ഉരുള്‍പൊട്ടല്‍: വയനാട്ടിൽ ഇന്ന് വിദ​ഗ്ധ സംഘമെത്തും, ദുരന്തമുണ്ടായ സ്ഥലം താമസയോ​ഗ്യമാണോയെന്ന് പരിശോധിക്കും

കല്‍പറ്റ | വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധനക്ക് എത്തുന്നത്.

ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ താമസ യോഗ്യമാണോ എന്ന് അഞ്ചംഗ സംഘം പരിശോധിക്കും.കൂടാതെ ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തും.

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

അതേസമയം ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്നും തുടരും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആര്‍ കേളുവും അറിയിച്ചിരുന്നു.



source https://www.sirajlive.com/landslide-a-team-of-experts-will-arrive-in-wayanad-today-to-check-whether-the-disaster-site-is-habitable.html

Post a Comment

أحدث أقدم