മിന്നുന്നതെല്ലാം പൊന്നല്ല

നിയമപരവും നയപരവുമായ സങ്കീര്‍ണതകള്‍ക്കും ദീര്‍ഘമായ കാത്തിരിപ്പിനും ശേഷം കഴിഞ്ഞ ദിവസം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് ഭാഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടു. മലയാള സിനിമാരംഗത്തെ അതിബീഭത്സമായ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും തീക്ഷ്ണ യാഥാര്‍ഥ്യങ്ങളാണ് വ്യക്തിസ്വകാര്യതകള്‍ സംരക്ഷിച്ചു കൊണ്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിത്രീകരണത്തിനു ശേഷം താമസ സ്ഥലത്തേക്ക് നിര്‍മാതാക്കള്‍ തന്നെ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ സഞ്ചരിക്കവെ കൊച്ചി നഗര മധ്യത്തില്‍ പ്രമുഖ അഭിനേത്രി ശാരീരികമായി ആക്രമിക്കപ്പെട്ട ഹീനമായ സംഭവം പുറത്തു വന്നതിനെ തുടര്‍ന്നാണ് സിനിമാ രംഗത്തെ സ്ത്രീകള്‍ ചേര്‍ന്ന് വിമൻ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു സി സി) എന്ന സംഘടന രൂപവത്കരിച്ചത്. ഈ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. ഇത്തരത്തിലൊരു സ്ത്രീ മുന്നേറ്റം രാജ്യത്തെവിടെയും നടന്നിട്ടില്ല. അക്കാര്യത്തില്‍ കേരളത്തിന് അഭിമാനിക്കാം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐ എ എസ് ഉദ്യോഗസ്ഥയും മുതിര്‍ന്ന സിനിമാ താരവും ഉള്‍പ്പെട്ട കമ്മിറ്റി ദീര്‍ഘ നാളത്തെ പ്രയത്നത്തിനു ശേഷമാണ് റിപോര്‍ട്ട് പൂര്‍ത്തീകരിച്ചത്.

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുണ്ട്. എന്നാല്‍, സിനിമാ രംഗത്തുള്ളത് സവിശേഷമായ അവസ്ഥയാണ്. സുരക്ഷ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ച് അവക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ വിശദീകരിക്കാനാണ് ഹേമ കമ്മിറ്റി ലക്ഷ്യമിട്ടിട്ടുള്ളത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ അതിരൂക്ഷമായ വിവേചനമാണ് നിലനില്‍ക്കുന്നത്. ആണ്‍ താരങ്ങള്‍ക്ക് കോടികള്‍ ലഭിക്കുമ്പോള്‍, നായികയായി അഭിനയിക്കുന്ന നടികള്‍ക്കു പോലും ഏതാനും പതിനായിരങ്ങള്‍ മാത്രം നല്‍കുന്നു. അഭിനയം, ഗാനാലാപനം പോലുള്ളവയിലൊഴിച്ച് സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. ഇതിനേക്കാളെല്ലാം പ്രാധാന്യമുള്ള വിഷയം, സ്ത്രീകളെ ലൈംഗികമായി കടന്നാക്രമിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള കുടിലവും ഹീനവുമായ കുതന്ത്രങ്ങളുടെ ജീര്‍ണമായ പരിസരമായി മലയാള സിനിമ അധഃപതിച്ചിരിക്കുന്നു എന്നതാണ്.

കമ്മിറ്റിയുടെ മുമ്പില്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ നിന്ന് നര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമടക്കമുള്ള പലരെയും തടയാനും പ്രബലര്‍ക്ക് സാധിച്ചു. എന്നാല്‍ അതിനെ മറികടന്ന്, രേഖകളുടെ പിന്‍ബലത്തോടെ കമ്മിറ്റിയുടെ അന്വേഷണത്തിനാവശ്യമായ വാസ്തവങ്ങള്‍ സമര്‍പ്പിച്ചത് പ്രധാനമായും ഡബ്ല്യു സി സി അംഗങ്ങള്‍ തന്നെയാണ്. ഇതിനെ തുടര്‍ന്ന് അവരില്‍ ബഹുഭൂരിപക്ഷം പേരും തൊഴില്‍രഹിതരാക്കപ്പെടുകയും അവസരങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മുമ്പ് തന്നെ മലയാള സിനിമയില്‍ സ്ഥിരമായുണ്ടായിരുന്ന നിരോധനങ്ങളുടെയും ഒഴിവാക്കലുകളുടെയും തുടര്‍ച്ചയായി ഈ പുറത്താക്കല്‍ കൂടിയായപ്പോള്‍, പലരുടെയും ജീവിതം തന്നെ വഴിമുട്ടി.

സ്വന്തം കുടുംബാംഗങ്ങളോട് പോലും പറയാന്‍ കഴിയാതെ പോയ ദുരനുഭവങ്ങളാണ് ഹേമ കമ്മിറ്റിക്കു മുമ്പില്‍ പലരും തുറന്നു പറഞ്ഞത്. എന്തുമാത്രം ഭീഷണികളും സമ്മര്‍ദങ്ങളുമാണ് അവര്‍ക്കു മേലുള്ളത് എന്നതാണിത് സൂചിപ്പിക്കുന്നത്. ഇപ്പോഴും കോടതി നടപടികള്‍ തുടരുന്ന, നടിയെ നഗര മധ്യത്തില്‍ വെച്ച് ആക്രമിച്ച കേസിന്റെയും മറ്റു ചില കേസുകളുടെയും പശ്ചാത്തലങ്ങളും ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

സിനിമയില്‍ അവസരം ലഭിക്കുന്നതിന് മുന്നുപാധിയായി തന്നെ സ്ത്രീകളോട് ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഇത് മറ്റു മേഖലകളില്‍ നിന്ന് വിഭിന്നമായി സിനിമാ മേഖല എത്രമാത്രം പ്രശ്നഭരിതമാണെന്നതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. തൊഴിലെടുക്കുന്നതിനിടയിലും യാത്രയിലും താമസസ്ഥലത്തും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. ലൈംഗികമായി സഹകരിച്ചില്ലെങ്കില്‍ സ്ത്രീകളെ കൂടുതല്‍ അപായപ്പെടുത്തുന്നു.

