കും സംരക്ഷിക്കുകയെന്നു പറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസ്സ് ദളിത് വിഭാഗത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. രമ്യതയില്‍ കഴിയുന്ന ദളിത്-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ ഷായും ബി ജെ പി നേതാക്കളും ലക്ഷ്യമിടുന്നത്.

അതിനിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ എസ് ഐ) പോലുള്ള സ്ഥാപനങ്ങളും മുസ്‌ലിം വിരുദ്ധ നിലപാടുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പുതിയ ഉദാഹരണമാണ് മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍ മൗല മസ്ജിദ് സമുച്ഛയത്തിലെ എ എസ് ഐ സര്‍വേ റിപോര്‍ട്ട്. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ സര്‍വേയില്‍, മസ്ജിദ് സമുച്ഛയത്തില്‍ നിന്ന് 94 വിഗ്രഹങ്ങള്‍ കണ്ടെടുത്തുവെന്നാണ് എ എസ് ഐ റിപോര്‍ട്ടില്‍ പറയുന്നത്. മസ്ജിദ് സമുച്ഛയത്തില്‍ നിന്ന് നേരത്തേ ഹിന്ദുത്വര്‍ കണ്ടെടുത്തുവെന്നവകാശപ്പെടുന്ന ശിലാ ഉരുപ്പടികളാണ് എ എസ് ഐ “കണ്ടെടുത്ത’ വിഗ്രഹങ്ങള്‍. ഇവ നേരത്തേ സമുച്ഛയത്തിലുണ്ടായിരുന്നില്ലെന്നും സമീപ പ്രദേശത്തെ ഒരു കുടിലില്‍ നിന്ന് ഹിന്ദുത്വര്‍ കൊണ്ടുവെച്ചതാണെന്നും കമാല്‍ വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു. സര്‍വേയില്‍ ഇവ ഉള്‍പ്പെടുത്തരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് മാനിക്കാതെ ഹിന്ദുത്വരുടെ താത്പര്യങ്ങള്‍ക്ക് എ എസ് ഐ ഉദ്യോഗസ്ഥര്‍ വഴങ്ങുകയായിരുന്നുവത്രെ. ബാബരി മസ്ജിദില്‍ 1949ല്‍ ഹിന്ദുത്വര്‍ നടത്തിയ കളിയുടെ ആവര്‍ത്തനമാണ് കമാല്‍ മൗല മസ്ജിദ് സമുച്ഛയത്തില്‍ അരങ്ങേറിയത്.

മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വര്‍ വെച്ചുപുലര്‍ത്തുന്ന കടുത്ത മുസ്‌ലിം വിരുദ്ധതക്കെതിരെ ബി ജെ പിയിലെ തന്നെ ഒരു വിഭാഗം രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. “ചില വികാരജീവികളുടെ ഞരമ്പുരോഗം മാറ്റാന്‍ പറ്റുമെന്നതില്‍ കവിഞ്ഞ്, നാടിനോ ജനതക്കോ ഒരു ഗുണവും ചെയ്യില്ല മുസ്‌ലിം വിരുദ്ധത’യെന്നാണ് ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ കേരള ബി ജെ പി നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സി കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടത്. മുസ്‌ലിം സമുദായം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഒരു സമുദായത്തെയും നമുക്ക് ഒഴിച്ചു നിര്‍ത്താനാകില്ല. ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തിയും സൗന്ദര്യവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി മുന്‍കാല നേതാക്കളിൽ ചിലരും ഈ നിലപാടുകാരായിരുന്നു.

മോദി-ഷാ കൂട്ടുകെട്ടിന്റെ വരവോടെയാണ് ഫാസിസ്റ്റ് ചിന്താഗതി പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ചത്. രാജ്യത്തെ ജനങ്ങളെ ചേരികളാക്കി തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ ശ്രമങ്ങളെ ധീരമായി ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്്.



source https://www.sirajlive.com/growing-anti-muslim-sentiment.html

Post a Comment

أحدث أقدم