പ്രാഥമികാവശ്യങ്ങള്‍ക്കും വസ്ത്രം മാറുന്നതിനു പോലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. നിരന്തരമായി ഒഴിവാക്കലിന്റെയും നിരോധനത്തിന്റെയും പുറത്താക്കലിന്റെയും അനുഭവങ്ങളും ഭീഷണിയും തുടരുന്നു. ഫോണിലൂടെയും നേരിട്ടും അശ്ലീല കമന്റുകളും പരിഹാസങ്ങളും നടത്തുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ അമിതമായ ഉപഭോഗവും അഴിഞ്ഞാട്ടവും. എല്ലാതരം കരാറുകളുടെയും ലംഘനങ്ങള്‍, ഉറപ്പിക്കപ്പെട്ട പ്രതിഫലം പോലും കൊടുക്കാതിരിക്കുന്നു, സൈബര്‍ ആക്രമണം, എവിടെയാണ് പരാതിപ്പെടേണ്ടത് എന്നതില്‍ കൃത്യതയില്ലായ്മ തുടങ്ങി ഗൗരവമുള്ളതും അതിരൂക്ഷവുമായ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് സിനിമാ രംഗത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നത് എന്നാണ് കമ്മിറ്റി കണ്ടെത്തിയത്.

സമൂഹത്തിലെ സെലിബ്രിറ്റികളായി കരുതപ്പെടുന്നവരും ബഹുമാനിക്കപ്പെടുന്നവരുമായ പ്രമുഖരായ താരങ്ങളും സംവിധായകരും നിര്‍മാതാക്കളുമടക്കമുള്ളവര്‍ സിനിമാരംഗത്തെ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരാണെന്നും അവര്‍ നേതൃത്വം കൊടുക്കുന്ന “പവര്‍ ഗ്രൂപ്പ്’ സിനിമയെ ആകെ നിയന്ത്രിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്. പ്രമുഖരും താരമൂല്യമുള്ളവരുമായ അഭിനേതാക്കളെയും സംവിധായകരെയും നിരോധിക്കാനും സിനിമയില്‍ നിന്ന് പുറത്താക്കാനും ഈ പവര്‍ ഗ്രൂപ്പ് തുനിഞ്ഞു എന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പല സംഘടനകളും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം, ചില നിക്ഷിപ്ത താത്പര്യക്കാരുടെ ദുരധികാരം പ്രബലപ്പെടുത്തുന്നതിനു വേണ്ടി വഴിവിട്ട് സഞ്ചരിക്കുകയാണെന്നും കണ്ടെത്തപ്പെട്ടു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വിലക്കുന്നതിനോ നിരോധിക്കുന്നതിനോ സത്യത്തില്‍ ഇവര്‍ക്ക് യാതൊരു അവകാശമോ അധികാരമോ ഇല്ല എന്ന് ഹേമ കമ്മിറ്റി വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്.

ഇപ്പോഴത്തെ ചൂഷണങ്ങളും പീഡനങ്ങളും അതിജീവിക്കുന്നതിനും സിനിമാ രംഗത്തെ ശുദ്ധീകരിച്ചെടുക്കുന്നതിനും വേണ്ടി ഹേമ കമ്മിറ്റി തന്നെ നിരവധി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണല്‍ രൂപവത്കരണമടക്കമുള്ള കാര്യങ്ങള്‍ വിശദമായ പരിശോധനക്കു ശേഷം നടപ്പാക്കേണ്ടതാണ്.

സിനിമയുടെ പ്രമേയങ്ങളിലും ആഖ്യാനങ്ങളിലും സ്ഥിരമായി ആവര്‍ത്തിക്കുന്ന സ്ത്രീ വിരുദ്ധതയിലേക്കും കമ്മിറ്റി വിരല്‍ ചൂണ്ടുന്നുണ്ട്. സ്ത്രീയെ കേവലം ലൈംഗിക ഉപകരണമായി പരിഗണിക്കുന്ന കഥകളും സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിസ്സാരമല്ല. ഇത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ തന്നെ അപമാനിക്കുകയും ചെയ്യുന്നു.

കേരളം പല മേഖലയിലും നടത്തിയിട്ടുള്ള മാതൃകാപരമായ മുന്നേറ്റങ്ങളുടെ രീതിയില്‍; സിനിമാ രംഗത്തും തിരുത്തലിന്റെയും സര്‍വരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെയും ചൂഷണരാഹിത്യത്തിന്റെയും പുതിയ ആകാശങ്ങള്‍ നാം ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. നല്ല സിനിമകള്‍, നല്ല സംസ്‌കാരം, നല്ല ബന്ധങ്ങള്‍ എന്നിങ്ങനെ പുതിയ ലോകത്തിനും ആധുനികതക്കും വേണ്ടിയുള്ളതായിരിക്കണം ഇനിയുള്ള കാലത്തെ സിനിമയും സിനിമാ മേഖലയും.



source https://www.sirajlive.com/all-that-glitters-is-not-gold.html

Post a Comment

Previous Post Next Post